പ്രതിസന്ധി രൂക്ഷമാകുന്നു; ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി

പ്രതിസന്ധി രൂക്ഷമാകുന്നു; ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി

സാമ്പത്തിക പ്രതിസന്ധിയും ജനരോഷവും ശക്തമായ ശ്രീലങ്കയില്‍ എല്ലാ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയും രാജിവച്ചെന്നാണ് ആദ്യം അഭ്യൂഹം പരന്നതെങ്കിലും അദ്ദേഹം രാജിവച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ മകനും സ്പോര്‍ട്സ് മന്ത്രിയുമായ നമല്‍ രജപക്സെ അടക്കം 26 മന്ത്രിമാരാണ് ഇന്നലെ രാത്രി വളരെ വൈകി രാജിവച്ചത്. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു രാജി.

◼️പാക്കിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി അല്ലാതായെന്ന് പാക്കിസ്ഥാന്‍ കാബിനറ്റ് സെക്രട്ടറി. പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പിന് ഇമ്രാന്‍ഖാന്‍ ശുപാര്‍ശ ചെയ്തത് അംഗീകരിച്ചതോടെ അദ്ദേഹം പ്രധാനമന്ത്രി അല്ലാതായെന്നാണ് വിശദീകരണം. ഇതേസമയം, അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരേ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍നിന്നു പിരിഞ്ഞുപോകാതെ രാത്രിയിലും കുത്തിയിരിപ്പു സമരം നടത്തി. സുപ്രിം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. പ്രധാനമന്ത്രിയുടെ ശുപാര്‍ശ സ്വീകരിച്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ടെന്ന് പാക് പ്രസിഡന്റ് ആരിഫ് അലവി അറിയിച്ചു.

◼️വികസനം നാടിന്റെ ആവശ്യമാണെന്നും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ സഹകരിക്കാത്ത ചിലരുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ വിഹിതം തരാത്തതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. അര്‍ഹമായതു തരണമെന്നു പറയാന്‍ കേരളത്തിലെ എംപിമാര്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◼️പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 42 പൈസയാണു വര്‍ധിപ്പിച്ചത്.

◼️കെ റെയില്‍ പദ്ധതിയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഇടപെടുമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ നിയമനം സംബന്ധിച്ചു സിപിഎം എംപി സ്വകാര്യ ബില്‍ അവതരിപ്പിച്ചതിനെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

◼️എട്ടു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണു മഴയ്ക്കും മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

◼️എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല ഇന്നു കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. തന്നെ ഒതുക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നു ചെന്നിത്തലയ്ക്കു പരാതിയുണ്ട്. ഐഎന്‍ടിയുസിയുടെ പ്രതിഷേധം അടക്കമുള്ള ചില നീക്കള്‍ക്കു പിറകില്‍ ചെന്നിത്തലയാണെന്ന സതീശന്‍ വിഭാഗത്തിന്റെ ആക്ഷേപവും എഐസിസിയുടെ മുന്നിലുണ്ട്.

◼️കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകള്‍ക്കും കേബിളുകള്‍ക്കും തകരാര്‍. മണ്ണുത്തി – വടക്കഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ഇത്തരവണ തകരാര്‍ സംഭവിച്ചത്. നിര്‍മ്മാണ കമ്പനിയുടെ ടിപ്പര്‍തന്നെയാണ് ഇത്തവണയും വില്ലന്‍. ബക്കറ്റ് താഴ്ത്താതെ പോയതാണു കാരണം. കുതിരാന്‍ തുരങ്കത്തില്‍ ജനുവരിയിലും സമാനമായ അപകടം സംഭവിച്ചിരുന്നു.

◼️മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ, മൂവാറ്റുപുഴയില്‍ ബാങ്ക് ജപ്തി ചെയ്തു കുട്ടികളെ പുറത്താക്കിയ ബാങ്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കുടുംബത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◼️സിപിഎമ്മിന്റെ ‘ചിന്ത’യിലും സിപിഐയുടെ ‘നവയുഗ’ത്തിലുമായി ഇരു പാര്‍ട്ടികള്‍ക്കുമെതിരേ നടത്തുന്ന ലേഖനയുദ്ധത്തിന് വെടിനിറുത്തല്‍. വിവാദം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചിന്തയ്ക്ക് നിര്‍ദേശം നല്‍കി. സിപിഐയുടെ ഭാഗത്തുനിന്ന് നവയുഗത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വിവാദങ്ങള്‍ അനവസരത്തിലാണ്. ഇപ്പോള്‍ സിപിഎമ്മും സിപിഐയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം ഓര്‍മിപ്പിച്ചു.

◼️കേരളത്തിലെ എല്‍ജെഡി, ജനതാദള്‍ പാമ്പര്യമുള്ള മൂന്നു ദേശീയ പാര്‍ട്ടികളുമായി ലയന ചര്‍ച്ച തുടങ്ങി. ബിഹാറിലെ ആര്‍ജെഡി, കര്‍ണാടകയിലെ ജെഡിഎസ്, യുപിയിലെ സമാജ് വാദി പാര്‍ട്ടി എന്നിവയുമായാണ് ചര്‍ച്ച തുടങ്ങിയത്. ലയന ചര്‍ച്ചക്കായി എല്‍ജെഡി ഏഴു നേതാക്കളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്‍ജെഡി ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ആര്‍ജെഡിയുമായി ലയിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഏതു പാര്‍ട്ടിയുമായി ലയിക്കണമെന്ന കാര്യത്തില്‍ മെയ് 25 നകം തീരുമാനമുണ്ടാകുമെന്ന് എല്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

◼️ഫെഡറല്‍ തത്വം പറഞ്ഞ് സിപിഎം വിരട്ടേണ്ടെന്നും നാട്ടില്‍ ഭീതി പരത്തുന്നത് മഞ്ഞക്കല്ലുമായി നടക്കുന്നവരാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനത്തെ വെല്ലുവിളിക്കുന്നവരാണ് ആദ്യം ഫെഡറല്‍ തത്ത്വം പഠിക്കേണ്ടത്. കെ റെയിലില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരെ ഇനിയും താന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

◼️മറ്റുള്ളവരെ തടഞ്ഞുള്ള പണിമുടക്ക് ശരിയല്ലെന്ന് ശശി തരൂര്‍ എംപി. പണിമുടക്കാനുള്ള അവകാശമുണ്ടെങ്കിലും സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നത് അംഗീകരിക്കാനാകില്ല. ഹര്‍ത്താല്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തമാണെന്ന നിലപാടില്‍ മാറ്റമില്ല. ഐഎന്‍ടിയുസിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

◼️തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സാഹിത്യകാരനായ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍. കോണ്‍ഗ്രസിന്റെ കുഴി തോണ്ടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഡല്‍ഹിയിലെ തമ്പുരാക്കന്‍മാര്‍ കണ്ണടച്ചിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ നടക്കാതെ പോകുകയാണ്. ചെയ്യേണ്ട കാര്യങ്ങള്‍ യഥാസമയം ചെയ്യണം. പുതു തലമുറയുടെ വളര്‍ച്ച ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

◼️കോട്ടയം, എറണാകുളം ജില്ലകളില്‍ കെ റെയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് നാല്‍പത് കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന ആരോപണം നിഷേധിച്ച് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍. 42 ലക്ഷം രൂപക്കാണു കരാര്‍ നല്‍കിയത്. ഇതിനെ ഓണ്‍ലൈന്‍ മാധ്യമം നാല്‍പത് കോടിയെന്നു തെറ്റായി പ്രചരിപ്പിച്ചിരിക്കുകയാണ്. തിരുത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കെ റെയില്‍ അധികൃതര്‍.

◼️ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും തോട്ടിലിട്ട് സമരം. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് വ്യത്യസ്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. കോട്ടയം ചെങ്ങളത്ത് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ഈ സമരം.

◼️തുറമുഖവും കെട്ടിടങ്ങളുമൊക്കെ നിര്‍മ്മിച്ചു നല്‍കി ശ്രീലങ്കയെ ചൈന അവരുടെ കോളനിയാക്കി മാറ്റിയെന്ന് ശ്രീലങ്കന്‍ ഗാന്ധി എ ടി ആര്യരത്നെ. അടിസ്ഥാന ആവശ്യങ്ങള്‍ മറന്ന്, കൂറ്റന്‍ വികസന പദ്ധതികള്‍ക്കു പിറകേ പോയി തകര്‍ന്ന ശ്രീലങ്ക കേരളത്തിന് പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

◼️ജോര്‍ദാന്‍ രാജാവിന്റെ അര്‍ധ സഹോദരന്‍ പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈന്‍ തന്റെ രാജകീയ പദവി ഉപേക്ഷിച്ചു. രാജകുടുംബത്തിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ കക്ഷികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് വീട്ടുതടങ്കലിലാക്കിയതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!