കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിവരെ പണിമുടക്ക്

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിവരെ പണിമുടക്ക്

◼️കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിവരെ പണിമുടക്ക്. ശമ്പളം അടക്കമുള്ള വിഷയങ്ങളില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ആരംഭിച്ചത്. പത്താം തീയതിയോടെ ശമ്പളം നല്‍കാമെന്നാണ് എംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു. ജോലിക്കു ഹാജരാകാത്തവര്‍ക്കെതിരേ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

◼️തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിത്വം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോ. ജോ ജോസഫ്. പതിവു പോലെ ആശുപത്രിയില്‍ ശസ്ത്രക്രിയകളുടെ തിരക്കിലായിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ദേശം ഉണ്ടായത്. ഇടതുപക്ഷം ഹൃദയപക്ഷമാണ്. ഡോ. ജോ ജോസഫ് പറഞ്ഞു. ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് കോതമംഗലം സ്വദേശിയായ ഡോ. ജോ ജോസഫ്. സിപിഎം പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അഡ്വ. കെ എസ് അരുണ്‍ കുമാറിന് വേണ്ടി ഒരു വിഭാഗം നേതാക്കള്‍ വാദിച്ച് പ്രചാരണം ആരംഭിച്ചിരുന്നു.

◼️യമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കര്‍. ജോണ്‍ ബ്രിട്ടാസ് എംപി നല്‍കിയ കത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. നിയമപരമായ വഴികള്‍ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവര്‍ക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

◼️സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. പരിശോധിച്ച 822 കടകളില്‍ 68 കടകള്‍ പൂട്ടിച്ചു. ഇവയില്‍ 40 കടകള്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 28 കടകള്‍ അടപ്പിച്ചത്. 233 കടകള്‍ക്ക് വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായി സൂക്ഷിച്ച 120 കിലോ ഇറച്ചിയും പിടികൂടി നശിപ്പിച്ചു.

◼️തൃക്കാക്കരയില്‍ എല്‍ഡിഎഫിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നേരത്തെ സ്ഥാനാര്‍ത്ഥിയെന്നു പ്രചരിക്കപ്പെട്ട സിപിഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. സ്ഥാനാര്‍ഥി കാര്യത്തില്‍ ആശയക്കുഴപ്പങ്ങളില്ല. ഇടതു മുന്നണി നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കുമെന്നും അരുണ്‍ കുമാര്‍.

◼️മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാവിലെ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.

◼️താമരശ്ശേരി ചുരത്തില്‍ അമിതഭാരം കയറ്റിയുള്ള ലോറികളെ നിയന്ത്രിക്കണമെന്ന് വയനാട് കളക്ടര്‍ എ. ഗീത. കഴിഞ്ഞ മാസം ചുരത്തില്‍നിന്നു കല്ലുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ അഭിപ്രായപ്രകടനം. ചുരം റോഡ് നിലവില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്.

◼️ഹോട്ടല്‍ ഭക്ഷണത്തില്‍ പാമ്പിന്റെ തോല്. തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കിലെ ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടെ പരാതിയനുസരിച്ച് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷണം പൊതിഞ്ഞ പേപ്പറില്‍ പാമ്പ് പൊഴിച്ച തൊലി പറ്റിപ്പിടിച്ചിരുന്നതാണെന്നാണ് നിഗമനം.

◼️കെ റെയില്‍ സര്‍വ്വെക്കല്ല് പൊതുമുതലാണെന്ന് നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്. കല്ലു പിഴുത ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തേക്കും. കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കല്ലുകള്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

◼️നൂറനാട് വീണ്ടും സംഘര്‍ഷം. കായംകുളം നൂറനാട് കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിനു പിറകേ, സിപിഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസിടപെട്ട് തടഞ്ഞതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം മടങ്ങിയതിന് പിന്നാലെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ ഓഫീസിലേക്ക് പ്രകടനം നടത്തി.

◼️ആന്ധ്രാപ്രദേശില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ബലാത്സംഗ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിതയുടെ പ്രതികരണം വിവാദമായി. ‘മാനസിക സാഹചര്യ’വും ദാരിദ്ര്യവുമാണ് ബലാല്‍സംഗത്തിനു കാരണമെന്നും യഥാര്‍ത്ഥത്തില്‍ പ്രതികള്‍ ബലാത്സംഗം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

◼️ഗുജറാത്തിലെ മെഹ്സാനയില്‍ പൊലീസിന്റെ അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസില്‍ ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്കു മൂന്നു മാസം തടവുശിക്ഷ. 2017 ല്‍ ഗോവധത്തിന്റെ പേരില്‍ സാമൂഹ്യദ്രോഹികള്‍ അഞ്ചു ദളിതരെ മര്‍ദിച്ച് അവശരാക്കിയില്‍ പ്രതിഷേധിച്ച് ആസാദി മാര്‍ച്ച് നടത്തിയതിനാണ് ശിക്ഷ. 1000 രൂപ പിഴയും അടയ്ക്കണം. 10 പേരെയാണ് കോടതി ശിക്ഷിച്ചത്.

◼️കൊവിഡ് മഹാമാരി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമഭേദഗതി.

◼️ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഇന്ത്യയിലെ കോവിഡ് മരണ കണക്കിനെ ചൊല്ലി വിവാദം. 5.23 ലക്ഷം പേര്‍ മരിച്ചെന്നാണ് ഇന്ത്യയുടെ കണക്ക്. എന്നാല്‍ ഇന്ത്യയില്‍ 47 ലക്ഷം പേര്‍ മരിച്ചെന്ന കണക്കാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ഇന്ത്യ മരണം ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ലോകാരോഗ്യസംഘടനയുടേത് കള്ളക്കണക്കാണെന്ന് ഇന്ത്യ വിമര്‍ശിച്ചു.

◼️തട്ടിപ്പുകാരനായ പ്രതിശ്രുത വരനെ വധുവായ എസ്ഐ അഴിക്കുള്ളിലാക്കി. ആസാം പൊലീസില്‍ സബ് ഇന്‍സ്പെക്ടറായ ജുന്‍മോണി റാഭയാണു പ്രതിശുത വരന്‍ റാണ പഗാഗിനെ അറസ്റ്റു ചെയ്തത്. വ്യാജ വിവരങ്ങള്‍ നല്‍കി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നല്‍കി ഒട്ടേറെപ്പേരില്‍നിന്നു പണം കൈപ്പറ്റുകയും ചെയ്തെന്ന് ആരോപിച്ചുള്ള കേസുകളിലാണ് അറസ്റ്റ്. ഒഎന്‍ജിസിയില്‍ പിആര്‍ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാള്‍ വനിതാ എസ്ഐയുമായി വിവാഹം നിശ്ചയിച്ചത്. ഇയാള്‍ തൂപ്പുകാരനാണെന്ന് പിന്നീടാണ് മനസിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!