ശ്രീലങ്കന്‍ തീരങ്ങളില്‍ സഹായം എത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട്  സ്റ്റാലിന്‍

ശ്രീലങ്കന്‍ തീരങ്ങളില്‍ സഹായം എത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് സ്റ്റാലിന്‍

ശ്രീലങ്കന്‍ തീരങ്ങളില്‍ സഹായം എത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിലെത്തിയ സ്റ്റാലിന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തും കൊളംബോയിലുമുള്ള തമിഴ് വംശജര്‍ക്കു ഭക്ഷണവും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.

◼️ഗവര്‍ണറുടെ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി വേണമെന്ന സ്വകാര്യ ബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി. സിപിഎം എംപി വി ശിവദാസന്‍ നല്‍കിയ ബില്‍ ഇന്ന് ഉച്ചക്കുശേഷം അവതരിപ്പിക്കും. നിയമസഭയിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണ്ണറെ നിയമിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഗവര്‍ണറെ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു.

◼️മുല്ലപ്പെരിയാര്‍ കേസില്‍ തര്‍ക്ക വിഷയങ്ങള്‍ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രം സുരക്ഷ പരിശോധനയിലെ കാലതാമസത്തിലും അതൃപ്തി അറിയിച്ചു. ചില വിഷയങ്ങളില്‍ ഇനിയും സമവായത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്നാടും കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്ന നിലപാട് തമിഴ്നാട് ആവര്‍ത്തിച്ചു.

◼️നാടിന് ആവശ്യമായത് ചെയ്യേണ്ട സമയത്തുതന്നെ ചെയ്യുമെന്നും ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. 51 റോഡുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

◼️രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിന്‍. അദ്ദേഹം മുന്‍കൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മധുരയില്‍ നടക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

◼️സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായിരുന്ന ഇന്നലെ ട്രഷറി ചെലവിട്ടത് ആയിരം കോടി രൂപ. ഭൂമിയുടെ ന്യായവില ഇന്നു മുതല്‍ പത്തു ശതമാനം വര്‍ധിക്കുന്നതുമൂലം കുറഞ്ഞ നിരക്കില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ എണ്ണായിരത്തോളം ആധാരങ്ങളാണ് വിവിധ രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയത്. സാധാരണ നാലായിരം ആധാരങ്ങളാണ് ദിവസം രജിസ്റ്റര്‍ ചെയ്യാറുള്ളത്.

◼️കോണ്‍ഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയെന്ന് എഐസിസി. വിവിധ സംസ്ഥാന ഘടകങ്ങളില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ. നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി അറിയിച്ചു. കേരളത്തിലും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്കുകൂടി നീട്ടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

◼️കേരളത്തെ മദ്യത്തില്‍ മുക്കി സര്‍ക്കാരിന്റെ വരുമാനം ഇരട്ടിപ്പിക്കുകയും പാര്‍ട്ടിക്കു പണമുണ്ടാക്കുകയും ചെയ്യാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി മാറ്റുന്ന പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും കെ സുധാകരന്‍ പറഞ്ഞു.

◼️മദ്യനയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

◼️ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ വര്‍ധിപ്പിച്ച നിരക്ക് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാന്‍ ഒരാഴ്ച വൈകും. നിരക്കു വര്‍ധന ഇന്നു നിലവില്‍ വരില്ല. ഫെയര്‍ സ്റ്റേജ് പുതുക്കാനുമുണ്ട്. ഉത്തരവിറങ്ങിയശേഷമേ പുതിയ നിരക്ക് പ്രാബല്യത്തിലാകൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

◼️പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ അഗ്‌നിരക്ഷാ പരിശീലനം നല്‍കിയ സംഭവത്തില്‍ അന്വേഷണം. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരോട് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ വിശദീകരണം ചോദിച്ചു. ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ബുധനാഴ്ച്ച ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് പരിശീലനം നല്‍കിയത്.

◼️ജെസ്നയെ കണ്ടെത്താന്‍ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കാഞ്ഞിരപ്പിള്ളി എംഡി കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന വെച്ചൂച്ചിറ സ്വദേശി ജോയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായി നാലു വര്‍ഷത്തിനുശേഷമാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സിബിഐ കേസെടുത്തത്.

◼️കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബില്‍ ചുവടുവച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ . എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പ്രചാരണ ഭാഗമായി ഫ്ളാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കളക്ടറും ചുവടുവച്ചത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കളക്ടര്‍. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

◼️ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍. രണ്ടാഴ്ചയായി പത്തു ദ്വീപുകളില്‍ നിരോധനാജ്ഞയാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് ഫൈസല്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

◼️ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റിന്റെ വസതിക്കു സമീപം ആയിരങ്ങളുടെ പ്രതിഷേധം. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികളുമായി പോലീസ് ഏറ്റുമുട്ടി. അര്‍ദ്ധസൈനിക വിഭാഗമായ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും രംഗത്തിറങ്ങി. ലങ്കയില്‍ ഡീസല്‍ ലഭ്യമല്ല. 13 മണിക്കൂര്‍ പവര്‍ക്കട്ടാണ്. റോഡുകളില്‍ വാഹനങ്ങളില്ല. മരുന്നുകളും കിട്ടാനില്ല.

◼️ഹെയ്തിയിലെ തെക്കന്‍ നഗരമായ ലേ കയേസില്‍ ജനകീയ പ്രക്ഷോഭത്തിനിടെ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം ജനക്കൂട്ടം പുറത്തേക്കു തള്ളിക്കൊണ്ടുപോയി തെരുവിലിട്ടു കത്തിച്ചു. അമേരിക്കന്‍ മിഷനറി സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രമുഖ കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തി.

◼️ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും രാജിവയ്ക്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍. അങ്ങേയറ്റം സങ്കീര്‍ണവും നിര്‍ണായകവുമായ ഒരു ഘട്ടത്തിലൂടെയാണ് പാകിസ്ഥാന്‍ കടന്നു പോകുന്നത്. ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യം മുട്ടിലഴയുകയാണ്. ക്രിക്കറ്റ് കളിക്കുന്ന കാലത്ത് അവസാന ബോള്‍ വരെ കളിക്കുന്നതാണ് എന്റെ രീതി. ഇമ്രാന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!