വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി

വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി

വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അതിമോഹം ചിലര്‍ക്കുണ്ട്. ഇത്തരക്കാരോട് പറയാനുള്ളത് ജയില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണ്. നിക്ഷേപവുമായി വ്യവസായികള്‍ വരുമ്പോള്‍, നിക്ഷേപ തുകയ്ക്കനുസരിച്ചുള്ള തുക തനിക്കു വേണമെന്നു പറയാന്‍ മടിക്കാത്ത ചില ഉദ്യോഗസ്ഥരുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് വീട്ടില്‍നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ജനങ്ങളാണ് ഏതു സര്‍ക്കാരിന്റെയും യജമാനന്മാരെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത് ഉടനേ നിര്‍ത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെന്‍ഷന്‍ സംബന്ധിച്ച ഫയലുകള്‍ വിളിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനകം വിഷയത്തില്‍ നടപടിയെടുക്കും. എല്ലാ മന്ത്രിമാര്‍ക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്. പ്രതിപക്ഷ നേതാവല്ല തന്നെ നിയമിച്ചതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

🔳കോണ്‍ഗ്രസ് പുനസംഘടനയ്ക്കു സാവകാശം തേടി കെപിസിസി നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പിന്റെ വരണാധികാരി ജി. പരമേശ്വരയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി. ഈ മാസം 28 നകം കെപിസിസി, ഡിസിസി പുനസംഘടന പൂര്‍ത്തിയാക്കുമെന്നാണ് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും വരണാധികാരിയുമായ പരമേശ്വരയ്ക്കു നല്‍കിയ ഉറപ്പ്.

🔳കെഎസ്ഇബിയില്‍ 4,230 പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നു. ചെയര്‍മാനും ജീവനക്കാരുടെ യൂണിയനുകളും തമ്മിലുള്ള പോര് ഒത്തുതീര്‍ന്നതിനു പിറകേയാണ് ഇത്രയും പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നത്. പത്തു ദിവസത്തിനകം സ്ഥാനക്കയറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കെഎസ്ഇബി ചെയര്‍മാനു നിര്‍ദേശംനല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാനിരിക്കേയാണ് ഇത്രയും പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നത്.

🔳ഉത്തര്‍പ്രദേശില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ ജോലി തരൂവെന്ന് മുദ്രാവാക്യം മുഴക്കി യുവാക്കള്‍. ഇന്ത്യന്‍ സൈന്യത്തിലേക്കു റിക്രൂട്ടുമെന്റ് നടത്തണമെന്നും അവര്‍ മുദ്രാവാക്യം മുഴക്കി. നിയമനങ്ങള്‍ നടത്തുമെന്ന് മന്ത്രി പ്രസംഗിച്ചതോടെയാണ് യുവാക്കള്‍ മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്.

🔳 സി പി എം പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്കു പിറകില്‍ രണ്ടിടങ്ങളില്‍ ക്ഷതമുണ്ട്. ക്ഷതംമൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ചു. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളില്‍ പൊട്ടല്‍ ഉണ്ടായി. ദീപുവിന്റെ മൃതദേഹം സംസ്‌കരിച്ചു. അന്ത്യാഞ്ജലിയേകാന്‍ വന്‍ ജനാവലി എത്തി.

🔳കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചു. ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്കു ബുദ്ധിമുണ്ടാകുമെന്നതിനാലാണ് നിരോധനമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

🔳മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ടാണ് പുതിയ നിയമനം. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നല്‍കിയത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍.

🔳കെഎസ്ഇബിയിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ചെയര്‍മാന്‍ ഡോ. ബി അശോക് പിന്‍വലിച്ചു. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പിശകുണ്ടായെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെസ്ഇബിയുടെ ഭൂമി പാട്ടത്തിനു നല്‍കിയതിലെ ക്രമക്കേടും ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും ഉണ്ടായിരുന്ന പോസ്റ്റാണു പിന്‍വലിച്ചത്.

🔳മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്നു സംശയം. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വയറിളക്ക രോഗമുണ്ടായത് ഷിഗല്ല ബാക്ടീരിയ മൂലമാണ്. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ചആര്‍ഡിഎസിനെതിരെ കേസ്. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചെന്ന പരാതിയില്‍ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനാണ് കേസെടുത്തത്.

🔳’എന്നെ കൊല്ലണമെങ്കില്‍ കൊന്നോളൂ, ഇങ്ങനെ ദ്രോഹിക്കരുതെ’ന്ന് സ്വപ്ന സുരേഷ്. മക്കളെ വളര്‍ത്താന്‍ ജോലി വേണം. അതു കളയാന്‍ ചിലര്‍ വിവാദമുണ്ടാക്കുന്നതു കഷ്ടമാണെന്നു സ്വപ്ന പറഞ്ഞു.

🔳വ്യാജ രേഖകള്‍ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്. വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത അപകട കേസില്‍ പരിക്കേറ്റ യുവാവിന് 2,84,000 രൂപയും എട്ടു ശതമാനം പലിശയുമാണ് വിധിച്ചത്. ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക നഷ്ടപരിഹാരം അനുവദിച്ചത്. ഈ രേഖ വ്യാജമാണെന്നു പിന്നീടു കണ്ടെത്തിയതോടെയാണ് അന്വേഷണ നടപടികള്‍ തുടങ്ങിയത്.

🔳പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്. ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണം. ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് ഞങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശിച്ചു.

🔳സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പിനു കരുത്തേകാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ആഗോള സാങ്കേതിക ഭീമനായ ഗൂഗിളിന്റെ സ്റ്റാര്‍ട്ടപ്പ് പരിപോഷണ വിഭാഗമായ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സുമായി ധാരണയായി. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ സംരംഭകരുടെ വെര്‍ച്വല്‍ ഉച്ചകോടിയായ ദ്വിദിന ‘ഹഡില്‍ ഗ്ലോബലി’ലാണ് ഗൂഗിള്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ ഇന്ത്യ മേധാവി പോള്‍ രവീന്ദ്രനാഥ് പങ്കാളിത്തം പ്രഖ്യാപിച്ചത്. കരാര്‍ പ്രകാരം ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സിന്റെ മാര്‍ഗനിര്‍ദേശം, പരിശീലനം, മൂല്യവര്‍ദ്ധിത പ്രതിവിധികള്‍ എന്നിവ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!