ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പതിനാറുകാരി മരിച്ചു

ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പതിനാറുകാരി മരിച്ചു

ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പതിനാറുകാരി മരിച്ചു. 31 പേര്‍ ആശുപത്രിയിലായി. കണ്ണൂര്‍ പെരളം സ്വദേശി ചന്ദ്രോത്ത് നാരായണന്റേയും പ്രസന്നയുടേയും ഏകമകള്‍ ദേവനന്ദയാണ് മരിച്ചത്. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. മരിച്ച ദേവാനന്ദ കരിവെള്ളൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. കടയിലെ രണ്ടു ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◼️കാസര്‍കോട് ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

◼️കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് പെരുന്നാള്‍ നാളേക്കു മാറ്റിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളേയും അവധി നല്‍കേണ്ടതുണ്ടോയെന്ന് ഇന്നു തീരുമാനിക്കും. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.

◼️വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില 102 രൂപ വര്‍ധിപ്പിച്ചു. സിലിണ്ടറിന് 2200 രൂപയോളമാണ് വില. കഴിഞ്ഞ മാസം ഒന്നാം തീയതിയും വില വര്‍ധിപ്പിച്ചിരുന്നു.

◼️അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകളുടെ കെണികളില്‍ വീഴരുതെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിടുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചിരിക്കുകയാണ്. നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

◼️പി.സി ജോര്‍ജിന് ജാമ്യം നല്‍കിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും. പ്രോസിക്യൂഷനെ അറിയിക്കാതെയാണ് പോലീസ് ജോര്‍ജിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച ജാമ്യ ഉത്തരവ് കിട്ടിയശേഷം പ്രോസിക്യൂഷന്‍ തീരുമാനമെടുക്കും. മത വിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യം കിട്ടാത്ത വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.

◼️തൃക്കാക്കര തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ഈ മാസം 15 ന് എറണാകുളം കിഴക്കമ്പലത്തെത്തും. ട്വന്റി 20 കിഴക്കമ്പലത്ത് ഒരുക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. അരലക്ഷം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്.

◼️പാലക്കാട് വടക്കഞ്ചേരിയില്‍ കണ്ടക്ടര്‍ ഇല്ലാത്ത ബസ് സര്‍വീസിന് മന്ത്രി ഇടപെട്ട് അനുമതി. മോട്ടോര്‍ വാഹന നിയമപ്രകാരം ടിക്കറ്റ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി ആര്‍ടിഒ നല്‍കിയ സ്റ്റോപ് മെമ്മോ റദ്ദാക്കി. ബസ്ചാര്‍ജ് ഈടാക്കാത്ത ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബസിന് അനുമതി നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്. യാത്രക്കാര്‍ ഇഷ്ടമുള്ള തുക ബസിലെ പണപ്പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയെന്നാണു ബസുടമയുടെ നിലപാട്.

◼️ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി വക്കീല്‍ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയില്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അകാരണമായി സസ്പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിറകില്‍ ശശിയായിരുന്നെന്നാണ് ആത്മകഥയിലെ ആരോപണം.

◼️പി.സി ജോര്‍ജ് വിഷയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്ന് എ.എ റഹീം എംപി. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◼️പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനങ്ങള്‍ പുനരാരംഭിച്ചു. ജര്‍മനി, ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ഇന്ന് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ചാന്‍സലര്‍ ഷോള്‍സുമായി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തിനിടെ എട്ടു വിദേശ നേതാക്കളുമായി കൂടിക്കാഴ്ച അടക്കം 25 പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

◼️സേനാ നവീകരണമാണ് പ്രധാന ദൗത്യമെന്ന് കരസേന മേധാവിയായി ചുമതലയേറ്റ ജനറല്‍ മനോജ് പാണ്ഡെ. വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

◼️ആരാധനാലയങ്ങളില്‍ ഉച്ചത്തിലുള്ള പാട്ടുകളും വാങ്കുവിളികളും നിരോധിച്ച ഉത്തര്‍പ്രദേശില്‍ 54,000 ഉച്ചഭാഷിണികള്‍ നീക്കം ചെയ്തെന്ന് പോലീസ്. ആരാധനാലയങ്ങളിലെ ശബ്ദം കാമ്പസിനു പുറത്തേക്കു പോകരുതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്.

◼️ആന്ധ്രയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയായ ബിടെക് വിദ്യാര്‍ഥിനി രമ്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഗുണ്ടൂരിലെ മോട്ടോര്‍ മെക്കാനിക്കായ ശശികൃഷ്ണയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. എട്ടു മാസം മുമ്പാണ് ഗുണ്ടൂരില്‍ നടുറോഡില്‍ വച്ച് ശശികൃഷ്ണ രമ്യയെ കുത്തിക്കൊന്നത്.

◼️ഡല്‍ഹിയിലെ സ്‌കൂളില്‍ പഠിച്ച ഇന്ത്യന്‍ വംശജയായ നന്ദ് മുല്‍ചന്ദാനിയെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!