സർക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെ പോരാട്ടം തുടരും: രമേശ് ചെന്നിത്തല

സർക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെ പോരാട്ടം തുടരും: രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാ ലംഘനങ്ങള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാട്ടം തുടരുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ നിക്ഷിപ്ത താല്പര്യക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ പിന്തുണ നല്‍കുന്ന കെപിസിസി പ്രസിഡന്റിനോട് നന്ദി ഉണ്ടെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

🔳ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായിരിക്കേ, ദേശീയ നിര്‍വാഹക സമിതി യോഗം അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായിട്ടാണു യോഗം ചേര്‍ന്നത്. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍വഹാബ് പറഞ്ഞു.

🔳കണ്ണൂരിലെ തോട്ടടയില്‍ വിവാഹ സംഘത്തിനുനേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടില്‍ പാട്ടുവച്ചതിനെച്ചൊല്ലി ശനിയാഴ്ച രാത്രി തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയ്ക്ക് വിവാഹം കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്കു പോകുമ്പോള്‍ പിക്കപ്പ് വാനില്‍വന്ന സംഘം ബോബെറിയുകയായിരുന്നു. ബോംബുമായി എത്തിയ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജിഷ്ണു. സംഘം ആദ്യമെറിഞ്ഞ ബോംബു പൊട്ടിയില്ല. ആ ബോംബ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില്‍ പതിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.

🔳കണ്ണൂര്‍ തോട്ടടയില്‍ കല്യാണ സംഘത്തിനുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഒളിവിലുള്ള എച്ചൂര്‍ സ്വദേശിയായ മിധുന്‍ എന്നയാളെ പോലീസ് തെരയുന്നു. ഇതിനിടെ, സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്യാണത്തിന്റെ ബാന്റ് മേളം കടന്നുപോകുമ്പോഴാണ് സ്ഫോടനം ഉണ്ടായത്.

🔳പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ സമരത്തിന്. പെരിന്തല്‍മണ്ണ ഐഎംഎ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ ഇന്നു പണിമുടക്കും. അറസ്റ്റു ചെയ്തില്ലെങ്കില്‍ ബുധനാഴ്ച സംസ്ഥാന വ്യാപക സമരം തുടങ്ങുമെന്ന് ഐഎംഎ അറിയിച്ചു. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ താഴേക്കോട് സ്വദേശിനി ഫാത്തിമത്ത് ഷമീബ മരിച്ചതിന് ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തിരുന്നു.

🔳മലമ്പുഴ ചെറാട് മലനിരകളില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാ വിഭാഗത്തിനു വീഴ്ചയുണ്ടായെന്നു നിരീക്ഷണം. പാലക്കാട് ജില്ലാ അഗ്നി രക്ഷാ ഓഫീസര്‍ക്ക് ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം വൈകി എന്നീ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ഇതേസമയം, സേനയുടെ വിഗദ്ധസംഘം എത്തിയിട്ടും മല കയറാന്‍ പോലീസിന്റേയും വനംവകുപ്പിന്റേയും അനുമതിക്കായി കാത്തുനില്‍ക്കേണ്ടിവന്നെന്നാണു സേനാംഗങ്ങള്‍ പറയുന്നത്.

🔳ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഇന്നു വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് 152 സ്വതന്ത്രര്‍ അടക്കം 632 സ്ഥാനാര്‍ഥികളുണ്ട്. 2017 ല്‍ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. ബിജെപി ഭരിക്കുന്ന ഗോവയിലെ 40 സീറ്റുകളിലേക്കും ഇന്നു ജനവിധിയുണ്ടാകും.

🔳നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. ഇന്ന് ജലന്ധറിലും 16 ന് പത്താന്‍കോട്ടിലും 17 ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന് മോദിക്കെതിരെ കരിങ്കൊടികളുമായി പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞ് കര്‍ഷക സംഘടനകള്‍ പ്രതിഷേധിച്ചത് ഏറെ വിവാദമായിരുന്നു.

🔳ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നു വാദം തുടരും. അന്തിമ വിധി വരുന്നത് വരെ ഹിജാബ് നിരോധനം തുടരണമെന്നും കോളേജുകള്‍ ഉടന്‍ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്നു വിദ്യാലയങ്ങള്‍ തുറക്കും. വിവിധയിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.

🔳ഭൂമിയെ പോലെയുള്ള 60 ഗ്രഹങ്ങളെ ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തി. ആര്‍ട്ടിഫിഷ്യല്‍ ടെക്നോളജി ഉപയോഗിച്ചാണ് 5000 ഗ്രഹങ്ങളുടെ കൂട്ടത്തില്‍ നിന്ന് 60 വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞര്‍, ഗോവ ബിറ്റ്സ് പിലാനിയിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി ജ്യോതിശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് ഗ്രഹങ്ങളെ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!