മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ കിങ് മേക്കര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതില്‍ ഇപി ജയരാജന് വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ യോഗം വിമര്‍ശിച്ചത്. പ്രസ്താവന അനവസരത്തിലാണെന്നും പ്രസ്താവനകളില്‍ ശ്രദ്ധ വേണമെന്നും സെക്രട്ടേറ്റിയേറ്റ് യോഗം നിര്‍ദ്ദേശിച്ചു. മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ഇപി ജയരാജന് പറഞ്ഞു.
◼️സ്വതന്ത്ര വ്യപാരകരാര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിന്റെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് നയതന്ത്ര ചര്‍ച്ചകള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അറിയിച്ചു. റഷ്യ യുക്രെയിന് സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി ആവര്‍ത്തിച്ചു.
◼️ശ്രീലങ്കയില്‍ നിന്ന് വീണ്ടും അഭയാര്‍ത്ഥികള്‍. 18 ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടി തമിഴ്നാട് തീരത്ത് എത്തി. രണ്ട് ബോട്ടുകളിലായി രാമേശ്വരം തീരത്താണ് ഇവരെത്തിയത്. ആദ്യം വന്ന ബോട്ടില്‍ 13 പേരും രണ്ടാമത്തേതില്‍ 5 പേരുമാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയും ഒന്നര വയസുള്ള കുഞ്ഞുമടക്കം 7 കുട്ടികളും 5 സ്ത്രീകളും പുതിയതായി എത്തിയവരില്‍ ഉണ്ട്. ഇതോടെ മാര്‍ച്ച് 22 മുതല്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയ എത്തിയ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 60 ആയി.
◼️ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◼️സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്പോര്‍ട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും. എസ് ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ട്രാന്‍സ്പോര്‍ട് കമ്മീഷണറായിരുന്ന എം ആര് അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും.
◼️നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കവേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റമെന്നത് ശ്രദ്ധേയം. കേസിന്റെ ഭാവിയെ വരെ ഇത് ബാധിച്ചേക്കാമെന്ന് വിലയിരുത്തലുകള്‍. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന.
◼️കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനുള്ള പണം നല്കാന് എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലാളി യൂണിയനുകളുമായി തലസ്ഥാനത്ത് നടത്തിയ ചര്‍ച്ചക്ക് തൊട്ടുമുമ്പായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം ഈ മാസം 28 ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കെ എസ് ആര് ടി സി തൊഴിലാളി സംഘടനകള്‍ പിന്മാറി. ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന അറിയിപ്പ് വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.
◼️കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ വരുമാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിടി ബല്‍റാം. 10 ദിവസം കൊണ്ട് സ്വിഫ്റ്റ് 61 ലക്ഷം വരുമാനം ഉണ്ടാക്കി എന്ന വാര്‍ത്ത തെറ്റാണ്. സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പില്‍ മാത്രം 12 ലക്ഷം നഷ്ടമുണ്ട്, യഥാര്‍ത്ഥ നഷ്ടം 50 ലക്ഷമാണെന്നും കണക്കുകള്‍ വിലയിരുത്തി വിടി ബല്‍റാം വ്യക്തമാക്കി.
◼️കെഎസ്ഇബിയിലെ ഭരണാനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത് ചട്ടപ്രകാരമാണെന്ന് കെഎസ്ഇബി. 2019 മുതലുള്ള അന്വേഷണത്തിനൊടുവിലാണ് നോട്ടീസ്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ വാഹനം ഉപയോഗിക്കാന്‍ അനുവദിച്ച് ഉത്തരവില്ല. ഡെപ്യൂട്ടേഷന് കാലത്തെ അച്ചടക്ക രാഹിത്യത്തിന് നടപടിയെടുക്കാനുള്ള അവകാശം നിയമനാധികാരിയായ കെ എസ് ഇ ബി ക്കാണെന്നും നിയമപ്രകാരമാണ് നോട്ടീസെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
◼️ആനയെഴുന്നള്ളിപ്പിന് ദേവസ്വങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി വനംവകുപ്പ്. മെയ് 31-നകം എല്ലാ ക്ഷേത്രങ്ങളും ദേവസ്വങ്ങളും നാട്ടാന പരിപാല നിയമം അനുസരിച്ച് ആനകളുടെ എണ്ണം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശം അനുസരിക്കാത്ത ദേവസ്വങ്ങളുടെ വിവരങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും വനം സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കുന്നു.
◼️പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ മേല്‍ക്കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് മാറാന്‍ താത്പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചില്‍ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരന് അംഗമായി തുടരും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജി സുധാകരന്റെ ഘടകം നിശ്ചയിച്ചത്.
◼️ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ മൂന്ന് പ്രതികളെ റിമാന്റ് ചെയ്തു. ഇന്നലെ മൂന്ന് പേര് കൂടി അറസ്റ്റിലായി. കല്‍പ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട് സ്വദേശി അഷ്റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈന്‍ ശംഖുവാരത്തോട് പള്ളി ഇമാമാണ്. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്.
◼️സിപിഎം പ്രവര്ത്തകന് പുന്നോല്‍ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയവേ പിടികൂടി. കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ (38) ആണ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും (42) അറസ്റ്റ് ചെയ്തു. രാത്രി എട്ടരയോടെ ഈ വീടിനു നേരെ ബോംബേറുണ്ടായി.
◼️മൈലപ്ര സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ബാങ്ക് ഭരണ സമിതി സസ്പെന്‍ഡ് ചെയ്തു. ബാങ്കിലെ ഓഡിറ്റില്‍ 3.94 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയെ പ്രതി ചേര്‍ത്ത് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു ഇതിന് പിന്നാലെയാണ് നടപടി.
◼️സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം. പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2ന് തുടങ്ങും. പ്ലസ് വണ്‍ പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും.
◼️സംസ്ഥാനത്തെ സ്കൂളുകളില്‍ വിവാദമാകുന്ന യൂണിഫോം പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ യൂണിഫോം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അതാത് സ്കൂളുകള്‍ക്ക് തീരുമാനിക്കാം. കംഫര്‍ട്ടബിളായ യൂണിഫോം തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി. കേരള സംസ്കാരത്തിന് ചേര്‍ന്ന യൂണിഫോം ആയിരിക്കണം തീരുമാനിക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു. നേരത്തെ യൂണിഫോം സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
◼️കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച. സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020 ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണ ആവര്‍ത്തിച്ചു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവര്‍ത്തിച്ചത്.
◼️കരമന കൂടം തറവാട്ടിലെ മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസ് അട്ടിമറിച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കോടികളുടെ ആസ്തിയുള്ള കൂടം കുടുംബത്തില്‍ 15 വര്‍ഷത്തിനിടെ നടന്നത് 7 ദുരൂഹ മരണങ്ങളാണ്.
◼️കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി മേഖല വരെ നീണ്ടു നിന്ന ന്യൂനമര്‍ദ്ദ പാത്തി നിലവില്‍ വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്.
◼️ആഗോളതലത്തില്‍ തന്നെ കൊവിഡ് വാക്സിന് നിര്‍മ്മാണരംഗത്ത് ഏറ്റവും വലിയ ശക്തിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന് ഉത്പാദനം നിര്‍ത്തിവച്ചു. ഭീമമായ അളവില്‍ വാക്സിന് ഡോസുകള്‍ കെട്ടിക്കിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അദാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.
◼️പഞ്ചാബ് കോണ്‍ഗ്രസിന്റെ പുതിയ പിസിസി പ്രസിഡന്റായി അമരീന്ദര്‍ സിങ് രാജാവാറിങ് സ്ഥാനമേറ്റു. ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍ പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു എത്തിയെങ്കിലും രാജാവാറിങുമായി വേദി പങ്കിട്ടില്ല. പിസിസി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ പരിപാടിയില്‍ പങ്കെടുക്കാത്തതും ചര്‍ച്ചാവിഷയമായി.
◼️ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ജാമ്യം. ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പ്രത്യേക സിബിഐ കോടതി നേരത്തെ അഞ്ച് വര്‍ഷം തടവും അറുപത് ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. നീണ്ടകാലത്തെ തടവും ശാരീരികപ്രശ്നങ്ങളും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്നും ലാലു പ്രസാദ് യാദവ് ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നും അഭിഭാഷകന് പറഞ്ഞു
◼️തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമായി. അദ്ദേഹത്തിന് എന്ത് പദവി നല്‍കണം എന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തീരുമാനിക്കും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.