മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്നു തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ ജോലിക്കു പോകുകയും ലുലു മാള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ചെറുകിട വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം അബ്ദുല്‍ സലാം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു.

◼️ഹൈക്കോടതി വിധിച്ചു; സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നു ജോലിക്കു ഹാജരാകണം. ഇല്ലെങ്കില്‍ ശമ്പളം തടയും. അവധി അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അതേസമയം ഡയസ്നോണ്‍ അംഗീകരിക്കില്ലെന്നും പണിമുടക്കുമെന്നും സര്‍വ്വീസ് സംഘടനകള്‍ വ്യക്തമാക്കി. മുന്‍കൂട്ടി നോട്ടീസ് നല്‍കിയാണ് സമരമെന്നും അവര്‍ പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചത്.

◼️പൊതുപണിമുടക്ക് ആഘോഷമാക്കി സംസ്ഥാന സെക്രട്ടേറിയറ്റ്. ആകെയുള്ള 4,828 ജീവനക്കാരില്‍ 32 പേര്‍ മാത്രമാണ് ജോലിക്കു ഹാജരായത്. സംസ്ഥാനത്തുടനീളം പണിമുടക്ക് അനുകൂലികള്‍ കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും അക്രമം നടത്തി. മിക്കയിടത്തും പോലീസ് കാഴ്ചക്കാരായി.

◼️പണിമുടക്കി ജനത്തെ ദുരിതത്തിലാക്കിയെങ്കിലും കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി നിര്‍മ്മാണത്തിനു പണിമുടക്കില്ല. നായനാര്‍ അക്കാദമിയിലെയും ടൗണ്‍ സ്‌ക്വയറിലെയും വേദി നിര്‍മ്മാണമാണ് ഇന്നലേയും തുടര്‍ന്നത്. പൊലീസ് മൈതാനിയിലെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവേദിയുടെ നിര്‍മ്മാണവും തടസമില്ലാതെ നടന്നു.

◼️കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരം ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി ഗവര്‍ണര്‍ തള്ളി. സര്‍വകലാശാല നിയമമനുസരിച്ച് ബോര്‍ഡിന്റെ ചെയര്‍മാനെയും അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അതു ഗൗനിക്കാതെ 71 പഠനബോര്‍ഡുകള്‍ സര്‍വ്വകലാശാല നേരിട്ട് പുന:സംഘടിപ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇതു റദ്ദാക്കിയിരുന്നു.

◼️സര്‍വേക്കല്ലു നാട്ടുന്നതിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നിഷേധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമര്‍ശിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള സര്‍വ്വേ നടത്താമെന്നു വിധിച്ച സുപ്രീംകോടതി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കകള്‍ മനസിലാക്കിയില്ലെന്ന് സമരസമിതി വിമര്‍ശിച്ചു.

◼️പാര്‍ട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്കു രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി നല്‍കുമെന്ന് കോണ്‍ഗ്രസ്. തെലങ്കാനയിലാണ് കോണ്‍ഗ്രസ് ഇങ്ങനെ അംഗത്വ പ്രചാരണം നടത്തുന്നത്. പാര്‍ട്ടി അംഗങ്ങളായ 39 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡി അടക്കമുള്ള നേതാക്കളാണ് തീരുമാനിച്ചത്.

◼️അറസ്റ്റിലാകുന്നവരുടെ രക്തസാമ്പിള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അനുമതി നല്‍കുന്ന ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്ന നിയമം ലോക്സഭയില്‍ അവതരിപ്പിച്ചു. വിരലടയാളം, പാദമുദ്രകള്‍, ഫോട്ടോ, ഐറിസ് റെറ്റിന സ്‌കാന്‍, ഒപ്പ്, കൈയക്ഷരം തുടങ്ങിയവ ശേഖരിക്കാന്‍ പോലീസിന് അനുമതി നല്‍കുന്ന നിയമമാണ് അവതരിപ്പിച്ചത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കള്ളക്കേസുകള്‍ക്കു സാധ്യത കൂടുമെന്നും പ്രതിപക്ഷം ആരോപിച്ചു.

◼️വിമാന യാത്രാക്കൂലി നിരീക്ഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത നിരക്കും വിമാനക്കൂലിയിലെ പെട്ടെന്നുള്ള വന്‍വര്‍ദ്ധനവും നിയന്ത്രിക്കാനാണ് നടപടിയെന്ന് കേന്ദമന്ത്രി വികെ സിങ്. വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ച പരിധിക്കപ്പുറം നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചില റൂട്ടുകളിലെ നിരക്ക് നിരീക്ഷിച്ചു വരുന്നതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

◼️തടവുപുള്ളിയായ സൂരജ്കുമാറിന് റാങ്ക്. ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്സ് പരീക്ഷയിലാണു റാങ്ക് നേടിയതയ്. നവാഡ ഡിവിഷണല്‍ ജയിലിലാണ് 23 കാരനായ സൂരജ് കുമാര്‍ തടവില്‍ കഴിയുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ജാം പരീക്ഷ നടത്തിയത്.

◼️ശ്രീലങ്കയിലെത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുമായി കൂടിക്കാഴ്ച്ച നടത്തി. ബുദ്ധസംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ പിന്തുണയുറപ്പാക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഒരു കോടി പത്തു ലക്ഷം രൂപ ചെലവഴിച്ച് ശ്രീലങ്കയില്‍ ഇന്ത്യ നിര്‍മ്മിച്ച ജാഫ്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രിയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയും സംയുക്തമായി നിര്‍വഹിച്ചു.

◼️യുക്രെയിനിലെ മരിയൂപോളില്‍ റഷ്യ നടത്തിയ ആക്രമണങ്ങളില്‍ അയ്യായിരം പേര്‍ കൊല്ലപ്പെട്ടെന്ന് മേയര്‍. നഗരത്തിലെ എല്ലാ കെട്ടിടങ്ങളും റഷ്യ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!