അടുത്ത ലക്ഷ്യം ഗുജറാത്തും ഹിമാചല്‍പ്രദേശുമെന്ന് ആം ആദ്മി

അടുത്ത ലക്ഷ്യം ഗുജറാത്തും ഹിമാചല്‍പ്രദേശുമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ഒരു കൈ നോക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചു.

പോരിന് കച്ച മുറുക്കി ബിജെപിയും രംഗത്തുണ്ട്. പഞ്ചാബിലെ അഭൂതപൂര്‍വമായ വിജയത്തിന് പിന്നാലെ ഞങ്ങള്‍ ഗുജറാത്തിലേക്ക് പോകുകയാണെന്നാണ് ആപ്പ് പ്രഖ്യാപിച്ചത്

. ഇതിനിടെ ബിജെപി ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടികള്‍ ശരിക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കേളി കൊട്ടായി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്വന്തം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും നടത്തിയ റോഡ് ഷോ, പോരാട്ടം തുടങ്ങിയെന്ന ബിജെപിയുടെ പ്രഖ്യാപനമായി മാറി. അടുത്ത പോരാട്ടം ഗുജറാത്തിലാണെന്ന് എഎപി ഗുജറാത്ത് ഇന്‍ ചാര്‍ജ് ഗുലാബ് സിംഗ് പറഞ്ഞു.

ഞങ്ങളുടെ റഡാറിലുള്ള രണ്ട് സംസ്ഥാനങ്ങളാണ് ഗുജറാത്തും ഹിമാചല്‍പ്രദേശും. അടുത്ത മാസം മുഖ്യമന്ത്രിമാരായ കെജ്‌രിവാളും ഭഗവന്ത് മാനും ഗുജറാത്തില്‍ വിജയ യാത്ര നയിക്കും. തുടക്കമെന്ന നിലയില്‍ ഈ മാസം 16 വരെ എല്ലാ വാര്‍ഡുകളിലും വിജയ യാത്രകള്‍ സംഘടിപ്പിക്കും. ഇനി ഞങ്ങള്‍ ഒരു പ്രാദേശിക പാര്‍ട്ടിയല്ല. 2024 ഓടെ ദേശീയ പാര്‍ട്ടിയായി മാറി കോണ്‍ഗ്രസിന് ബദലാകും. ഒരു ദിവസം കെജ്‌രിവാള്‍ രാജ്യത്തെ നയിക്കുമെന്നും ഗുലാബ് സിംഗ് പറഞ്ഞു.

ഗുജറാത്തിലെ തദ്ദേശ സ്വയം തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് 2020ല്‍ പി.സി.സി അദ്ധ്യക്ഷന്‍ രാജിവച്ച ശേഷം വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ ഹാര്‍ദ്ദിക്ക് പട്ടേലും കഴിഞ്ഞ വര്‍ഷം പിസിസി പ്രസിഡന്റായി നിയമിതനായ ജഗദീഷ് താക്കൂറും മുന്‍ പ്രസിഡന്റ് അര്‍ജുന്‍ മോദ് വാദിയ, മുന്‍ കേന്ദ്ര മന്ത്രി ഭരത് സിംഗ് സോളങ്കി തുടങ്ങിയ നേതാക്കളും തമ്മിലുള്ള പോര് രൂക്ഷമായിരിക്കയാണ്.

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ പൊരുതുന്ന ഹിമാചല്‍ പ്രദേശിലും ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കും. ഇവിടെ ആം ആദ്മി രംഗപ്രവേശം ചെയ്യുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണെന്ന് നേതൃത്വം ആരോപിച്ചു. ഹിമാചലില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ പിടിച്ചെടുത്തത് ബിജെപിയെ ഞെട്ടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!