വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണ കരാറുണ്ടാക്കാന്‍  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി അനുമതി

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണ കരാറുണ്ടാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി അനുമതി

◼️വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണ കരാറുണ്ടാക്കാന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി അനുമതി നല്‍കി. ജോയിന്റ് ഡിഗ്രി, ഡുവല്‍ ഡിഗ്രി, പ്രോഗ്രാമുകള്‍ക്ക് ഉള്‍പ്പെടെയാണ് അനുമതി. നാക്ക് ഗ്രേഡ് 3.01 ന് മുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാന്‍ യുജിസിയുടെ മൂന്‍കൂര്‍ അനുമതി വേണ്ട. കോഴ്സുകളുടെ സിലബസ്, ഫീസ് എന്നിവ സ്വന്തമായി തീരുമാനിക്കാം.

◼️ബാങ്ക് വായ്പകളുടെ പലിശ നിരക്ക് 0.10 ശതമാനം വരെ വര്‍ധിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളാണ് നിരക്കു ഏപ്രില്‍ 15 മുതല്‍ വര്‍ധിപ്പിച്ചത്. മറ്റു ബാങ്കുകളും ഉടനേ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കും. വര്‍ധന എത്രയെന്ന് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളുടേയും പലിശ നിരക്കു വര്‍ധിക്കും.

◼️ഇടതു ട്രേഡ് യൂണിയനുകളുടെ സമരഭീഷണി സെക്രട്ടേറിയറ്റിലും. ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന എക്സസ് കണ്‍ട്രോള്‍ സംവിധാനത്തിനെതിരേ സിപിഎം സംഘടനയായ സെക്രട്ടേറിയറ്റ് എപ്ളോയീസ് അസോസിയേഷനാണ് സമരഭീഷണി മുഴക്കിയിരിക്കുന്നത്. കെഎസ്ഇബിയിലും വാട്ടര്‍ അതോറിറ്റിയിലും ഭരണപക്ഷ യൂണിയനുകളുടെ സമരഭീഷണി വാര്‍ത്തയായിരുന്നു.

◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി. മെയ് മുപ്പതുവരെയാണ് സമയം നല്‍കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളിയ ഉത്തരവിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്.

◼️വരുംതലമുറയ്ക്കു വേണ്ടിയുള്ള വികസനമാണ് കെ റെയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കെ റെയില്‍ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികച്ച നഷ്ടപരിഹാരം നല്‍കിയേ ഭൂമി ഏറ്റെടുക്കൂ. നിര്‍ഭാഗ്യവശാല്‍ ചിലര്‍ പ്രതിഷേധിക്കുകയാണ്. ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ ഇടതു സര്‍ക്കാരുകളാണ് വികസന പദ്ധതികള്‍ നടപ്പാക്കിയത്. അന്നു കാര്‍ഷിക പരിഷ്‌കരണ നിയമത്തെയും എതിര്‍ത്തിരുന്നു. പിണറായി പറഞ്ഞു.

◼️സര്‍ക്കാരിനെ എതിര്‍ക്കാനാണ് കെ റെയിലിനെ എതിര്‍ക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വികസന പദ്ധതികള്‍ തടയുകയാണ് ഇവരുടെ ലക്ഷ്യം. ആരും ഭവന, ഭൂരഹിതരാകില്ലെന്നത് എല്‍ഡിഎഫ് നയമാണെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് കെ റെയില്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാനം.

◼️സാക്ഷാല്‍ മുഖ്യമന്ത്രി കെ റെയില്‍ കുറ്റി നാട്ടിയാലും പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ റെയിലിനെതിരായ സമരം കോണ്‍ഗ്രസ് തുടരും. കേരള സംരക്ഷണ സദസ് എന്ന നിലയില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. എന്തുതന്നെയായാലും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെ പറയാന്‍ പിണറായിയുടെ സ്വന്തം പ്രോപ്പര്‍ട്ടിയല്ല കേരളമെന്നും സുധാകരന്‍.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി സര്‍ക്കാരിന്റെ കാലത്ത് 60 രാഷ്ട്രീയ കൊലപാതകം നടന്നു. മൂന്നു വര്‍ഷത്തിനിടെ 1019 പേര്‍ വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെട്ടു. സുധാകരന്‍ പറഞ്ഞു.

◼️കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ഭവനു മുന്നില്‍ ആരംഭിച്ച സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ജനവികാരം എതിരാണെന്നു ബോധ്യപ്പെട്ടതോടെയാണ് അസോസിയേഷന്‍ തത്കാലം സമരം അവസാനിപ്പിച്ചത്. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാനവ്യാപകമായി ഒരു മാസത്തെ പ്രചരണ പരിപാടി നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മെയ് 16 മുതല്‍ ചട്ടപ്പടി സമരം തുടങ്ങുമെന്നും അസോസിയേഷന്‍ പറയുന്നു.

◼️കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ നല്‍കി നടത്തിയ പരീക്ഷ കാലിക്കട്ട് സര്‍വകലാശാല റദ്ദാക്കി. ബിഎസ്സി രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയാണ് ഇങ്ങനെ റദ്ദാക്കിയത്. മാര്‍ച്ച് നാലിനു നടത്തിയ ‘റൈറ്റിംഗ് ഫോര്‍ അക്കാദമിക് ആന്റ് പ്രൊഫഷണല്‍ സക്സസ്’ എന്ന ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷയാണ് ഇങ്ങനെ വിവാദമായത്. ഏപ്രില്‍ 25 ന് പുനപരീക്ഷ നടത്തുമെന്നു സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. ചോദ്യപേപ്പറില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

◼️ഇടതുമുന്നണി കൂടുതല്‍ വിപുലീകരിക്കപ്പെടുമെന്ന് ഇ.പി. ജയരാജന്‍. ഇടതുമുന്നണി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യപ്രതികരണത്തിലാണ് മുന്നണിയെ വിപുലമാക്കുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞത്.

◼️ബസ്, ഓട്ടോ, ടാക്സി നിരക്കുവര്‍ധന ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. മേയ് ഒന്നിനു നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് എല്‍ഡിഎഫിലെ ധാരണ. ബസുകളില്‍ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ്ജ് 30 രൂപയാക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറു രൂപയാക്കും.

◼️പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ എതിര്‍ത്ത് പി ജയരാജന്‍. ശശി ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും ജാഗ്രതയും സൂക്ഷ്മതയും വേണമെന്നും പി ജയരാജന്‍ പറഞ്ഞു.

◼️മാനന്തവാടി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ കെട്ടിട ഉടമയില്‍നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഓവര്‍സീയര്‍ പി സുധി ആണ് പിടിയിലായത്. കൈക്കൂലി കിട്ടാത്തതിനാല്‍ ഒരു വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണം വൈകിപ്പിച്ചതിനെ ത്തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

◼️വിമാനത്തിലെത്തി എടിഎമ്മുകള്‍ തകരാറിലാക്കി പണം അപഹരിച്ച് ആഡംബര ജീവിതം നയിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ കൊല്ലത്ത് പിടിയിലായി. ദേവേന്ദ്ര സിങ്ങ്, വികാസ് സിങ്ങ് എന്നിവര്‍ പിടിയിലായത്. കൊല്ലം കടപ്പാക്കടയില്‍ നിന്നും തട്ടിയെടുത്ത് അറുപത്തിഒന്നായിരം രൂപ ഇവരില്‍നിന്നു കണ്ടെടുത്തു.

◼️ബിഎസ്എന്‍എല്‍ 4 ജിയുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ നാലു നഗരങ്ങളില്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ടിസിഎസ് ട്രയല്‍ റണ്‍ ആരംഭിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഫോര്‍ ജി നടപ്പാക്കുന്നത്.

◼️തൃശൂരില്‍ വെങ്ങിണിശേരിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് വടിവാള്‍ കണ്ടെത്തി. അപകടമുണ്ടായതിനു പിന്നാലെ കാറില്‍ സഞ്ചരിച്ചിരുന്ന നാലു പേര്‍ ഇറങ്ങിയോടി. തൊട്ടുപിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെട്ടു.

◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനു നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി ലഭിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി രണ്ടു ദിവസത്തിനകം ചേരുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കെ വി തോമസിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◼️പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പു പദ്ധതികളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ വീണ്ടും യോഗം. നാലു ദിവസത്തിനിടെ മൂന്നാം തവണയാണ് യോഗം ചേരുന്നത്. ദിഗ്വിജയ് സിങ്, കമല്‍നാഥ്, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വരാനിരിക്കുന്ന ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ചര്‍ച്ചാ വിഷയമാണ്.

◼️ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ഒരു വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. മുഖ്യപ്രതി അന്‍സാര്‍, സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദില്‍ഷാദ്, അഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 25 പേരാണ് കേസില്‍ അറസ്റ്റിലായത്. ഇവരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

◼️അനുവാദമില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുതെന്നും ഉച്ചഭാഷിണികള്‍ ഉച്ചത്തിലാക്കരുതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. ഈദ് ഉത്സവവും അക്ഷയ തൃതീയയും അടുത്ത മാസം ഒരേ ദിവസം വരാനിടയുള്ളതിനാല്‍ പൊലീസ് ജാഗ്രത പാലിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. ക്രമസമാധാന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️സ്വീഡനില്‍ മുസ്ലിം വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. ഖുറാന്‍ കത്തിക്കുകയും കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ അറസ്റ്റിലായി. അനേകര്‍ക്കു പരിക്കേറ്റു. പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. കലാപത്തില്‍ 26 പൊലീസ് ഉദ്യോഗസ്ഥരടക്കം അമ്പതോളം പേര്‍ക്കു പരിക്കേറ്റു.

◼️ശ്രീലങ്കയില്‍ പ്രതിഷേധ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവയ്പ്, ഒരാള്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്കു പരിക്കേറ്റു. ഇന്ധനക്ഷാമത്തിലും ഉയര്‍ന്ന വിലയിലും പ്രതിഷേധിച്ച് സെന്‍ട്രല്‍ ടൗണായ റമ്പൂക്കാനയില്‍ ഹൈവേ ഉപരോധിച്ച ജനക്കൂട്ടത്തിനുനേരെയാണ് പൊലീസ് വെടിവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!