കെ റയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്കു നാലിരട്ടി വില സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വഴിയാധാരമാകുമെന്ന് ആരും ഭയപ്പെടേണ്ട. പ്രതീക്ഷിക്കുന്നതിനേക്കാള്‍ നഷ്ടപരിഹാരം നല്കിക്കൊണ്ടാണു ഭൂമി ഏറ്റെടുക്കുക. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള ആശങ്ക സ്വാഭാവികമാണ്. അവരെ ബോധ്യപ്പെടുത്തും. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
◼️കെ റെയില്‍ സര്വേക്കല്ലിടലിനെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം. കല്ലായിയിലെ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവച്ചു. വീട്ടുമുറ്റത്ത് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് പിഴുതെറിഞ്ഞു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലീസും, കെ റെയില്‍ ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുമതിയുണ്ടെന്നും കല്ലിടുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പര്‍ പത്രങ്ങളില്‍ പരസ്യം നല്കി വെളിപ്പെടുത്തിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അതിരടയാള കല്ലുകള്‍ നാട്ടുകാര്‍ പിഴുത് മാറ്റി. പ്രതിഷേധത്തിനിടെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്തെന്ന് വനിതാ ഉദ്യോഗസ്ഥ പറഞ്ഞു.
◼️കെ റെയില്‍ പാതയ്ക്ക് ഇരുവശത്തും സുരക്ഷാ വേലി സ്ഥാപിക്കേണ്ടിവരുമെന്ന് കെ റെയില്‍ എംഡി കെ.അജിത്ത് കുമാര്‍. ഇപ്പോള്‍ കല്ലിടുന്നത് സ്ഥലമേറ്റെടുക്കാനല്ല. സാമൂഹികാഘാത പഠനത്തിനാണ്. പദ്ധതി ആരെയെല്ലാം എങ്ങനെയെല്ലാം ബാധിക്കുമെന്നു മനസിലാക്കാനാണ് ഈ സര്‍വേ. ഇപ്പോള്‍ കല്ലിട്ട അതിരുകള്‍ പഠനത്തിനുശേഷം മാറ്റിയേക്കാം. ഭൂമിയേറ്റെടുക്കല്‍ ഈ ഘട്ടത്തില്‍ ഇല്ല. മുഴുവന്‍ പണവും നല്കിയ ശേഷമേ സ്ഥലമേറ്റെടുക്കൂ. പാതയുടെ ഇരുവശത്തും പത്തു മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാകും. ഇതില്‍ അഞ്ചു മീറ്ററില്‍ യാതൊരു നിര്‍മ്മാണവും അനുവദിക്കില്ല. കെ റെയില്‍ എംഡി പറഞ്ഞു.
◼️ഇന്ധന വില കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയുമാണ് കേരളത്തില്‍ വര്‍ദ്ധിച്ചത്. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും എക്സൈസ് തീരുവ കുറച്ചതിനുശേഷം കഴിഞ്ഞ നാലു മാസമായി ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വന്നതോടെയാണ് ദിവസേനെയുള്ള വില വര്‍ധന നിര്‍ത്തിവച്ചത്.
◼️ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്സി നിരക്കുകളും അടുത്ത മാസം വര്‍ധിപ്പിക്കും. വ്യാഴാഴ്ച മുതല്‍ ബസ് സമരം പ്രഖ്യാപിച്ചിരിക്കേയാണ് നിരക്കു കൂട്ടുമെന്നു ഗതാഗത മന്ത്രി സൂചന നല്‍കിയത്. ഓട്ടോ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാകും. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മാസം ആദ്യവാരത്തോടെ ഉണ്ടാകും. ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്കു വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ടു നല്കിയ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോ ചാര്‍ജ് ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും ടാക്സി മിനിമം ചാര്‍ജ് 240 രൂപയാക്കണമെന്നുമാണു കമ്മീഷന് റിപ്പോര്‍ട്ട്.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍നിന്നു പിന്മാറുന്നതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി തരൂരിനോടും കെ.വി.തോമസിനോടും നിര്‍ദേശിച്ചിരുന്നു.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്നു മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനേയും കെ.വി. തോമസിനേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വിലക്കി. കെപിസിസിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ എഐസിസി തീരുമാനം എടുത്തത്.
◼️ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയുടെ അനുമതിയില്ലാതെയുളള ഭേദഗതി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. പൊതുപ്രവര്‍ത്തകനായ ആര്.എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
◼️കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫ് തീരുമാനം. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ മേഖലയില്‍ ഇന്നു വൈകുന്നേരം രാഷ്ട്രീയ വിശദീകരണ യോഗം നടത്താനാണു തീരുമാനം.
◼️ചോറ്റാനിക്കരയില്‍ കെ റെയില്‍ സമരത്തില്‍ പങ്കെടുത്ത പിറവം എംഎല്‍എ അനൂപ് ജേക്കബ്, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങി 25 പേര്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും പോലീസിനെ തടഞ്ഞതിനുമാണ് കേസ്.
◼️പ്രളയകാലത്ത് കാര്‍ ഒലിച്ചുപോയെന്നു പറഞ്ഞ് ടിവി ക്യാമറകള്‍ക്കു മുന്നില്‍ വാവിട്ടുകരഞ്ഞ സജി ചെറിയാന്, ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ കണ്ണീരിനു തീവ്രവാദി പട്ടം ചാര്‍ത്തി കൊടുത്തത് വിരോധാഭാസമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. . മുതലാളിക്ക് കമ്മീഷന് എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
◼️കെ റെയിലിനെതിരായ ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. കെ റെയിലിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശത്തിനെതിരേ രംഗത്തുവരുന്ന കുട്ടികളേയും സ്ത്രീകളേയും കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പൊലീസിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സുധാകരന് പറഞ്ഞു.
◼️ഹനുമാന് സേനയുടെ കണ്വന്ഷന് ഉദ്ഘാടനം ചെയ്തെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം സിപിഎം സൈബര്‍ ഗുണ്ടകളുടെ വ്യാജപ്രചരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന് വ്യക്തമാക്കി. സംഘപരിവാറിന്റെ കേരള ഏജന്റായ പിണറായി വിജയന്റെ സംഘത്തില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◼️അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. മേട്ടുഴിയില് മരുതന്- ജിന്‍സി ദമ്പതികളുടെ നാലു മാസം പ്രായമുള്ള ശിവപ്രസാദ് എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്.
◼️പാലക്കാട് പുതുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു വെട്ടേറ്റു. ഡിവൈഎഫ്ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. വെട്ടിയത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു.
◼️നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാന്‍ നല്കിയ കാറ് സ്വന്തം പേരിലാക്കിയെന്നാണ് ഗിരിധര്‍ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധര്‍ പറയുന്നു.
◼️കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ വിമര്‍ശിച്ച് പോസ്റ്റിട്ട കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.വി. സ്നേഹയ്ക്കു സസ്പെന്ഷന്. രമേശ് ചെന്നിത്തലയെയും ലിജുവിനെയും വിമര്‍ശിച്ചു പോസ്റ്റിട്ട കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിനെതിരെയും നടപടി വേണമെന്ന് സ്നേഹ ആവശ്യപ്പെട്ടു.
◼️പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. രണ്ടു ഘട്ടങ്ങളിലായാണ് പത്മ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. കേരളത്തില്‍നിന്ന് ശോശാമ്മ ഐപ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 128 പേരെയാണ് ഈ വര്‍ഷം രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്കി ആദരിക്കുന്നത്. കേരളത്തില്‍ നിന്ന് നാല് പേരാണ് അര്‍ഹരായത്. സാമൂഹിക പ്രവര്‍ത്തക കെ.വി റാബിയ, കവിയും നിരൂപകനുമായ പി നാരായണ കുറുപ്പ് എന്നിവര്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം പുരസ്കാരം വാങ്ങാനെത്തിയില്ല. കളരിപ്പയറ്റ് ആചാര്യന് ശങ്കരനാരായണ മേനോനടക്കം 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്കാരം നല്‍കും.
◼️തെരഞ്ഞെടുപ്പില്‍ തോറ്റ പുഷ്കര്‍ സിംഗ് ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗും മീനാക്ഷി ലേഖിയും പങ്കെടുത്ത നിയമസഭ കക്ഷിയോഗത്തിലാണ് ധാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 70 ല്‍ 47 സീറ്റ് നേടി ബിജെപി ഭരണ തുടര്‍ച്ച നേടിയെങ്കിയും ഖാട്ടിമ മണ്ഡലത്തില്‍ ധാമി തോറ്റിരുന്നു.
◼️മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബിരേന്‍ സിങ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
◼️ഭാവിയില്‍ ദേശീയ പതാക കാവി പതാകയാകുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നും ഇതിനായി ഹിന്ദു സംഘടനകള്‍ ഒന്നിക്കണമെന്നും കല്ലഡ്ക പ്രഭാകര്‍ പറഞ്ഞു. മംഗ്ലൂരുവില്‍ വി എച്ച് പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.