കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റൈന് ആവശ്യമില്ല. രോഗലക്ഷണമുള്ളവര്‍ മാത്രം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാല്‍ മതി. പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തും. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കും.
🔳സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ്, പിജി കോഴ്സുകളിലെ അമ്പതു ശതമാനം സീറ്റുകളുടെ ഫീസും മറ്റെല്ലാ ചാര്‍ജുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നിരക്കിനു തുല്യമായിരിക്കണമെന്ന് ഉത്തരവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് ഉത്തരവു പുറത്തിറക്കിയത്. ഡീംഡ് സര്‍വകലാശാലകളിലും ഈ ഉത്തരവു ബാധകമാണ്. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. തലവരിപ്പണം പാടില്ലെന്നും നിര്‍ദേശമുണ്ട്.
🔳സംസ്ഥാനത്ത് സ്കൂളുകളുടെ നടത്തിപ്പു ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം നാളെ. 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും. ഒമ്പതുവരെയുള്ള ക്ലാസുകളും വൈകുന്നേരം വരെയാക്കാനും പരിഗണിക്കുന്നുണ്ട്. പരീക്ഷയ്ക്കുമുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കണം. ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി 14 ന് ആരംഭിക്കും. 10, 11, 12 ക്ലാസുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും നാളെ ആരംഭിക്കും. പരീക്ഷകളും മുടക്കമില്ലാതെ നടത്തും.
🔳സംസ്ഥാനത്ത് ഇന്നു ലോക് ഡൗണിനു സമാനമായ നിയന്ത്രണം. പോലീസ് പരിശോധനയുണ്ടാകും. അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ആരാധനാലയങ്ങളില്‍ 20 പേര്‍ക്കുവരെ മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും.
🔳സ്വര്‍ണക്കടത്തിന്റെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി. പോലീസ് കേസ് ഒതുക്കിയെങ്കിലും പുനരന്വേഷണത്തിനു കളമൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചു.
🔳സ്വര്‍ണക്കടത്തു കേസ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ പിണറായി വിജയനും ജയിലില്‍ പോകുമായിരുന്നു. സിനിമാനടന് ദിലീപിനെതിരേയുള്ള പുനരന്വേഷണംപോലെ സ്വര്‍ണക്കടത്തു കേസിലും പുനരന്വേഷണം വേണം. നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കേസ് ബിജെപിയും സിപിഎമ്മും ഒത്തുതീര്‍പ്പാക്കിയത്. അദ്ദേഹം ആരോപിച്ചു.
🔳സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ്പ് ശിവശങ്കരന് തയാറാക്കിയത് മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്. പുസ്തകരചനയുടെ പേരില്‍ ശിവശങ്കരനെ സസ്പെന്‍ഡു ചെയ്യണം. പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳’നീ തോല്‍ക്കേണ്ടത് ഞങ്ങളുടെ രണ്ടു പാര്‍ട്ടിക്കാരുടേയും ആവശ്യമായിരുന്നു.’ ബിജെപി വിട്ട് കോണ്ഗ്രസിലെത്തിയയാള് വെളിപെടുത്തിയെന്ന ഫേസ് ബുക്ക് കുറിപ്പുമായി അനില്‍ അക്കര. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്. അവരുടെ ഒത്തുകളിയില്‍ ‘ഞാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റുകാണും; എന്നാല്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ എന്നെ തോല്പിക്കാനാവില്ല.’ അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
🔳വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെതെന്നു സംശയിക്കുന്ന ശബ്ദരേഖയുമായി സംവിധായകന് ബാലചന്ദ്രകുമാര്‍. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം എന്ന നിര്‍ദേശമാണ് ശബ്ദരേഖയിലുള്ളത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. 2017 നവംബര്‍ 15 നാണ് ഈ സംഭാഷണം നടന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.
🔳കേന്ദ്രം ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ചിലര്‍ കാര്യമറിയാതെയും മറ്റു ചിലര്‍ വേറെ ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നാട്ടിലുള്ള ജനങ്ങള്‍ ഈ പദ്ധതി വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു.
🔳പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സൈക്കോളജിസ്റ്റ് ഗിരീഷിന് (58) ആറു വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര് ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കിലാണ് കേസിനാസ്പദമായ സംഭവം.
🔳കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ പ്രതിഷേധ സമരം. കേരള ഗവണ്മെന്റ് നഴ്സസ് യൂണിയന് ആശുപത്രിക്കു മുന്നില്‍ മെഴുകുതിരി തെളിച്ച് സൂചനാ സമരം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടായിരം നഴ്സിംഗ് ജീവനക്കാരാണ് ആകെ വേണ്ടത്. എന്നാല്‍ ഇപ്പോഴുള്ളത് അഞ്ഞൂറു പേര് മാത്രമാണെന്ന് യൂണിയന് ചൂണ്ടിക്കാട്ടി.
🔳മുര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന് മന്ത്രി വി.എന്‍. വാസവനെ കാണണമെന്ന് ആഗ്രഹം. മെഡിക്കല്‍ കോളജ് അധികൃതര്‍ മന്ത്രിയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ മന്ത്രി ഓടിയെത്തി. വാവ സുരേഷുമായി സംസാരിച്ചു. വിശ്രമിക്കണമെന്ന് നിര്‍ദേശിച്ചാണു പിരിഞ്ഞത്. സന്ദര്‍ശന ഫോട്ടോ മന്ത്രിതന്നെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
🔳എറണാകുളത്ത് ചെരുപ്പുകുത്തിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അമ്മയും മകനും പിടിയില്‍. ആലുവാ കോമ്പാറയില്‍ സാവിയോ ബാബു (22), അമ്മ സോളി (42) എന്നിവരാണു പിടിയിലായത്. എറണാകുളം ജോസ് ജംഗ്ഷനില്‍ ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന ജോയിയെ അടിച്ചുവീഴ്ത്തുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തെന്നാണു കേസ്. അമ്മ സോളിക്കെതിരേ അപവാദ പ്രചാരണം നടത്തുകയും കൈ ഒടിക്കുകയും ചെയ്തതിന് ജോയിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
🔳പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വകാര്യ ഏജന്‍സിയെ ഉയോഗിച്ചു നടത്തിയ സര്‍വേ ചന്നിക്ക് അനുകൂലമായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചന്നിയെ ഇന്നു പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും പാര്‍ട്ടി തീരുമാനമെടുത്തു. പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
🔳കോളജ് വിദ്യാര്‍ഥിനികളേയും യുവതികളേയും ഉപയോഗിച്ച് മംഗലാപുരത്തു പ്രവര്‍ത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘം അറസ്റ്റിലായി. സംഘത്തില്‍നിന്നു രക്ഷപ്പെട്ട പതിനേഴുകാരിയുടെ പരാതിയിലാണ് മുഖ്യനടത്തിപ്പുകാരി ഷമീമ, ഭര്‍ത്താവ് സിദ്ധിഖ്, കൂട്ടാളി ഐഷമ്മ എന്നിവരടക്കം അഞ്ചുപേരെ പിടികൂടിയത്. മൂന്നുപേരെകൂടി പിടികൂടാനുണ്ടെന്നു മംഗളൂരു പോലീസ്.
🔳തെലുങ്കാനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വിമാനത്താവളത്തിലേക്കു പോയില്ല. സമത്വ പ്രതിമ ഉദ്ഘാടനം ചെയ്യാനും ഐസിആര്‍ഐഎസ്എടിയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്യാനുമാണ് പ്രധാനമന്ത്രി ഹൈദരാബാദില്‍ എത്തിയത്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്, കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന് റെഡ്ഡി, തെലുങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.