ഇ ഗവേണന്‍സ് ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘത്തെ ഗുജറാത്തിലേക്ക് അയക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. തീവ്രഹിന്ദുത്വ നിലപാടുകളും ന്യൂനപക്ഷങ്ങളുടെ രക്തച്ചൊരിച്ചിലും നടന്ന ഗുജറാത്തില്‍നിന്നുള്ള മാതൃകകള്‍ കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.
◼️ഇന്ധനവില കുറയ്ക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞാണ് നരേന്ദ്ര മോദി വിമര്‍ശിച്ചത്. തമിഴ്നാട്, ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങി പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്നു മോദി കുറ്റപ്പെടുത്തിയത് മുഖ്യമന്ത്രിമാരുമായുള്ള കൊവിഡ് അവലോകന യോഗത്തിലാണ്.
◼️കേരളം ആറു വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദിവസവും വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണെന്ന് ധനമന്ത്രി പറഞ്ഞു.
◼️ബ്രിട്ടന്റെ സൈനിക കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. യുക്രൈന് സാമ്പത്തിക – സൈനിക സഹായം നല്കുന്നതില് ബ്രിട്ടനാണു മുന്നിലെന്ന് റഷ്യ ആരോപിച്ചു. യുക്രൈന് ആയുധം നല്കുന്ന നാറ്റോ രാജ്യങ്ങള്‍ക്കെതിരെയും ആക്രമണത്തിന് അനുമതി നല്‍കുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു.
◼️കോഴിക്കോട് ചെറുവണ്ണൂരില്‍ പോക്സോ കേസിലെ പ്രതി ജിഷ്ണു മരിച്ചത് മര്‍ദനമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. തലയ്ക്കും വാരിയെല്ലിനും പരിക്കുണ്ട്. വീഴ്ചയുടെ ആഘാതത്തിലാണോ പരിക്കേറ്റതെന്നു കണ്ടെത്താന്‍ ജിഷ്ണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം ഇന്നു പരിശോധിക്കും. ജീഷ്ണുവിനെ തേടി പൊലീസ് വീട്ടില്‍ എത്തിയതിനു പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടത്.
◼️നടിയെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം ലത്തീന്‍ രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴിയെടുത്തു. വൈദികന്റെ അക്കൗണ്ടിലേക്കു ദിലീപ് പണം നല്‍കിയതിനെക്കുറിച്ചും ചോദ്യം ചെയ്തു. ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാറിനൊപ്പം പോയിരുന്നതായും വിക്ടര്‍ അന്വേഷണ സംഘത്തിനു മൊഴി നല്കി.
◼️എംബിബിഎസ് ഒന്നാംവര്‍ഷ പരീക്ഷയിലെ കൂട്ടത്തോല്‍വി പഠിക്കാന്‍ ആരോഗ്യസര്‍വ്വകലാശാല. പരീക്ഷ എഴുതിയ പകുതിപ്പേരും തോറ്റ മൂന്നു മെഡിക്കല്‍ കോളജുകളിലാണ് കമ്മീഷനെ അയച്ച് അന്വേഷണം നടത്തുന്നത്. തൊടുപുഴ കുമാരമംഗലം അല്‍ അസ്ഹര്‍, അടൂര്‍ മൗണ്ട്സയന്‍, പാലക്കാട് പി കെ ദാസ് കോളേജുകളിലേക്കാണ് ആരോഗ്യസര്‍വ്വകലാശാല കമ്മിഷനെ അയയ്ക്കുന്നത്.
◼️ദേശീയരാഷ്ട്രീയത്തില്നിന്നും ഒഴിയുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി അനുവദിക്കുന്ന കാലം വരെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. എ.കെ.ആന്റണി പറഞ്ഞു ഡല്‍ഹിയിലെ സ്ഥിരതാമസം അവസാനിപ്പിച്ച് അദ്ദേഹം ഇന്നു കേരളത്തിലേക്കു മടങ്ങിയെത്തും.
◼️സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പോയി പാര്‍ട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ കണ്ണൂര്‍ സര്‍വ്വകലാശാലാ പരീക്ഷാ കണ്ട്രോളര് പി.ജെ വിന്‍സെന്റിനെതിരേ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ഗവര്‍ണര്‍ക്കു പരാതി നല്കി. സര്‍വ്വകലാശാലയില്‍ പാര്‍ട്ടി ഭരണമാണ്. ഇത് സര്‍വ്വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
◼️ഇലക്ട്രോണിക് വാഹന രംഗത്തെ അതികായരായ ടെസ്ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അതിസമ്പന്നരില്‍ ഒന്നാമനായ ഇലോണ്‍ മസ്കിന്റെ കമ്പനിയാണു ടെസ്ല. ഇന്ത്യയില്‍ ടെസ്ലയുടെ നിര്‍മാണ പ്ലാന്റ് തുടങ്ങാനാണ് ആവശ്യപ്പെട്ടത്. ചൈനയില്‍ വാഹനം നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കാനാണ് നീക്കമെങ്കില്‍ ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
◼️മ്യാന്മറില് സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളി ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്ക് അഴിമതിക്കേസില്‍ അഞ്ചു വര്‍ഷം തടവ്. തലസ്ഥാനമായ നായ് പി തോയിലെ പട്ടാള കോടതിയാണ് രഹസ്യവിചാരണക്കൊടുവില്‍ ശിക്ഷ വിധിച്ചത്. നിലവില്‍ രണ്ട് കേസുകളിലായി ആറു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്യൂചി ഇതോടെ 11 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. സ്യൂചിക്കെതിരായി 10 അഴിമതി കേസുകളാണുള്ളത്. ഇതില്‍ ആദ്യത്തേതിലാണ് സൈനിക കോടതി വിധി പ്രസ്താവിച്ചത്.
◼️ബ്രിട്ടനില്‍ മൂന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ 56 എംപിമാര്‍ ലൈംഗികാതിക്രമം നടത്തിയവരാണെന്നു റിപ്പോര്‍ട്ട്. ഇന്‍ഡിപെന്‍ഡന്റ് കംപ്ലയിന്റ്സ് ആന്‍ഡ് ഗ്രീവന്‍സ് സ്കീമിനു കീഴിലാണ് 56 എംപിമാരുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
◼️പൈലറ്റ് കോക്പിറ്റിലിരുന്ന് സിഗരറ്റിനു തീ കൊളുത്തിയതാണ് 2016 ലെ ഈജിപ്ത് വിമാനദുരന്തത്തിനു കാരണമെന്ന് റിപ്പോര്‍ട്ട്. വിമാനത്തിലെ 66 പേര് അപകടത്തില്‍ മരിച്ചിരുന്നു. ഓക്സിജന്‍ മാസ്കില്‍നിന്നു ചോര്‍ന്നു വന്നിരുന്ന ഓക്സിജനിലേക്കു പെട്ടെന്നു തീ പടര്‍ന്നെന്നാണ് ഫ്രഞ്ച് വ്യോമയാന വിദഗ്ധരുടെ റിപ്പോര്‍ട്ട് പറയുന്നത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.