◼️വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത പ്രഫ. കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തുനല്‍കി. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
◼️പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അധികാരത്തില്‍നിന്ന് ക്ലീന്‍ ബൗള്‍ഡ്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രിക്കുശേഷമാണ് വിശ്വാസവോട്ടെടുപ്പു നടന്നത്. 342 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 172 പേരുടെ പിന്തുണ വേണം. എന്നാല്‍ 174 വോട്ടുമായാണ് അവിശ്വാസ പ്രമേയം പാസായത്. ഇന്നു പുലര്‍ച്ചെ ഇമ്രാന് ഖാനെ വീട്ടു തടങ്കലിലാക്കിയെന്നാണു റിപ്പോര്‍ട്ട്. പുതിയ പ്രധാനമന്ത്രിയെ ഇന്നുച്ചയോടെ തെരഞ്ഞെടുത്തേക്കും. ഷഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയാകാനാണ് സാധ്യത. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി പുറത്താകുന്നത്.
◼️പാക്കിസ്ഥാനില്‍ ഇമ്രാന് ഖാന് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടുന്നതു കാണാന്‍ ദേശീയ അസംബ്ളിയിലേക്ക് സുപ്രീം കോടതി ചീഫ് ജസറ്റിസും എത്തി. ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ ഇമ്രാന് ഖാന് മന്ത്രിസഭാ യോഗം വിളിച്ച് ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുള്ള അവസാന ശ്രമവും നടത്തിയിരുന്നു. ഫലിക്കാതായതോടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. പുതിയ താത്കാലിക സ്പീക്കറെ തെരഞ്ഞെടുത്താണ് വോട്ടെടുപ്പു നടന്നത്. അവിശ്വാസ വോട്ടെടുപ്പ് വൈകുന്നതില്‍ പാക് സുപ്രീംകോടതി അമര്‍ഷം അറിയിച്ചിരുന്നു.
◼️കൊവാക്സീന്, കൊവീഷില്‍ഡ് വാക്സീനുകളുടെ വില കുറച്ചു. 225 രൂപ നിരക്കിലാവും വാക്സീന് ലഭിക്കുക. നേരത്തെ കൊവീഷില്‍ഡ് 600 രൂപയ്ക്കും കൊവാക്സീന് 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്.
◼️മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോര്‍ഡ് പെന്ഷന് തുകയായ 3200 രൂപ വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് ഒന്നിച്ച് വിതരണം ചെയ്യുന്നു. ഏപ്രിലിലെ പെന്ഷന് മുന്‍കൂറായി നല്‍കുകയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്ഷന് വിതരണം ഇന്നലെ ആരംഭിച്ചു. സാമൂഹ്യ സുരക്ഷ പെന്ഷന് നല്കാന് 1537.88 കോടി രൂപയും ക്ഷേമബോര്‍ഡ് പെന്ഷന് നല്കാന് 208.55 കോടി രൂപയുമാണ് അനുവദിച്ചത്. ആകെ 56.19 ലക്ഷം പേര്‍ക്കായി 1746.43 കോടി രൂപ വിതരണം ചെയ്യും.
◼️തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനുമായി സിതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയമാനങ്ങളുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പിന്നീട് പറഞ്ഞു. തമിഴ്നാട്ടിലുള്ള സഖ്യം ദേശീയ തലത്തില്‍ ഉയര്‍ത്താനാണു ശ്രമം. തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ട്. ദേശീയതലത്തിലും ഈ പാര്‍ട്ടികള്‍ ഒരുമിക്കും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.
◼️കെ റെയില്‍ അടക്കമുള്ള കേരളത്തിന്റെ വികസന പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കരുതെന്ന് പ്രഫ. കെവി തോമസ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി വിമാനത്താവളം വികസനത്തിന് എല്ലാ പാര്‍ട്ടികളും ഒന്നിച്ചു നില്ക്കുകയാണു ചെയ്തത്. നെഹ്റുവിന്റെ സമീപനത്തിലേക്ക് കോണ്‍ഗ്രസുകാര്‍ നീങ്ങണം. കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിച്ചു മുന്നോട്ടുപോകേണ്ട സമയമാണിത്. ഇല്ലെങ്കില്‍ ജനാധിപത്യം ഇല്ലാതാകും. തോമസ് പറഞ്ഞു.
◼️മകള്‍ അടക്കം നിരവധി സ്ത്രീകളെ മുറികളില്‍ അടച്ചുപൂട്ടി മുപ്പതു വര്‍ഷം പീഡിപ്പിച്ച കൊടും കുറ്റവാളിയായ മലയാളി അരവിന്ദന് ബാലകൃഷ്ണന് ലണ്ടനിലെ ജയിലില്‍ മരിച്ചു. 2016 മുതല്‍ ഡാര്‍ട്ട്മൂര്‍ ജയിലിലാണ് ഈ 81 കാരന് കഴിഞ്ഞിരുന്നത്. ബ്രിട്ടീഷ് കോടതി 23 വര്‍ഷം തടവുശിക്ഷയാണു വിധിച്ചത്. കോമ്രേഡ് ബാല എന്ന പേരു സ്വീകരിച്ച അരവിന്ദന്റെ കൊടും ക്രൂരതകള്‍ പില്ക്കാലത്ത് മകള്‍ കാര്‍ത്തി മോര്‍ഗനാണു വെളിപ്പെടുത്തിയത്. 1970 കളില്‍ തൊഴിലാളികള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് നേതാവായ ബാലകൃഷ്ണന്, പിന്നീട് ആള്‍ദൈവമായി മാറി. നിരവധിപ്പേരെ ഇയാള്‍ അടിമകളാക്കി പീഡിപ്പിച്ചു. സൗത്ത് ലണ്ടനിലെ വീട്ടില്‍ 30 വര്‍ഷം നിരവധി വനിതകളെ തടവിലിട്ട് ബലാത്സംഗം ചെയ്തെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന കേസ്.
◼️ഇതര മതങ്ങളെ കടന്നാക്രമിക്കുന്ന ഹിന്ദുത്വ അജണ്ട രാജ്യത്തിന് അപകടമാണെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ഇസ്ലാം മൗലികവാദത്തേയും സി പി എം എതിര്‍ക്കും. തമിഴ്നാട്ടിലേത് അവിടുത്തെ മാത്രം സഖ്യമാണ്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനാണ് പാര്‍ട്ടി അനുമതി നല്‍കിയത്. എന്നാല്‍ അവിടെയത് സഖ്യമായി. തമിഴ്നാട്ടില്‍ ഡിഎംകെയുമായും ബിഹാറില്‍ ആര്‍ജെഡിയുമായുമാണ് സഖ്യം. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് സഖ്യ സാധ്യത. അദ്ദേഹം പറഞ്ഞു.
◼️കേരളത്തിലെ ബദല്‍ നയത്തെ പ്രകീര്‍ത്തിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം. ഇടതുപക്ഷ ബദലിനുദാഹരണമാണ് കേരളത്തില്‍ നടപ്പാക്കിയ നയമെന്നും കേരളാ ബദല്‍ ദേശീയതലത്തില്‍ പ്രചരിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ കേരളാ ബദല്‍ പ്രമേയത്തില്‍ സില്‍വര്‍ലൈനിനെക്കുറിച്ച് പരാമര്‍ശമില്ല.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ താരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സ്റ്റാലിന് സംസാരിച്ചു തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്. മതേതരത്വത്തിന്റെ മുഖമാണ് അദ്ദേഹം. പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരു തന്നെ തെളിവെന്നും സ്റ്റാലിന് പറഞ്ഞു. ബിജെപി നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
◼️ഗുരുവായൂരില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായി. നെന്മേനി സ്വദേശി സജീവനാണ് പിടിയിലായത്. മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന് പൊലീസിനോട് പറഞ്ഞു. ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സോണിയ ഗാന്ധി വിലക്കിയതിനാലാണ് പങ്കെടുക്കാതിരുന്നത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◼️തമിഴ്നാട് മോഡല്‍ സഖ്യം ദേശീയതലത്തിലും വരുമ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനാകുമോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്. കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്നാട് മോഡല്‍ സഖ്യം വരുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും മുരളീധരന് പറഞ്ഞു.
◼️പ്രഫ. കെ.വി. തോമസ് സുഖിമാനായിരുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തോമസ് ഒരു ദിവസമെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
◼️മുസ്ലീം സ്ത്രീകളെ ബലാത്സംഗ ഭീഷണി മുഴക്കുന്ന വീഡിയോയിലുള്ള ഹിന്ദു പുരോഹിത വേഷധാരിയേപ്പോലുള്ള തെമ്മാടികള്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഹിന്ദുക്കളില്‍ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയും. അവരൊന്നും തങ്ങളുടെ ഭാഗമല്ലെന്ന നിലപാടുള്ളവരാണ് മിക്കവരുമെന്ന് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
◼️പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി മുന്‍ മന്ത്രിയും യുവനേതാവുമായ അമരീന്ദ്രര് സിങ്ങ് ബ്രാറിനെ നിയമിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് നവ്ജ്യോത്സിംഗ് സിദ്ദുവിനെ മാറ്റിയിരുന്നു.
◼️കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ് (21) ആണ് മരിച്ചത്.
◼️യുക്രെയിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം വാഗ്ദാനം ചെയ്ത് യൂറോപ്യന്‍ യൂണിയന് മേധാവി. നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള ശ്രമത്തിനിടെയാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ പ്രവേശനം അനുവദിക്കണമെന്ന് ഏതാനും മാസങ്ങളായി സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിന് അല്‍പ്പം ശമനമുണ്ടായപ്പോള്‍ യുക്രെയിനെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കാമെന്ന പ്രഖ്യാപനം റഷ്യയെ എങ്ങനെ പ്രകോപിപ്പിക്കുമെന്നു കാത്തിരിക്കുകയാണ് യൂറോപ്യന്‍ യൂണിയനും ലോകരാജ്യങ്ങളും.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.