ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹത്തെ ലൗ ജിഹാദെന്നു വിശേഷിപ്പിച്ച് സിപിഎം  മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ്

ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹത്തെ ലൗ ജിഹാദെന്നു വിശേഷിപ്പിച്ച് സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ്

◼️കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഷെജിനും വിദേശത്തു നഴ്സായ ജോയ്‌സ്നയും തമ്മിലുള്ള വിവാഹത്തെ ലൗ ജിഹാദെന്നു വിശേഷിപ്പിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ്. ഒളിച്ചോടേണ്ട ആവശ്യം ഇല്ലായിരുന്നു. ജോര്‍ജ് എം തോമസ് വിമര്‍ശിച്ചു. പ്രണയം പാര്‍ട്ടിയില്‍ അറിയിക്കേണ്ടതായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മിശ്ര വിവാഹിതരായ ഇരുവര്‍ക്കും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഫേസ് ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ചു.

◼️ലവ് ജിഹാദ് അല്ലെന്നും ഏഴുമാസമായി പ്രണയത്തിലായിരുന്നെന്നും മിശ്രവിവാഹിതരായ ജോയ്സനയും ഷെജിനും. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമാണ് നൂറാംതോട് സ്വദേശിയായ ഷെജിന്‍. സൗദിയില്‍ നഴ്സായ ജോയ്സന ജോസഫ് മറ്റൊരു വിവാഹ നിശ്ചയത്തിനു രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ഇരുവരും സ്ഥലംവിട്ടത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പ്രതിഷേധിച്ച് നാട്ടുകാര്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി. ഇതോടെ ഇന്നലെ രാവിലെ ജോയ്സന കോടതിയില്‍ ഹാജരാകുകയായിരുന്നു.

◼️ലൗ ജിഹാദുണ്ടെന്ന് സമ്മതിച്ച ജോര്‍ജ് എം തോമസ് പ്രസ്താവന മാറ്റിപറഞ്ഞില്ലെങ്കില്‍ സിപിഎമ്മില്‍നിന്നു പുറത്താകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോടഞ്ചേരിയില്‍നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◼️യുക്രെയിനിലെ തുറമുഖ നഗരമായ മരിയൂപോളില്‍ റഷ്യ രാസായുധം പ്രയോഗിച്ചെന്ന് യുക്രെയിന്‍. നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാനുള്ള റഷ്യന്‍ ആക്രമണങ്ങളെ ജനങ്ങള്‍ ചെറുത്തുകൊണ്ടിരിക്കേയാണ് റഷ്യ രാസായുധം പ്രയോഗിച്ചതെന്ന് യുക്രെയിന്‍ പറഞ്ഞു. രാസായുധം പ്രയോഗിച്ചാല്‍ നാറ്റോ ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. രാസായുധം പ്രയോഗിച്ചോയെന്നു സ്ഥിരീകരണം ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ബ്രിട്ടന്‍.

◼️കോണ്‍ഗ്രസിലെ ജി 23 നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന പത്തു നേതാക്കളുമായി രണ്ടു ദിവസത്തിനകം പാര്‍ട്ടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് രാഹുലിന്റെ ചര്‍ച്ച.

◼️മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജിയുടെ ഭാര്യ ആശയുടെ കോഴിക്കോട് വേങ്ങരയിലെ വീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പ്ളസ് ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി.

◼️കാക്കവയലില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ നാലു വയസ്സുള്ള കുട്ടി ആരവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️ഭാര്യയെ അച്ഛന്റെ മുന്നിലിട്ട് പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. തൃശൂര്‍ ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു (43) വിനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. നഷ്ടപരിഹാരം കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന് നല്‍കണം. 2018 ഏപ്രില്‍ 29 നാണ് കൊലപാതകം നടന്നത്.

◼️വിഷുക്കൈനീട്ടം നല്‍കാന്‍ പൊതുജനങ്ങളില്‍നിന്നു പണം വാങ്ങരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കായിട്ടാണ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷുക്കൈനീട്ടം നല്‍കാനെന്ന പേരില്‍ പൊതുജനങ്ങളില്‍നിന്നു പണം ശേഖരിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

◼️കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ രണ്ടു ബസുകള്‍ ആദ്യദിനം തന്നെ അപകടത്തില്‍ പെട്ടു. രണ്ട് അപകടങ്ങളിലും യാത്രക്കാര്‍ക്ക് പരിക്കില്ല. എന്നാല്‍ ബസ്സുകള്‍ക്ക് കേടുപാടുണ്ട്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഡിജിപിക്ക് പരാതി നല്‍കി.

◼️കെ.എസ്.ഇ.ബി ബജറ്റിലെ കണക്കുകളെച്ചൊല്ലിയും വിവാദം. താരീഫില്‍നിന്നുള്ള വരുമാനം 15,644 കോടി രൂപയായിരിക്കേ ഈ വര്‍ഷം വരുമാനം 17,323 കോടി രൂപയാകുമെന്ന ബജറ്റ് നിര്‍ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂണിയനുകള്‍. 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണു ബജറ്റിലെ കണക്ക്. ഉത്തരവാദികളായ കെ.എസ്.ഇ.ബിയുടെ സിഎംഡിക്കും ഫിനാന്‍സ് ഡയറക്ടര്‍ക്കുമെതിരേ നടപടി വേണമെന്നും യൂണിയന്‍ നേതാക്കള്‍.

◼️ഗുജറാത്തിലെ പാട്ടിദാര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിക്കേണ്ട വിഷയമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. 2015 ലെ കലാപക്കേസില്‍ ഹാര്‍ദിക് പട്ടേലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത് മെഹ്സാന സെഷന്‍സ് കോടതിയാണ്.

◼️മുസ്‌ളിംകളെ സമാധാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പ. മുസ്ലീംകളുടെ സ്ഥാപനങ്ങള്‍ക്കെതിരേ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന. മുസ്ലീങ്ങളുടെ പഴവണ്ടികള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചതിന് ശ്രീരാമസേനയിലെ നാലുപേരെ ധാര്‍വാഡില്‍ അറസ്റ്റ് ചെയ്തിരുന്നു.

◼️ന്യൂയോര്‍ക് നഗരത്തില്‍ ആക്രമണം. 13 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ ആള്‍ ബോംബെറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!