ശ്രീലങ്കയില്‍ രജപക്സെ സര്‍ക്കാര്‍ വീഴുന്നു. ഘടകകക്ഷികള്‍ കൂട്ടത്തോടെ മുന്നണി വിട്ടു

ശ്രീലങ്കയില്‍ രജപക്സെ സര്‍ക്കാര്‍ വീഴുന്നു. ഘടകകക്ഷികള്‍ കൂട്ടത്തോടെ മുന്നണി വിട്ടു

◼️ശ്രീലങ്കയില്‍ രജപക്സെ സര്‍ക്കാര്‍ വീഴുന്നു. ഘടകകക്ഷികള്‍ കൂട്ടത്തോടെ മുന്നണി വിട്ടു. ഭൂരിപക്ഷം നഷ്ടമായി. 225 അംഗങ്ങളുള്ള ലങ്കന്‍ പാര്‍ലമെന്റില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്സെ സര്‍ക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂറിനകം രാജിവച്ചു. പ്രസിഡന്റ് ഗോട്ടബയയുടെ സഹോദരനാണ് ഇദ്ദേഹം. ഇതേസമയം, ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയാണ് ഉത്തരവിറക്കിയത്.

◼️സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടും പാര്‍ട്ടി തളര്‍ന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടു മുന്നോട്ടു പോകാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. ബിജെപിക്കൊപ്പമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും. നാട്ടില്‍ വികസനം വേണ്ടെന്നാണ് എംപിമാര്‍ പറയുന്നത്. നാടിന്റെ വികസനത്തിനു തടസം നില്‍ക്കുന്നവര്‍ ശോഷിച്ച് ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️കെഎസ്ആര്‍ടിസി പ്രതിസന്ധി തുടര്‍ന്നാല്‍ ഏതാനും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു മാര്‍ഗമില്ല. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

◼️പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.

◼️ഇന്ധന വിലയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വര്‍ധിച്ച വിലയുടെ പത്തിലൊന്നു മാത്രമാണ് ഇന്ത്യയില്‍ വര്‍ധിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി എച്ച്എസ് പുരി ലോക്സഭയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും ഈ വര്‍ഷം മാര്‍ച്ച് 22 നും ഇടയില്‍ ഇന്ധന വില താരതമ്യം ചെയ്താണ് വിശദീകരണം. യുഎസില്‍ 51 %, കാനഡ 52 %, ജര്‍മ്മനി 55 %, യുകെ 55 %, ഫ്രാന്‍സ് 50 %, സ്പെയിന്‍ 58 % എന്നിങ്ങനെയാണ് വര്‍ധന. അതേ സമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. മന്ത്രി പറഞ്ഞു.

◼️പാര്‍ട്ടി അംഗത്വത്തില്‍ ഇടിവുണ്ടായെന്ന് സിപിഎം സംഘടന റിപ്പോര്‍ട്ട്. സിപിഎം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതില്‍ 5,27,174 പേര്‍ കേരളത്തില്‍ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. 31 വയസിനു താഴെയുള്ളവരുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്. ആര്‍എസ്എസ് സ്വാധീനം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.

◼️കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി തോമസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യത്തില്‍ വരേണ്ട പാര്‍ട്ടിയാണു സിപിഎം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കാനാണു തന്നെ വിളിച്ചത്. അദ്ദേഹം പറഞ്ഞു. കെപിസിസി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരിക്കേയാണ് തീരുമാനിച്ചില്ലെന്ന് തോമസ് പ്രതികരിച്ചത്.

◼️മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിനു കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണം. ബസിനു നേരെ വന്ന പടയപ്പ കൊമ്പു കൂത്തി ബസിന്റെ ചില്ലു തകര്‍ത്തു. മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

◼️വേനല്‍മഴയില്‍ എറണാകുളം – അങ്കമാലി ദേശിയ പാതയില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ മരങ്ങളും പരസ്യഹോര്‍ഡിംഗുകളും തകര്‍ന്നുവീണു. ദേശിയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാര്‍ഷികമേഖലയിലും വ്യാപക നാഷനഷ്ടമുണ്ടായി. ടെല്‍ക് മുതല്‍ ടൗണ്‍ വരെ രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗതക്കുരുക്ക്.

◼️ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ ഇന്നും നാളേയും ഇന്റര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ എക്സിബിഷന്‍ മല്‍സരം. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രദര്‍ശനം. സെമിനാറുകളും ഒരുക്കിയിട്ടുണ്ടെന്ന് അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അറിയിച്ചു.

◼️പാചകവാതക-ഇന്ധന വിലവര്‍ധനവിനെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണ്ണയും. ധര്‍ണ്ണയ്ക്ക് മുന്‍പായി രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് രാജ്ഭവനിലേക്ക് സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കും. കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്രനടത്തിയും പ്രതിഷേധമുണ്ടാകും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

◼️സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് സതീശന്‍ ആരോപിച്ചു.

◼️ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളേയും ലയിപ്പിച്ച് ഒറ്റ കോര്‍പ്പറേഷനാക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി. ഡല്‍ഹി ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളാണ് ഏകീകരിക്കുന്നത്. കോര്‍പറേഷന്‍ ഭരണം പിടിച്ചടക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് ലയനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

◼️പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന രീതി യുഎഇ നിര്‍ത്തുന്നു. താമസവിസക്കു പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കും. ഏപ്രില്‍ 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

◼️തലസ്ഥാന നഗരമായ കീവിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ പൂര്‍ണ ആധിപത്യം തിരിച്ചു പിടിച്ചെന്ന് യുക്രെയ്ന്‍. 41 ദിവസം പിന്നിട്ട റഷ്യന്‍ അധിനിവേശത്തില്‍ 15,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് നാറ്റോ വ്യക്തമാക്കി. കീവ് പിടിച്ചെടുക്കുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചത്. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ മാത്രമാണ് റഷ്യക്കു സാധിച്ചത്.

◼️അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. 540 കോടി ഡോളറാണ് ആസ്തി. ആഗോള തലത്തില്‍ 490-ാം സ്ഥാനം. ടെസ്ല കമ്പനി മേധാവി ഇലോണ്‍ മസ്‌കാണ് ഫോബ്‌സ് പട്ടികയിലെ ഒന്നാമന്‍. 21,900 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. 17,100 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തി. 410 കോടി ഡോളറുള്ള ഇന്‍ഫോസിസിന്റെ എസ് ഗോപാലകൃഷ്ണനാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. 360 കോടി ഡോളര്‍ ആസ്തിയുള്ള ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. 9070 കോടി ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ആഗോള തലത്തില്‍ ആദ്യ പത്തിലുള്ള ഇന്ത്യക്കാരന്‍. പതിനൊന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ്. 90 ബില്യന്‍ ഡോളറാണ് അദാനിയുടെ ആസ്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!