◼️സില്‍വര്‍ ലൈന്‍ സര്വെക്കല്ലിടുന്നതിനെതിരേ പ്രതിഷേധിക്കുന്നവരെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് സിപിഐ. പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പൊലീസുകാരന് ചവിട്ടിയത് ശരിയായില്ല. ഇതു സംസ്ഥാന സര്‍ക്കാരിനു ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം നടപ്പാക്കാനെന്നു സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
◼️കെ റെയില്‍ കല്ലിടല്‍ സമരക്കാരെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂരിലെ നാടാലിലാണ് സമരത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കൈയേറ്റ ഭീഷണിയുമായി സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. പൊലീസ് സംരക്ഷണത്തോടെയുള്ള സര്‍വേ നടപടികള്‍ക്കെതിരേ സമരവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. ഇതിനു പിറകേ എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു.
◼️സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു നല്കുന്ന നിയമം തമിഴ്നാട് നിയമസഭ പാസാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കിയ ബില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ. പൊന്മുടിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. ഗവര്‍ണര്‍ ആര്.എന്‍.രവി വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ ദ്വിദിന സമ്മേളനം ഊട്ടിയില്‍ നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം.
◼️അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ഗുജറാത്തിലെ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യൂണിയന് നല്കിയ ഹര്‍ജിയിലാണ് വിധി.
◼️വരുമാനം വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസിയെ ആദായകരമാക്കാന്‍ യൂണിറ്റ് തലത്തില്‍ യൂണിയന് പ്രതിനിധികള്‍ ഉള്‍പെടുന്ന കമ്മിറ്റി രൂപീകരിക്കും. സര്‍വ്വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ക്രമീകരിക്കും. ചെലവ് ചുരുക്കും, വരുമാനം വര്‍ധിപ്പിക്കും. ഗതാഗത മന്ത്രി ആന്റണി രാജു പ്രധാന തൊഴിലാളി യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണകള്‍. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ വരുമാനം കെഎസ്ആര്‍ടിസിക്കു ലഭിക്കും. പണിമുടക്കി പ്രതിസന്ധി വര്‍ധിപ്പിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
◼️കെ റെയില്‍ പ്രധിഷേധക്കാര്‍ക്ക് നേരെ തിരുവന്തപുരം കരിച്ചാറായില്‍ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അന്വേഷിക്കും. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖില്‍ നല്കിയ പരാതിയിലാണ് കേസ് എടുത്തത്.
◼️കോവിഡ് വ്യാപനം ഭീഷണിയായിരിക്കേ, സംസ്ഥാനത്ത് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി. ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
◼️സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ച സര്‍ക്കാര്‍ ഓഫീസുകളെ ശമ്പള സംവിധാനമായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഉത്തരവിട്ടു. ഇതോടെ ജോലിക്കു ഹാജരാകാന്‍ വൈകുന്നവരുടെ ശമ്പളം സര്‍ക്കാരിന് പിടിക്കാനാകും. സെക്രട്ടേറിയറ്റില്‍ നടപ്പാക്കിയ സംവിധാനമാണിത്. മാസം ഗ്രേസ് പിരിയഡായ 300 മിനിറ്റിലേറെ വൈകിയാല്‍ അവധിയായി കണക്കാക്കി ശമ്പളം കുറയ്ക്കും.
◼️ചോദ്യത്തിനൊപ്പം ഉത്തരസൂചികയും നല്കി നടത്തിയ പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി. കേരള യൂണിവേഴ്സിറ്റി നാലാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ഉത്തരസൂചിക നല്‍കിയത്. പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നു കേരള സര്‍വകലാശാല അറിയിച്ചു.
◼️മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ നല്‍കിയതടക്കം ബിരുദപരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിസിമാരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി.
◼️ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. അക്രമി സംഘം മേലാമുറിയിലേക്കു പോകാന്‍ മൂന്നു ബൈക്കുകള്‍ക്കു പുറമെ കാറും ഉപയോഗിച്ചു. ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങള്‍ കരുതിയിരുന്നത്. മേലാമുറിക്കടുത്തു വച്ചാണ് ആയുധങ്ങള്‍ അക്രമി സംഘത്തിനു കൈമാറിയത്.
◼️മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു.
◼️യുക്രൈനില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ യോഗം വിളിച്ചു. ഏപ്രില്‍ 30ന് ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്കിലെ ഉദയ കണ്വെന്ഷന് സെന്ററിലാണ് യോഗം.
◼️വിദേശത്തു ജോലി വാഗ്ദാനം നല്കി നിരവധിപേരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. കടയ്ക്കല്‍ പുല്ലുപണ തടത്തില്‍ വീട്ടില്‍ ശ്രീജിത്തി (40) നെയാണ് പള്ളിക്കല്‍ പൊലീസ് പിടികൂടിയത്. മടവൂര്‍ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരില്‍നിന്ന് വിദേശജോലി വാഗ്ദാനം ചെയ്ത് 40000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
◼️കൊവിഡ് നാലാം തരംഗത്തിന്റെ സൂചനകള്‍ വന്നു തുടങ്ങിയതോടെ കര്‍ണാടക മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു. മാസ്ക് നിര്‍ബന്ധമാക്കി. പൊതുജനങ്ങള്‍ അനാവശ്യമായ കൂടിചേരലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. സാമൂഹിക അകലം പാലിക്കണം. കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു.
◼️ഗുജറാത്തിലെ ബനസ്കന്ധയിലെ വദ്ഗാമില്‍ നിന്നുള്ള സ്വതന്ത്ര ദളിത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ മേവാനിക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ഗോഹട്ടി കോടതിയാണ് മേവാനിക്ക് ജാമ്യം നല്‍കിയത്.
◼️ജനപ്രതിനിധികളായാല്‍ അല്പമെങ്കിലും ഉത്തരവാദിത്വം വേണമെന്ന് ബോബെ ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമരാവതിയിലെ എംപി നവനീത് റാണെയും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും നല്കിയ ഹര്‍ജി തളളിക്കൊണ്ടാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് മുന്നിലെത്തി ‘ഹനുമാന് ചാലീസ’ സൂക്തങ്ങള്‍ ഉറക്കെച്ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിനാണ് എംപി, എംഎല്‍എ ദമ്പതിമാരെ അറസ്റ്റു ചെയ്തത്.
◼️കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തന്‍ ശിബിര്‍ അടുത്ത മാസം 13, 14, 15 തീയതികളില്‍ രാജസ്ഥാനില്‍ നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ ശിബിര്‍. 2024 ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരു എംപവര്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.
◼️രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 16 യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നിരോധനം. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകള്‍ ഇതുവരെ നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ പത്ത് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാന് ചാനലുകളുമാണ് നിരോധിച്ചത്.
◼️മ്യാന്മറില് സൈനിക ഭരണകൂടം ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരായ അഴിമതിക്കേസില്‍ വിധിപ്രസ്താവിക്കുന്നതു മാറ്റിവച്ചു. 15 വര്‍ഷം തടവു വിധിക്കാവുന്ന കേസാണിത്. നിരവധി കേസുകളാണ് 76 -കാരിയായ സ്യൂചിക്കെതിരെ ചുമത്തിയിട്ടുള്ളത്.
◼️ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം. 4400 കോടി ഡോളര്‍ പണമായി നല്‍കാമെന്നാണ് കരാര്‍. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം.
◼️പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്കു തിരിച്ചു വരാന്‍ പാസ്പോര്‍ട്ട് നല്കി പുതിയ സര്‍ക്കാര്‍. നവാസ് ഷെരീഫിന്റെ സഹോദരന് ഷഹബാസ് ഷെരീഫാണ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി. യുകെയില്‍ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിനെതിരേ ഇമ്രാന് ഖാന് സര്‍ക്കാര്‍ അഴിമതിക്കേസുകളെടുത്ത് പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.