മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ധര്‍മടം പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ധര്‍മടം പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി

◼️മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കണ്ണൂര്‍ ധര്‍മടം പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. നൂറോളം യുഡിഎഫ്, ബി ജെ പി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തിയതോടെയാണ് കല്ലിടല്‍ ഉപേക്ഷിച്ചത്. അവധി ദിവസമായതിനാല്‍ അടുത്ത നാല്ുദിവസങ്ങളില്‍ കല്ലിടല്‍ ഉണ്ടാകില്ല.


◼️സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഇല്ല. മെയ് 31 വരെ 250 മെഗാവാട്ട് അധിക വൈദുതി വാങ്ങും. യൂണിറ്റിന് 20 രൂപ നിരക്കില്‍ പ്രതിദിനം ഒന്നര കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് പറഞ്ഞു. ഇതേസമയം, ദേശീയതലത്തില്‍ താപവൈദ്യുത നിലയങ്ങളിലേക്കു കൂടുതല്‍ കല്‍ക്കരി എത്തിക്കാന്‍ കോള്‍ ഇന്ത്യയും റെയില്‍വേയും നടപടി ആരംഭിച്ചു. കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിനുകള്‍ ഓടിക്കാന്‍ 657 യാത്രാ ട്രെയിനുകള്‍ റദ്ദാക്കി.

◼️സെക്രട്ടേറിയേറ്റില്‍ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ തട്ടുകള്‍ കുറച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകള്‍ മാത്രം സെക്രട്ടറി തലത്തില്‍ വിശദമായി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഫയല്‍ പരിശോധന അഞ്ചില്‍നിന്ന് മൂന്നു തലത്തിലേക്കാണു കുറച്ചത്. പുതിയ പരിഷ്‌ക്കരണം വരുന്നതോടെ അധികമാകുന്ന തസ്തികകള്‍ സര്‍ക്കാര്‍ പുനര്‍വിന്യസിക്കും.

◼️ഗുജറാത്തിലെ മുഖ്യമന്ത്രിയുടെ ഡാഷ്ബോര്‍ഡ് സംവിധാനത്തിനു പുറമെ ഗുജറാത്തിലെ മറ്റു വികസന മാതൃകകളും വിലയിരുത്തി ചീഫ് സെക്രട്ടറി വി.പി ജോയ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി എന്നിവയാണ് ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചത്. ഗുജറാത്തിലെ അരലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകളെ ഓണ്‍ലൈനായി വിലയിരുത്തുന്ന കമാന്‍ഡ് സെന്ററായ വിദ്യാസമീക്ഷാ കേന്ദ്രത്തില്‍ ഏറെ നേരമാണ് ചീഫ് സെക്രട്ടറി ചെലവഴിച്ചത്.

◼️ഇടുക്കി സത്രം എയര്‍സ്ട്രിപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ല. പെരിയാര്‍ കടുവ സങ്കേതത്തിന് അരികില്‍ എയര്‍ സ്ട്രിപ്പ് പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. എന്‍സിസിക്കായി സംസ്ഥാന പിഡബ്ല്യൂഡിയാണ് എയര്‍ സ്ട്രിപ് നിര്‍മ്മിക്കുന്നത്.

◼️സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും. ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് അര്‍ബുദത്തിനു തുടര്‍ചികിത്സക്കായി സി പി എം സെക്രട്ടറി അമേരിക്കയില്‍ പോകുന്നത്.

◼️എസ്എന്‍ഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശ വിവാദത്തില്‍ കിളിമാനൂര്‍ ചന്ദ്രബാബുവിനെതിരെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം എന്നെഴുതാന്‍ അറിയാത്ത തമിഴ് അണ്ണാച്ചിയാണ് ഇപ്പോള്‍ യോഗത്തെ തകര്‍ക്കാന്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എസ്എന്‍ഡിപിയില്‍ പ്രാതിനിധ്യ വോട്ടവകാശ രീതി താന്‍ നടപ്പാക്കിയതല്ല. തുടക്കംമുതലേ, യോഗം നോണ്‍ ട്രേഡിംഗ് കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തത്. 35 ലക്ഷം പേരെ അണിനിരത്തി തിരഞ്ഞെടുപ്പു നടത്തുന്നതു പ്രായോഗികമല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

◼️കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കു മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നത്.

◼️സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനുപകരം എലഗന്റ് കാര്‍ഡുകള്‍ മെയ് മാസത്തില്‍ വിതരണം ചെയ്തു തുടങ്ങുമെന്ന്് ഗതാഗത മന്ത്രി ആന്റണി രാജു.

◼️പത്തു ജില്ലകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

◼️തുടര്‍ച്ചയായി രണ്ടു കേസുകളില്‍ അറസ്റ്റിലായ ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്കു ജാമ്യം. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസിലാണ് ഗുജറാത്തിലെ എംഎല്‍എയായ മേവാനിക്ക് ജാമ്യം ലഭിച്ചത്.

◼️രാജസ്ഥാനിലെ പോക്സോ കേസില്‍ രണ്ടു പ്രതികള്‍ക്കു വധശിക്ഷ. പതിനഞ്ചു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. കുറ്റവാളികളായ സുല്‍ത്താന്‍ ബില്‍, ചോട്ടു ലാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ. പതിനൊന്നു ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ബുണ്ടി കോടതി ഉത്തരവിറക്കി. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

◼️ആസാമിനുവേണ്ടി തന്റെ അവസാന വര്‍ഷങ്ങള്‍ ചെലവഴിക്കുമെന്ന് വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ. ആസാമിലെ ഏഴ് അത്യാധുനിക കാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ നല്‍കിയ പരാതിയിലാണ് നടപടി. മുനിസിപ്പില്‍ കമ്മീഷന്‍ മേയര്‍ അടക്കമുള്ളവരെ കമ്മീഷന്‍ നോട്ടീസ് അയച്ചു വിളിച്ച് വരുത്തും.

◼️ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികളാണെന്നും ഹിന്ദി സംസാരിക്കാത്തവര്‍ക്കു ഇന്ത്യ വിട്ടുപോകാമെന്നും ഉത്തര്‍പ്രദേശിലെ മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി സംസാരിക്കാത്തവര്‍ വേറെ എവിടെങ്കിലും പോയി ജീവിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

◼️ശ്രീലങ്കയ്ക്ക് പിറകേ, നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനെ തുടര്‍ന്ന് നേപ്പാള്‍ ഗവണ്മെന്റ് കാറുകളും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചു.

◼️സന്തോഷ് ട്രോഫിയില്‍ ക്ലാസിക്ക് ഫൈനല്‍. 75-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന പരാജയപ്പെടുത്തിയാണ് പശ്ചിമ ബംഗാള്‍ ഫൈനലിലെത്തിയത്. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ചാമ്പ്യന്‍മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!