◼️പാക്കിസ്ഥാനില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഇടക്കാല പ്രധാനമന്ത്രിയാകും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഇമ്രാന് ഖാന്‍തന്നെയാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇതേസമയം, പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതു തടഞ്ഞതിനെതിരേ സുപ്രീം കോടതിയില്‍ പ്രതിപക്ഷം നല്കിയ കേസില്‍ ഇന്നു വിധി പ്രസ്താവിച്ചേക്കും.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കണ്ണൂരില്‍ കൊടി ഉയരും. കണ്ണൂര്‍ നഗരവും ജില്ലയും ചുവന്നു തുടുത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ കണ്ണൂരിലെത്തി. സമ്മേളനത്തിനു മുന്നോടിയായുള്ള പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എകെജി നഗറില്‍ എത്തും.
◼️പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണു വര്‍ധിപ്പിച്ചത്.
◼️ഓട്ടോ ചാര്‍ജിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം രണ്ടു കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തിരുത്തുന്നു. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ദൂരപരിധി ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനുമാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും.
◼️തൃശൂര്‍ക്കാരനായ മനോജ് ജോര്‍ജിനു വീണ്ടും ഗ്രാമി പുരസ്കാരം. ന്യൂ ഏജ് ആല്‍ബം വിഭാഗത്തില്‍ അവാര്‍ഡ് സ്വന്തമാക്കിയ ‘ഡിവൈന്‍ ടൈഡ്സി’ലൂടെയാണ് മനോജ് ജോര്‍ജ് ഗ്രാമി പുരസ്കാര ജേതാവായത്. ഇന്ത്യക്കാരനായ റിക്കി കേജ് സംഗീത സംവിധാനം ചെയ്ത ആല്‍ബത്തില്‍ വയലിനിസ്റ്റ്, സ്ട്രിംഗ് അറേഞ്ചര്‍, കണ്ടക്ടര്‍ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത് മനോജ് ജോര്‍ജാണ്. 2015 ലും ഈ കൂട്ടുകെട്ട് ഒരുക്കിയ ‘വിന്‍ഡ്സ് ഓഫ് സംസാര’ എന്ന ആല്‍ബം ഗ്രാമി പുരസ്കാരം നേടിയിരുന്നു.
◼️ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രണത്തിന് പുതിയ നിയമം തയാറാക്കാമോയെന്നു പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ചിത്തരഞ്ജന് എംഎല്‍എയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് മന്ത്രി പുതിയ ബില്ലിന്റെ സാധ്യതയെക്കുറിച്ച് പറഞ്ഞത്. നിലവില്‍ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുടമക്കാണെന്നും പ്രദര്‍ശിപ്പിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ പോകാന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ് ഹൈക്കമാന്‍ഡിനു നല്കിയ അപേക്ഷ വീണ്ടും നിരസിച്ചു. കെപിസിസി നേതൃത്വത്തിന്റെ താല്പര്യത്തിനൊത്തു പ്രവര്‍ത്തിക്കണമെന്ന് സോണിയാഗാന്ധി നിര്‍ദേശിച്ചു.
◼️സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്. എണ്ണക്കമ്പനികള്‍ വിലകൂട്ടുകയാണ്. എന്നാല്‍ സംസ്ഥാനം നികുതി കൂട്ടുന്നില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
◼️കെഎസ്ഇബി ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി ഇന്നു സത്യഗ്രഹം നടത്താനിരിക്കേ ചെയര്മാന് ബി. അശോകന് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനിയറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് നടത്തുമെന്നു പ്രഖ്യാപിച്ച സത്യഗ്രഹ സമരത്തിന് അനുമതി നിഷേധിച്ചു.
◼️മൂവാറ്റുപുഴ അര്‍ബന്‍ കോഓപറേറ്റീവ് ബാങ്ക് കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ അടയ്ക്കാനുള്ള തുക ബാങ്ക് ജീവനക്കാരുടെ എംപ്ളോയീസ് യൂണിയന് അടച്ചെന്ന് ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍. പണം താന്‍ അടക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ കത്തു നല്‍കിയതിനു പിറകേയാണ് ബാങ്ക് മുഖം രക്ഷിക്കുന്ന ഈ അറിയിപ്പു പുറത്തിറക്കിയത്. സിഐടിയുവിന്റെ ഔദാര്യം വേണ്ടെന്ന് വീട്ടുടമ അജേഷ് പ്രതികരിച്ചു. തന്നേയും കുടുംബത്തേയും നാണംകെടുത്തിയവരുടെ പണം തനിക്കുവേണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചു.
◼️ശംഖുമുഖം ഡിടിപിസി ഓഫീസിലിരുന്ന് മദ്യപിച്ച പ്രോജക്ട് മാനേജര്‍ അടക്കം മൂന്നു പേര് പൊലീസിന്റെ പിടിയില്‍. പ്രൊജക്ട് മാനേജര്‍ സുരേഷ്, യൂണിറ്റ് മാനേജര്‍ സുരേഷ് പുഞ്ചക്കരി, ട്രാഫിക് വാര്ഡന് അല്‍ അമീന് എന്നിവരെയാണ് വലിയ തുറ പൊലീസ് പിടികൂടിയത്. ഡിടിപിസി സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
◼️കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ നവവരന് മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടയിലല്ലെന്ന് പൊലീസ്. ബന്ധുകള്‍ക്കൊപ്പമാണ് ദമ്പതികള്‍ പുഴക്കരയില്‍ എത്തിയത്. ഞായറാഴ്ച ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഇന്നലെ ഫോട്ടോഗ്രാഫര്‍ ഇല്ലായിരുന്നു. മരിച്ച റെജിലിന്റെ ഭാര്യ കനക ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
◼️രാത്രി തൊഴുത്തിലെത്തി പശുക്കളുടെ കാലുകള്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച വിരുതനെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടുകാര്‍ നീരീക്ഷണ ക്യാമറ സ്ഥാപിച്ചാണ് അതിക്രമം കണ്ടെത്തിയത്. വെസ്റ്റ് ബംഗാള്‍ ലോറ സ്വദേശി മെനി റോല് മണ്ഡല് (28) നെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◼️അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സര്‍ക്കാരല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ. മൊത്തവ്യാപാര വില സൂചികയുടെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ വില നിശ്ചയിക്കുന്നത്. വില സൂചിക ഉയരുമ്പോള്‍ മരുന്നിന്റെ വിലയും ഉയരുമെന്ന് മന്ത്രി പറഞ്ഞു.
◼️സ്വന്തം പേരിലുള്ള അമ്പതു ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു സമ്മാനിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള വൃദ്ധ. 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവന് സ്വര്‍ണവും ഉള്‍പ്പെടെ തന്റെ എല്ലാ സ്വത്തും രാഹുല്‍ ഗാന്ധിക്കു നല്‍കിക്കൊണ്ട് 78 കാരിയായ പുഷ്പ മുഞ്ജിയല്‍ ഡെറാഡൂണ്‍ കോടതിയില്‍ വില്പത്രം സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമാണെന്നാണ് പുഷ്പ മുഞ്ജിയലിന്റെ പ്രതികരണം.
◼️വിമാനയാത്രയ്ക്ക് ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. പരമാവധി 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകള്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ ലാപ്ടോപ് ബാഗ്, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും.
◼️ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബില്‍ നാലു പേരെ വെടിവച്ചു കൊന്നു. ഗുരുദാസ്പൂരിലെ ഫുല്‍ദാ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഫുള്‍ദാ ഗ്രാമത്തിലെ കോണ്‍ഗ്രസ് സര്‍പഞ്ചിന്റെ ഭര്‍ത്താവും ഉള്‍പ്പെടും. തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകള്‍ പരസ്പരം വെടിയുതിര്‍ത്തെന്നാണ് വിവരം.
◼️ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു. രണ്ടര കോടി ജനങ്ങളാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഷാങ്ഹായ് മേഖലയിലാണ് രോഗം പടരുന്നത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.