സനാ : യെമന്‍ പൌരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു.
സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു.
യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസില്‍ അറസ്റ്റിലായി. കീഴ്ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.
തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.
സ്ത്രീയെന്ന പരിഗണന നല്കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു. വധശിക്ഷ ശരിവച്ചതോടെ യെമന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കേസ് സമര്‍പ്പിക്കാം. എന്നാല്‍ അവിടെ അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്ന് പരിശോധിക്കുക മാത്രമാണ് പതിവ്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.