മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെ  കസ്റ്റഡിയിലെടുത്ത് പൊലീസ്, നടപടി വ്യാപക പരാതികള്‍ക്ക് പിന്നാലെ

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെ  കസ്റ്റഡിയിലെടുത്ത് പൊലീസ്, നടപടി വ്യാപക പരാതികള്‍ക്ക് പിന്നാലെ

കോട്ടയം: മതവിദ്വേഷ പ്രസംഗത്തിന് പിന്നാലെ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്. തലസ്ഥാനത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളന വേദിയില്‍ പ്രസംഗിക്കവെ വ്യാഴാഴ്‌ചയാണ് ഒരു മതവിഭാഗത്തിനെതിരെ ജോര്‍ജ് ശക്തമായ ഭാഷയില്‍ വിദ്വേഷപ്രസംഗം നടത്തിയത്.

വ്യാപകമായി പരാതി ഉയര്‍ന്നതോടെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കോട്ടയം ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ജോര്‍ജിനെ കസ്‌റ്റഡിയിലെടുത്തത്.പി.സി ജോര്‍ജുമായി പൊലീസ് തലസ്ഥാനത്തേക്ക് തിരിച്ചു. ഇവിടെയെത്തിച്ച്‌ ചോദ്യം ചെയ്‌ത ശേഷമായിരിക്കും അറസ്‌റ്റ്. ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കടുത്ത മതവിദ്വേഷ പ്രസംഗം നടത്തിയിട്ടും ജോര്‍ജിനെ പൊലീസ് കസ്‌റ്റഡിയിലെടുക്കാത്തതെന്തെന്ന് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയ്‌ക്കും ഡിജിപിയ്‌ക്കും യൂത്ത്ലീഗ് പരാതി നല്‍കി.പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും പി.കെ ഫിറോസ് ആരോപിച്ചു. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ഗൗരവകരമായ നുണയാരോപണങ്ങളാണ് പി സി ജോര്‍ജ് ഉന്നയിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഇതിനുപിന്നാലെ സിപിഎമ്മും കോണ്‍ഗ്രസ് നേതാക്കളും ജോര്‍ജിന്റെ പ്രസംഗം കടുത്ത മതവിദ്വേഷം നിറഞ്ഞതാണെന്ന് വിലയിരുത്തിയിരുന്നു. അതേസമയം പിതാവിന്റെ പ്രസംഗത്തില്‍ വേദനയുണ്ടായ മുസ്ളീം സഹോദരങ്ങള്‍ക്ക് ക്ഷമാപണമെന്ന രീതിയില്‍ താന്‍ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ചിട്ടുണ്ടെന്ന് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

അദ്ദേഹത്തിന് നിലപാടുണ്ട്, അതില്‍ അദ്ദേഹം വെള‌ളം ചേ‌ര്‍ക്കാറില്ല. പറഞ്ഞത് തെറ്റോ ശരിയോ എന്നത് കാലം തെളിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!