പ്രതിദിന കോവിഡ് കണക്ക് പ്രസിദ്ധീകരിക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

പ്രതിദിന കോവിഡ് കണക്ക് പ്രസിദ്ധീകരിക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് പ്രതിദിന കണക്കുകള്‍ എല്ലാദിവസവും പ്രസിദ്ധികരിക്കണമെന്ന് കേരളത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.കേരളം കൃത്യമായി കണക്കുകള്‍ നല്‍കാത്തത് ആകെ കണക്കിനെ ബാധിക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെയാണ് ദിനംപ്രതി ഉള്ള കണക്കുകള്‍ പുറത്തുവിടുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയത്. ഇത് പുനരാരംഭിക്കാന്‍ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് കത്ത് അയച്ചത്.

പ്രതിദിന കണക്കുകള്‍ പ്രസിദ്ധികരിക്കാത്തത് രാജ്യത്തെ ആകെ കണക്കുകളെ ബാധിക്കുന്നുവെന്നും ആയതിനാല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും കത്തില്‍ പറയുന്നു. കോവിഡ് കേസുകള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും ലവ് അഗര്‍വാള്‍ പറയുന്നു. ഏപ്രില്‍13 നു ശേഷം 18 നാണ് കേരളം കണക്ക് പുറത്തുവിട്ടത്. 13 ന് 298 കേസുകള്‍ ആണ് ഉണ്ടായിരുന്നത്. 18 ന് അഞ്ച് ദിവസത്തെ കണക്ക് ഒന്നിച്ചാക്കി 940 എന്നനിലയിലാണ് പ്രസിദ്ധീകരിച്ചത്. ഇത് രാജ്യത്തെ TPR നിരക്കിനെ അടക്കം ബാധിച്ചിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ ദിവസം 1150 പേര്‍ക്കായിരുന്നു രോഗം ബാധിച്ചതെങ്കില്‍ പുതിയ കണക്ക് പ്രകാരം ഇത് 2183 ആണ്. പ്രതിദിന രോഗവ്യാപന തോത് 0.31 ല്‍ നിന്ന് 0.83 ലേക്ക് എത്തി. ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം 25 ദിവസത്തിടെയുള്ള ഉയര്‍ന്ന നിരക്കില്‍ എത്തി. 517 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 4.21 ശതമാനമാണ് രോഗവ്യാപന തോത്. പുതിയ കണക്ക് പ്രകാരം 11,542 പേരാണ് രാജ്യത്താകെ ചികിത്സയില്‍ തുടരുന്നത്. സ്ഥിഗതികള്‍ വിലയിരുത്താന്‍ 20 ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.

മാസ്‌ക് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. അതേസമയം മീററ്റ്, ഗാസിയാബാദ്, ഗൗതം ബുധനഗര്‍ അടക്കം 6 ജില്ലകളില്‍ കേസുകള്‍ കൂടിയ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഈ മാസം ആദ്യമാണ് മാസ്‌ക് കര്‍ശനമല്ലാതാക്കിയത്.

ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഏപ്രില്‍ 20 ന് സ്ഥിതിഗതികള്‍ വിലയിരുത്താനിരിക്കെയാണ്, കേസുകളുടെ പ്രതിദിന കുതിച്ചുചാട്ടവും പോസിറ്റീവ് നിരക്കിലെ പ്രധാന വര്‍ദ്ധനവും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ശനിയാഴ്ച, നഗരത്തില്‍ 461 കേസുകള്‍ രേഖപ്പെടുത്തി, 5.33 ശതമാനം പോസിറ്റിവിറ്റി നിരക്ക്, രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ 366 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!