പള്ളുരുത്തി: കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ വിലക്ക് ലംഘിച്ച് കെ.വി. തോമസ് പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ശവമഞ്ചവുമേന്തിയായിരുന്നു നൂറോളം പേർ പങ്കെടുത്ത പ്രതിഷേധം. കുമ്പളങ്ങിയുടെ തെക്കേ അറ്റത്തുനിന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതീകാത്മക ശവമഞ്ചവുമായുള്ള പ്രകടനം ദ്വീപിന്റെ വടക്കേയറ്റത്താണ് സമാപിച്ചത്. തുടർന്ന്, പെരുമ്പടപ്പ് പാലത്തിൽനിന്ന് ശവമഞ്ചം കായലിലേക്ക് തള്ളി.
◼️ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനോട് പ്രതികരിച്ച് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം നോട്ടീസിന് ഉടന്‍ മറുപടി നല്‍കുമെന്നും പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ആവര്‍ത്തിച്ചു.
◼️പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ഇമ്രാന് ഖാന്റെ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി, തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ദൈവം പാകിസ്ഥാനെ രക്ഷിച്ചുവെന്നും പാകിസ്ഥാന് ജനത ഈ ദിവസം ആഘോഷിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
◼️ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്തണം എന്നാണ് ആഗ്രഹമെന്ന് നിയുക്ത പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്ഥാന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഷെഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ സുസ്ഥിര സമാധാനം ഉറപ്പാക്കാന്‍ കശ്മീര്‍ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
◼️നിയുക്ത പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് മോദി വ്യക്തമാക്കി.
◼️ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നല്കുന്ന ശുപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നടുകടത്തുന്നതിനുമുള്ള ശുപാര്‍ശകളില്‍ കളക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതല തലയോഗത്തിലായിരുന്നു തീരുമാനം.
◼️കെഎസിഇബി തര്‍ക്കത്തില്‍ ചെയര്മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും കത്തില്‍ പറയുന്നു.
◼️സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്‍ത്തനോദ്ഘാടനവും ഫ്ളാഗോഫും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് നിര്‍വഹിക്കും. ഈ ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍ കൂടി സജ്ജമായതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും.
◼️ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള പുതിയ സംരഭമായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ സര്‍വ്വീസുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ഉദ്ഘാടന ചടങ്ങ് ഭരണാനുകൂല സംഘടനയടക്കം ബഹിഷ്കരിച്ചു. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്. ജീവനക്കാരുടെ പ്രതികരണം സ്വാഭാവികമാണെന്നും, ധനവകുപ്പിനോട് അധിക സഹായം തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
◼️പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തു വിടുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കോവിഡ് അപ്ഡേഷന് ഉണ്ടായിരിക്കുന്നതല്ല എന്നാണ് ഇന്നലെ വൈകിട്ടോടെ ആരോഗ്യവകുപ്പ് അറിയിച്ചത്.
◼️സിറോ മലബാര്‍ സഭാ ഇടപാട് കേസില്‍ പ്രതിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകില്ല. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, തല്ക്കാലം ഹാജരാകേണ്ടതില്ലെന്നാണ് കര്‍ദിനാളിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്കിയ ഹര്‍ജി നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി തീരുമാനമാകുംവരെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ദിനാളിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെടും.
◼️നടിയെ ആക്രമിച്ച കേസില്‍ വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്ന നടി കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തളളി. ആലുവയിലെ പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം കാവ്യാ മാധവനെ അറിയിച്ചു. എന്നാല്‍ സാക്ഷി എന്ന നിലയിവാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താന്‍ ആവില്ലെന്നുമാണ് കാവ്യയുടെ നിലപാട്.
◼️ഹര്‍ത്താലുകളെ വിമര്‍ശിച്ച് വീണ്ടും ശശി തരൂര്‍ എം പി. ഐഎന്‍ടിയുസി പരിപാടിയിലാണ് ഹര്‍ത്താലിനെയും വഴി തടയലുകളെയും തരൂര്‍ വിമര്‍ശിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര രീതിയെയാണ് തരൂര്‍ വിമര്‍ശിച്ചത്.
◼️കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ ഓവര്‍ ടേക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കൂട്ടത്തല്ലില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും യാത്ര ചെയ്ത കാര്‍ ഒരു ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
◼️കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പതിനഞ്ചാം തിയതി വെള്ളിയാഴ്ച വരെയാണ് മഴ തുടരാന്‍ സാധ്യത. ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
◼️കേന്ദ്രസര്‍ക്കാരിന്റെ നെല്ല് സംഭരണ നയത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിലെ കര്‍ഷകരുടെ അരി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ദില്ലി തെലങ്കാന ഭവനില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികരിക്കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് റാവു മുന്നറിയിപ്പ് നല്കി.
◼️യുക്രെയ്ന് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യുക്രെയ്ന് – റഷ്യ ചര്‍ച്ചകളില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
◼️അഫ്ഗാനിസ്താനില്‍ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാക്സ്ഥാനെ പുതിയ താവളമാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐ എസ് ഭീകരരാണ് പാക്കിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
◼️കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷാങ്ഹായിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത ജനം ഭക്ഷണത്തിനായി ജനലിനരികില്‍ നിന്ന് അലറിവിളിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. 2.6 കോടിയോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷാങ്ഹായ് നഗരത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണം കടുപ്പിച്ചത് വിമര്‍ശന വിധേയമായിരുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.