യുക്രെയിനിലെ മരിയുപോള്‍ നഗരം കീഴടക്കിയെന്ന് റഷ്യ

യുക്രെയിനിലെ മരിയുപോള്‍ നഗരം കീഴടക്കിയെന്ന് റഷ്യ

◼️യുക്രെയിനിലെ മരിയുപോള്‍ നഗരം കീഴടക്കിയെന്ന് റഷ്യ. യുക്രെയിന്റെ തെക്കു കിഴക്കന്‍ തീരത്തെ തുറമുഖനഗരമാണിത്. യുക്രെയിനിലെ ഒരു നഗരം കീഴടക്കിയെന്നു റഷ്യ ഇതാദ്യമായാണ് അവകാശപ്പെടുന്നത്. മരിയൂപോളിലെ കെട്ടിടങ്ങളെല്ലാം റഷ്യന്‍ പട്ടാളം തകര്‍ത്തിരുന്നു. ഇവിടെ ശേഷിക്കുന്ന ഒരാളേയും വെറുതേ വിടരുതെന്ന് റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◼️വിഴിഞ്ഞം തുറമുഖത്ത് ഡിസംബര്‍ മാസത്തോടെ ആദ്യ കപ്പല്‍ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും. 18 ബാര്‍ജുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തുറമുഖത്തേക്കുള്ള ഹൈവേ, ജംഗ്ഷന്‍, റെയില്‍വേ ലൈന്‍ പണികളും ഉടനേ പൂര്‍ത്തിയാക്കും. ഭാവിയില്‍ ധാരാളം ചരക്കുകപ്പലുകള്‍ ഇവിടെ എത്തുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

◼️ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമമമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മ നിര്‍ഭര്‍ ഭാരതിനെക്കുറിച്ചു പറയുമ്പോള്‍പോലും ലോകത്തിന്റെ പുരോഗതിയാണു ലക്ഷ്യം. പല സാമ്രാജ്യങ്ങളുടെയും അധിനിവേശം ഉണ്ടായപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടു. ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

◼️സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു ശമ്പളമായി നല്‍കിയ തുക തിരിച്ചു നല്‍കാനാവില്ലെന്ന് പിഡബ്ല്യുസി. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെ എസ് ഐ ടി ഐ എല്ലിന്റെ ആവശ്യമാണ് കമ്പനി നിരാകരിച്ചത്. തുക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് തുക നല്‍കില്ലെന്ന് പിഡബ്ല്യുസി മറുപടി നല്‍കി. വിഷയത്തില്‍ കെ എസ് ഐ ടി ഐ എല്‍ നിയമോപദേശം തേടി.

◼️തിരുവനന്തപുരത്തെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം വൈകുന്നതിന് ഉദ്യോഗസ്ഥര്‍ക്കു മന്ത്രിമാരുടെ താക്കീത്. വെട്ടിപൊളിച്ച റോഡുകള്‍ സര്‍ക്കാരിനു നാണക്കേടായെന്ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. കരാറുകാരുടെ അനാസ്ഥയാണ് വൈകാന്‍ കാരണമെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

◼️കെ റെയില്‍ വിരുദ്ധ സമരക്കാരെ മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്. പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിമെതിക്കാമെന്ന് കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. കായികമായി നേരിടുന്ന പൊലീസിനെ ജനം തെരുവില്‍ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്‍കി.

◼️കെ റെയില്‍ വിരുദ്ധ സമരക്കാരെ മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ബൂട്ടിട്ട് നാഭിക്കു ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി. ഡല്‍ഹി പോലീസിന്റെ മാതൃകയിലാണ് കേരള പോലീസെന്നും മുഖ്യമന്ത്രിക്ക് ഇതു ഭൂഷണമാണോയെന്നും വി.ഡി സതീശന്‍ ചോദിച്ചു. ഒരു സ്ഥലത്തും കെ റെയില്‍ കല്ലിടാന്‍ അനുവദിക്കില്ല. കല്ലിട്ടാല്‍ പിഴുത് ഏറിയും. അദ്ദേഹം പറഞ്ഞു.

◼️കണിയാപുരത്ത് കെ റെയില്‍ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷബീറിനെതിരെയാണ് അന്വേഷണം.

◼️മുപ്പതു കെ സ്വിഫ്റ്റ് ബസുകള്‍ ആദ്യ പത്തു ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടി. ഒരു ഡസനോളം ചെറിയ അപകടങ്ങളുണ്ടായി. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. 70 ബസുകള്‍ക്ക് റൂട്ടും പെര്‍മിറ്റും ഉടനേ ലഭിക്കും. അതേസമയം കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തുണ്ട്.

◼️കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്വത്തുതര്‍ക്കം തീര്‍ന്നില്ല. പിള്ളയുടെ വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്ന് മൂത്തമകള്‍ ഉഷ മോഹന്‍ദാസ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കെ.ബി ഗണേശ്കുമാര്‍ എംഎല്‍എ, ബിന്ദു ബാലകൃഷ്ണന്‍ എന്നീ മക്കള്‍ തയ്യാറല്ല. സമവായ ചര്‍ച്ച അലസിയതോടെ പിള്ളയുടെ സ്വത്തു തര്‍ക്കത്തില്‍ കോടതി തീര്‍പ്പാക്കും.

◼️കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറി തലത്തില്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.

◼️ഗുജറാത്തില്‍ ജെസിബിയില്‍ കയറി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഷോ. പഞ്ച്മഹലിലുള്ള ഹലോല്‍ ജിഐഡിസിയിലുള്ള ജെസിബി ഫാക്ടറി സന്ദര്‍ശിച്ചപ്പോഴാണ് പ്രദര്‍ശനത്തിനു സജ്ജമാക്കിയിരുന്ന ജെസിബിയിലേക്ക് ചാടിക്കയറിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈവീശിക്കാണിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഒപ്പമുണ്ടായിരുന്നു.

◼️ഇന്ത്യയില്‍നിന്ന് 3500 കോടി രൂപയുടെകൂടി അടിയന്തര സഹായം ലഭിക്കുമെന്ന് ശ്രീലങ്ക. ഐ.എംഎഫില്‍ നിന്ന് ലങ്ക സഹായം തേടിയിട്ടുണ്ടെങ്കിലും കിട്ടാന്‍ ആറുമാസമെങ്കിലും വേണ്ടിവരും. ഈ കാലയളവില്‍ ഇന്ധനം അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്കാണ് വായ്പ. പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പ്രസിഡന്റ് ഗോത്തബയ രാജപക്സെയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണു റിപ്പോര്‍ട്ട്.

◼️കാലിഫോര്‍ണിയയില്‍ വിമാനം പറന്നുപൊങ്ങുന്നതിനിടെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റു ചെയ്തു. ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. ചിക്കാഗോ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തിലെ ജീവനക്കാരുമായി വഴക്കുണ്ടാക്കിയ 24 വയസുള്ള യാത്രക്കാരിയാണ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചത്.

◼️അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷെരീഫ് സിറ്റി മോസ്‌കില്‍ സ്ഫോടനം. മുപ്പതു പേര്‍ കൊല്ലപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!