കെ റെയിലിനെ പിന്തുണയ്ക്കരുതെന്ന് കാനം രാജേന്ദ്രന് സിപിഐ മുന്‍ നേതാക്കളുടെ മക്കള്‍ കത്തെഴുതി

കെ റെയിലിനെ പിന്തുണയ്ക്കരുതെന്ന് കാനം രാജേന്ദ്രന് സിപിഐ മുന്‍ നേതാക്കളുടെ മക്കള്‍ കത്തെഴുതി

◼️കെ റെയിലിനെ പിന്തുണയ്ക്കരുതെന്ന് കാനം രാജേന്ദ്രന് സിപിഐ മുന്‍ നേതാക്കളുടെ മക്കള്‍ കത്തെഴുതി. സി അച്യുതമേനോന്‍, പി.ടി പൂന്നൂസ്, കെ. ദാമോദരന്‍, കെ. മാധവന്‍, സി ഉണ്ണിരാജ, എം.എന്‍ ഗോവിന്ദന്‍ നായര്‍, പൊടോര കുഞ്ഞിരാമന്‍ നായര്‍, കെ ഗോവിന്ദപ്പിള്ള, കാമ്പിശേരി കരുണാകരന്‍, പുതുപ്പള്ളി രാഘവന്‍, വി വി രാഘവന്‍, പവനന്‍, പി.രവീന്ദ്രന്‍, ശര്‍മ്മാജി, തുടങ്ങിയ പതിനാറ് നേതാക്കളുടെ മക്കളാണ് കത്തു നല്‍കിയത്.

◼️സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍. കെ റെയില്‍ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാദിച്ചു. എന്നാല്‍ പാതയുടെ വശങ്ങളില്‍ മതിലുണ്ടാക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്കൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

◼️കെ റെയിലിന്റെ സര്‍വേക്കല്ലു പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എഎന്‍ ഷംസീര്‍. അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് എം കെ മുനീര്‍. ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയില്‍ നടപ്പിലാക്കാനാകില്ല. കെ റെയിലല്ല, കേരളമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും മുനീര്‍ വ്യക്തമാക്കി.

◼️കെ റെയിലിനു കല്ലിട്ടാല്‍ പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശനിയാഴ്ച കെ റെയില്‍ വിരുദ്ധ ജനകീയ സദസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയോട് ഏതുകാലം മുതലാണ് പ്രതിപക്ഷത്തിനു വിയോജിപ്പ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. റെയില്‍ മന്ത്രാലയവുമായി ജോയിന്‍ വെഞ്ചര്‍ കമ്പനി രൂപീകരിക്കാന്‍ യു.ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടിരുന്നെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

◼️പഞ്ചാബ് ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാനെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവച്ചു കൊന്നു. നാല്‍പതുകാരനായ സന്ദീപ് സിംഗിനെ ഉടനേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നകോദറിലെ മല്ലിയന്‍ ഖുര്‍ദ് ഗ്രാമത്തില്‍ കബഡി ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തുനിന്ന് സന്ദീപ് പുറത്തേക്കു വരുമ്പോള്‍ നാലു പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

◼️തിരുവല്ലം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സര്‍ക്കാര്‍ സിബിഐയ്ക്കു വിട്ടു. ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായിട്ടുണ്ടാകാമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

◼️ശബരിമല വിമാനത്താവളത്തിനു പാര്‍ലമെന്ററി സമിതിയുടെ അനുമതി. പദ്ധതി യഥാര്‍ഥ്യമാകേണ്ടതാണെന്ന് ഗതാഗത – ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ചര്‍ച്ച നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.

◼️ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന ആചാരം ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആചാരങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണം. ഭഗവാന്റെ പേരില്‍ വരുന്ന പണം വിശക്കുന്ന ഭക്തന് വിശപ്പു മാറ്റാന്‍ ഉപയോഗിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂവാറ്റുപുഴയില്‍ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമര്‍പ്പണം നിര്‍വഹിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രസംഗിച്ചത്.

◼️ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച മൂന്നര വയസുകാരി പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാര്‍ നടപടി മനുഷ്യത്വവിരുദ്ധമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു കുഞ്ഞിനു നീതി നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും അതിനു തയ്യാറാവാത്തവര്‍ എന്തു മനോനിലയുള്ളവരാണെന്ന് അദ്ദേഹം ചോദിച്ചു.

◼️യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയക്കായുള്ള ഹര്‍ജിയില്‍ കേന്ദ്രം ഇന്ന് നിലപാടറിയിക്കും. ഡല്‍ഹി ഹൈക്കോടതിയിലുള്ള കേസില്‍ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ പിന്തുണച്ചു.

◼️വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃതലത്തില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനു കാരണക്കാര്‍ നാറ്റോയാണെന്നും റഷ്യ യുദ്ധത്തില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◼️ഐഎസ്ആര്‍ഒയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം ഉടന്‍. പുതിയ റോക്കറ്റിന്റെ ആദ്യ ഖര ഇന്ധന ഘട്ടത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. റോക്കറ്റിന്റെ മറ്റ് ഭാഗങ്ങളുടെ പരീക്ഷണം നേരത്തെ നടന്നിരുന്നു. എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം മേയ് മാസത്തില്‍ ഉണ്ടാകും.

◼️അന്താരാഷ്ട്ര കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി റഷ്യന്‍ ഭരണകൂടം. കൊക്കക്കോള, ഐബിഎം, മക്ഡൊണാള്‍ഡ്, കെഎഫ്സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ.

◼️യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത അമേരിക്കയുടെ നുണപ്രചാരണമാണെന്ന് റഷ്യ. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!