ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ മുന്നണി വേണമെന്ന് സീതാറാം യെച്ചൂരി

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ മുന്നണി വേണമെന്ന് സീതാറാം യെച്ചൂരി

◼️ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ മതേതര ജനാധിപത്യ മുന്നണി വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച നടത്തി. യെച്ചൂരിയുടെ പ്രസംഗം മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു. യുക്രെയ്ന്‍, ശ്രീലങ്കന്‍ പ്രതിസന്ധികളും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. യുക്രെയിനില്‍ കൂട്ടക്കൊല നടത്തിയ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമുണ്ട്. ശ്രീലങ്കയില്‍ ആഗോളവത്കരണത്തിന്റെ പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടുന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

◼️ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്‌കൂട്ടര്‍ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

◼️സീറോ മലബാര്‍ സഭ കുര്‍ബാന പരിഷ്‌കരണ തര്‍ക്കത്തില്‍ മാര്‍പാപ്പയെ വെല്ലുവിളിച്ച് എറണാകുളം അങ്കമാലി അതിരൂപത ബിഷപ് ആന്റണി കരിയില്‍. സിനഡ് അംഗീകരിച്ച കുര്‍ബാന ഈസ്റ്ററിനു മുമ്പ് നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ ആവശ്യം തള്ളിയ ബിഷപ് ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കുമെന്ന് അറിയിച്ചു.

◼️യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ പാസാക്കുമെന്ന് യുക്രൈന്‍ അറിയിച്ചെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. തുടര്‍പഠനമേറ്റെടുക്കാന്‍ ഹംഗറി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥികളുടേതടക്കം തുടര്‍പഠനം പ്രതിസന്ധി നേരിടുമ്പോഴാണ് ഈ നിര്‍ദേശം.

◼️മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചു. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തിചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കിയതിനു തൊട്ടുപിറകേയാണ് ബാങ്ക് സിഇഒ യുടെ രാജി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നു ജോസ് കെ പീറ്റര്‍ പറഞ്ഞു.

◼️തൃശൂര്‍ നഗരസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കേസുകളുമായി യുദ്ധം. മേയറുടെ കാര്‍കൊണ്ട് ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മേയര്‍ എംകെ വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ്. മണിക്കൂറുകള്‍ക്കകം മേയറെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേയും പോലീസ് കേസെടുത്തു. പൈപ്പില്‍ ചെളിവെള്ളമാണു കിട്ടുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കുപ്പികളില്‍ ചളിവെള്ളവുമായി എത്തി കൗണ്‍സില്‍ യോഗത്തില്‍ ബഹളം വച്ചിരുന്നു. മേയറുടെ കോലവുമായാണ് അവര്‍ എത്തിയത്. ഇതറിഞ്ഞ മേയര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. കൗണ്‍സിലര്‍മാര്‍ കാറിനു മുന്നില്‍ മേയറെ തടഞ്ഞു. കാര്‍ മുന്നോട്ടെടുത്തപ്പോള്‍ കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസമയം, കൗണ്‍സില്‍ യോഗത്തിനിടെ മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കൗണ്‍സില്‍ ഹാള്‍ നശിപ്പിച്ചു, ചേംബറില്‍ അതിക്രമിച്ചു കയറി, ഔദ്യോഗിക വാഹനം നശിപ്പിച്ചു, മേയറുടെ ചേംബറില്‍നിന്ന് രേഖകള്‍ അപഹരിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരെയും കേസെടുത്തു.

◼️ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിക്കിടയാക്കിയ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ മുട്ട റോസ്റ്റിന്റെയും അപ്പത്തിന്റെയും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍നിന്ന് 40 രൂപയാക്കി. അപ്പത്തിന് അഞ്ച് രൂപ കുറച്ച് പത്തു രൂപയാക്കിയെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു.

◼️കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക യോഗം ഇന്ന്. പെട്രോളിയം സഹ മന്ത്രി രാമേശ്വര്‍ തെലിയാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകേയാണ് യോഗം.

◼️കെഎസ്ഇബിയിലെ സിപിഎം സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയര്‍മാന്‍ സസ്പെന്‍ഡ് ചെയ്ത നടപടി ശരിവച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി. ആരായാലും നിയമവും ചട്ടവും പാലിക്കണമെന്നും ചെയര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

◼️കേരളത്തിലെ 289 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ. പൊലീസിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമില്ല. ഇതുമൂലം നാലുവര്‍ഷം പഴക്കമുള്ള കേസുകളില്‍പോലും തീര്‍പ്പുണ്ടാക്കാനാകുന്നില്ലെന്ന് രേഖാശര്‍മ്മ വിമര്‍ശിച്ചു.

◼️സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴയുണ്ടാകും. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

◼️ലക്ഷദ്വീപില്‍ എല്ലാ ബുധനാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ സൈക്കിളില്‍ സഞ്ചരിച്ചുവേണം ഓഫീസിലെത്താന്‍. ഓഫീസിലേക്കുള്ള യാത്രയ്ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ് ഭരണകൂടം ഉത്തരവിറക്കി. എല്ലാ ദ്വീപുകള്‍ക്കും ഉത്തരവ് ബാധകമാണ്. അംഗപരിമിതര്‍, ഗുരുതര ശാരീരിക പ്രശ്നമുള്ളവര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

◼️തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് രോഗികള്‍ക്കായി ഏഴു സൗജന്യ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയനും സിഇഒ ഡോ. ബെന്നി ജോസഫും അറിയിച്ചു. സൗജന്യ ഓപി മുതല്‍ സൗജന്യ ഡയാലിസിസ് വരെയുള്ള പദ്ധതികളാണു നടപ്പാക്കുക.

◼️അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുകര ആദിവാസി ഊരിലെ സഞ്ജു (16) വാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോകുന്നതിടെയാണ് അപകടമുണ്ടായത്.

◼️ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയിലും പാസായി. അറസ്റ്റിലാകുന്നവരുടെ രക്തസാമ്പിള്‍ അടക്കമുള്ള എല്ലാം ശേഖരിച്ചു പരിശോധിക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ബഹളത്തിനിടെയാണ് ബില്‍ പാസായത്. മനുഷ്യാവകാശം, സ്വകാര്യത വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യ എതിര്‍പ്പുയര്‍ത്തരുതെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിയുടെ രക്ത സാമ്പിളുകളും ഒപ്പും വിരലടയാളങ്ങളും അടക്കമുള്ളവ പോലീസ് കള്ളത്തെളിവുണ്ടാക്കാന്‍ ദുരുപയോഗിക്കുമെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.

◼️ഒരു മാസവും രണ്ടാഴ്ചയും പിന്നിടുന്ന റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനു വേഗത കുറഞ്ഞു. പലയിടത്തുനിന്നും റഷ്യന്‍ സൈന്യം പിന്മാറുകയാണ്. പിന്‍വലിക്കുന്ന സൈന്യത്തെ രാജ്യത്തിന്റെ തെക്കു കിഴക്കു ഭാഗത്ത് വിന്യസിക്കുന്നുണ്ടെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ കീവിനുള്ള ഭീഷണി ഒഴിവായി. റഷ്യയുടെ 20,000 സൈനികരെ നഷ്ടമായെന്നാണു റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!