പാസ്റ്റർ കെ. ഈ ഏബ്രഹാം അദ്ധ്യാപകനായതും വിവാഹിതനായതും ദക്ഷിണേന്ത്യാ ദൈവസഭയിൽ

പാസ്റ്റർ കെ. ഈ ഏബ്രഹാം അദ്ധ്യാപകനായതും വിവാഹിതനായതും ദക്ഷിണേന്ത്യാ ദൈവസഭയിൽ

കേരളത്തിലെ പെന്തക്കോസ്തു സഭകളുടെ ചരിത്രം വേർപിരിയാനാവാത്തവിധം കെട്ട് പിണഞ്ഞു കിടക്കുകയാണ്. ആദ്യകാല നേതാക്കൾ ഏതൊക്കെ സഭകളിൽ പ്രവർത്തിച്ചിരുന്നു എന്നതിന് ഇന്നും തർക്കമുണ്ട്.

തർക്കമുണ്ടെങ്കിലും കേരളത്തിലെ ആദ്യ നവീകരണ പ്രസ്ഥാനമായ ദക്ഷിണേന്ത്യാ ദൈവസഭയിൽ ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നവരാണ് പിന്നീട് പെന്തക്കോസ്തു നേതാക്കളായത്. ഈ കൂടെ ബ്രദറൺ സഭയുടെ ആദ്യ രൂപമായ ‘വിയോജിത പ്രസ്ഥാന’ത്തെയും നാം ഓർക്കേണ്ടതുണ്ട്.

20-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിൽ പെന്തക്കോസ്തു സന്ദേശം കേരളത്തിൽ പ്രചരിച്ചു തുടങ്ങിയെങ്കിലും അതിന് സംഘടിത ഭാവം വരുന്നത് 1935 ന് ശേഷമാണ്. ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ 1935 ലും ഐ.പി .സി 1936 ലും രജിസ്റ്റർ ചെയ്യപ്പെട്ടു. അസംബ്ളീസ് ഓഫ് ഗോഡും സ്വത്വം വീണ്ടെടുത്ത് പ്രത്യേകം സഭയായി ഈ കാലഘട്ടത്തിൽ തന്നെ മാറുകയുണ്ടായി.

പെന്തക്കോസ്തു സഭാ ചരിത്രം ഇന്നും അവ്യക്തതയുടെ നിഴലിൽ നിൽക്കുന്നു. വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നുവെന്ന് പറയാൻ പലർക്കും മടിയാണ്.

പറഞ്ഞു വന്നത് ദക്ഷിണേന്ത്യാ ദൈവസഭയെ കുറിച്ചാണല്ലോ? 1905-ൽ കൽക്കത്തയിൽ നിന്നും കേരളത്തിൽ എത്തിയ ഏ.ഡി. ഖാൻ ആണ് ഈ സഭയ്ക്ക് അടിത്തറ ഇട്ടത്. ഖാനി നോടൊപ്പം മേഘാലയത്തിൽ നിന്നും എത്തിച്ചേർന്ന നിക്കോൾസ് റോയിയും ദക്ഷിണേന്ത്യാ ദൈവസഭയുടെ സ്ഥാപനത്തിന് മുഖ്യ പങ്കാളിത്തം വഹിച്ചു.

ഏ.ഡി. ഖാൻ

ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തുന്നതിൽ മറ്റുള്ളവരോടൊപ്പം മുഖ്യ പങ്കാളിത്തം വഹിച്ച വ്യക്തിയാണ് നിക്കോൾസ് റോയി. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ പിന്നീട് ഭാരത സർക്കാർ സ്‌റ്റാമ്പും പ്രസിദ്ധീകരിക്കയുണ്ടായി.

പാരമ്പര്യ സഭകളിൽ നിന്നും വ്യത്യസ്ഥമായ പഠിപ്പിക്കലുകളുമായി എത്തിയ നവ ക്രൈസ്തവ ഗ്രൂപ്പായ ദക്ഷിണേന്ത്യാ ദൈവസഭയോട് ചേർന്ന് പ്രവർത്തിക്കാൻ പിന്നീട് പെന്തക്കോസ്ത് നേതാക്കന്മാരയവർക്ക് അന്ന് ഇടം കിട്ടി.

പെന്തക്കോസ്തു നേതാക്കൾക്ക് ദീർഘവീക്ഷണം എന്നൊന്നില്ലല്ലോ. അതുകൊണ്ട് പെന്തക്കോസ്തു പ്രവർത്തകർ പാട്ടും പ്രാർത്ഥനയുമായി ഒതുങ്ങി കൂടിയപ്പോൾ ദക്ഷിണേന്ത്യാ ദൈവസഭ സ്കൂളുകളും ആശുപത്രികളും ആരംഭിച്ചു. അവരുടെ ആദ്യ സ്കൂളായ പന്തളം ഗിരിദീപം എൽ.പി സ്കൂളിലായിരുന്നു ഐ.പി.സി. ഫൗണ്ടർമാരിൽ പ്രധാനിയായിരുന്ന പാസ്റ്റാർ കെ. ഈ ഏബ്രഹാം അദ്ധ്യാപക വൃത്തി ചെയ്തത്.

പന്തളം ഗിരിദീപം എൽ.പി . സ്‌ക്കൂള്‍

പാസ്റ്റർ കെ. ഈ ഏബ്രഹാമിന്റെ വിവാഹം നടന്നത് ദക്ഷിണേന്ത്യാ ദൈവസഭയിലാണെന്ന് പ്രസിഡന്റ് ജോൺസൺ തരകൻ പറഞ്ഞപ്പോൾ രജിസ്റ്റർ ബുക്ക് കാണാനുള്ള കൗതുകമായി.

1922 ജനുവരി 30 നാണ് വിവാഹം നടന്നത്. അന്നദ്ദേഹത്തിന് പ്രായം 22. 1923 ൽ തിരുവനന്തപുരം ജില്ലയിലെ പരണിയത്ത് മനശ്ശെ പ്രസംഗിയാരുടെ വീട്ടിൽ വച്ച് അഭിഷേകം പ്രാപിച്ച ശേഷം 1936 – ൽ ഐ.പി.സി രൂപം കൊള്ളുന്നതു വരെ വിവിധ സഭകളിൽ അദ്ദേഹം പ്രവർത്തിക്കയുണ്ടായി.

അന്നത്തെ സഭകൾക്ക് സംഘടിത ഭാവം കൈവരിക്കാൻ കഴിയാതിരുന്നതുകൊണ്ട് എല്ലാ കൂട്ടായ്മകളിലും എല്ലാ നേതാക്കളും മാറി മാറി പ്രവർത്തിച്ചു. 1940 ഓടെ എല്ലാ നേതാക്കൾക്കും അവരവരുടെ തട്ടകങ്ങളായി.

കേരളത്തിലെ ആദ്യ കാല ഉണർച്ച് പ്രസ്ഥാനമാണെങ്കിലും മറ്റ് പെന്തക്കോസ്തു പ്രസ്ഥാനങ്ങളെ പോലെ ദക്ഷിണേന്ത്യാ ദൈവസഭയക്ക് വളരാൻ സാധിച്ചില്ല.

എന്നാൽ കേരളത്തിന് വെളിയിൽ നിരവധി സഭകൾ ഉണ്ട് . മേഘാലയത്തിലാണ് കൂടുതൽ സഭകൾ ഉള്ളത്. 88 രാജ്യങ്ങളില്‍ ദക്ഷണേന്ത്യ ദൈവസഭയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എറണാകുളത്ത് പാലാരിവട്ടത്താണ് സഭയുടെ ആസ്ഥാനം. ‘എക്ളീഷ്യാ’ എന്നാണ് ഓഫീസ്‌ സമുച്ചയത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ദൈവസഭ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കാണിത്.

റവ : ജോൺസൺ തരകൻ ആണ് സഭയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. ഡോ. ജോർജ്‌ തരകൻ, റവ. പി.വി ജേക്കബ്, റവ. പി.ജെ ഫിലിപ്പ് എന്നിവരാണ് സമീപകാലത്ത് സഭയെ നയിച്ചവര്‍.

റവ : ജോൺസൺ തരകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!