എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് ഇന്ന് കൈമാറിയേക്കും; പണ്ട്‌ വിറ്റത് 2.8 കോടിക്ക്, തിരിച്ചുപിടിച്ചത് 18000 കോടിക്ക്

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് ഇന്ന് കൈമാറിയേക്കും; പണ്ട്‌ വിറ്റത് 2.8 കോടിക്ക്, തിരിച്ചുപിടിച്ചത് 18000 കോടിക്ക്

ഡല്‍ഹി: എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് ഇന്ന് കൈമാറിയേക്കും. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകള്‍ ടാറ്റയുടെതാകും. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.

89 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 15 ഒക്ടോബര്‍ 1932 നാണ് എയര്‍ ഇന്ത്യ രൂപീകരിക്കുന്നത്. ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്‌.

കഴിഞ്ഞ ഒക്ടോബര്‍ എട്ടാം തീയതിയാണ്, എയര്‍ ഇന്ത്യ ടാറ്റയുടെ ഹോള്‍ഡിങ് കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുന്നത്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. നിലവില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി 102 സ്ഥലങ്ങളിലേക്ക് എയര്‍ ഇന്ത്യ കമ്ബനി സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ്, ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ എന്നീ രണ്ട് യൂണിയനുകള്‍ എയര്‍ ഇന്ത്യയ്ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും പൈലറ്റുമാര്‍ക്ക് ലഭിക്കാനുണ്ടെന്നും, ഇവയുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ തീരുമാനമെടുക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഫ്ലൈറ്റില്‍ കയറുന്നതിനു മുമ്പ്‌, ജീവനക്കാരുടെ വേഷവിധാനങ്ങളും ബോഡി മാസ് ഇന്‍ഡക്സും പരിശോധിക്കാന്‍ ജനുവരി 20ന് എയര്‍ ഇന്ത്യ ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔳രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ കുതിരപ്പടയില്‍ പ്രധാനിയായ വിരാട് എന്ന കുതിരയ്ക്ക് റിപ്പബ്ലിക് ദിന പരേഡിനിടെ പ്രൗഡോജ്വലമായ യാത്രയയപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കുതിരയെ തൊട്ടുതലോടി. 19 വര്‍ഷത്തെ സേവനത്തിനുശേഷമാണ് കുതിര വിരമിക്കുന്നത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിരമിക്കലിനു മുന്‍പുള്ള റിപ്പബ്ലിക് ദിനാഘോഷം കൂടിയായിരുന്നു ഇന്നലെ നടന്നത്.

🔳ഫോണുകള്‍ അന്വേഷണസംഘത്തിനു കൈമാറാനാവില്ലെന്ന് ക്രൈംബ്രാഞ്ചിന് നടന്‍ ദിലീപിന്റെ മറുപടി. ബാങ്കിടപാടുകള്‍ നടത്തുന്ന ഫോണ്‍ ഹാജരാക്കാനാവില്ല. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഒരാഴ്ചയ്ക്കകം കോടതിക്കു കൈമാറും. തനിക്കു നോട്ടീസ് നല്‍കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ദിലീപ് ആരോപിച്ചു.

🔳കാസര്‍കോട് റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയപതാക തലതിരിച്ചുയര്‍ത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കു വീഴ്ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എആര്‍ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കും. വിശദമായ റിപ്പോര്‍ട്ട് എഡിഎം ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.

🔳കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കേ സ്‌കൂളുകളുടെപ്രവര്‍ത്തനവും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന്. ഒമ്പതാം ക്ലാസ് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈന്‍ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി എന്നിവ യോഗം ചര്‍ച്ച ചെയ്യും.

🔳തൃശൂര്‍ ചിമ്മിനി വനത്തില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. ഒരു മാസം പ്രായമായ ആനക്കുട്ടി നടക്കാനാകാത്ത സ്ഥിതിയിലാണ്. വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതുമൂലം ആനകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

🔳ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും നിയമമന്ത്രി പി രാജീവ്. നിയമസഭ ഉടനേ ചേരാത്തതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും പി രാജീവ് പറഞ്ഞു.

🔳ടിപ്പര്‍ ലോറി ഉടമകളോട് കോഴിക്കോട്ടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ മാസപ്പടി ചോദിക്കുന്ന ശബ്ദ രേഖ പുറത്ത്. ലോറിക്ക് 5,000 രൂപ മാസംതോറും കൈക്കൂലി നല്‍കിയാല്‍ സ്‌ക്വാഡിന്റെ പരിശോധന ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്നതാണു ശബ്ദരേഖ. തെളിവു സഹിതം പരാതി നല്‍കിയിട്ടും നടപടിയൊന്നുമായില്ലെന്നും ലോറി ഉടമകള്‍ ആരോപിച്ചു.

🔳ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഇടുക്കി ഏലപ്പാറയില്‍നിന്ന് വനിതാ ഡോക്ടറെ തട്ടികൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയിലായി. കോട്ടയം പനച്ചിക്കാട് സ്വദേശി മനു യശോധരന്‍, കരിന്തരുവി സ്വദേശി സാം കോര എന്നിവരെ റിമാന്‍ഡു ചെയ്തു. തമിഴ്നാട്ടിലെ കമ്പം സര്‍ക്കാര്‍ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന കനിമലര്‍ എന്ന വനിതാ ഡോക്ടറെയാണ് തട്ടികൊണ്ടുപോയി അന്‍പതിനായിരം രൂപ കവര്‍ന്നത്. കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരിലാണ് പണം കൈക്കലാക്കിയത്.

🔳തിരുവനന്തപുരത്ത് രാത്രി ഒമ്പതിനു ബസ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ അതിക്രമം. ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി അക്രമിയെ പിടികൂടിയെങ്കിലും ഓടിരക്ഷപ്പെട്ടു. പോലീസ് തെരച്ചില്‍ ആരംഭിച്ചു.

🔳പരാതിയില്‍ നടപടി എന്തായെന്ന് അന്വേഷിക്കാന്‍ സൈബര്‍ സെല്ലില്‍ എത്തി അക്രമാസക്തനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ സൈബര്‍ സെല്ലില്‍ പോലീസുകാരനെ ആക്രമിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് അന്തിക്കാട് മാങ്ങാട്ടുകാരയിലെ മരവട്ടിക്കല്‍ വീട്ടില്‍ അക്ഷയ് (25)എന്നയാളെയാണ് അറസ്റ്റു ചെയ്തത്.

🔳സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചതിന് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിഎസ് അച്യുതാനന്ദന്‍. കോടതി വിധി യുക്തി സഹമല്ല. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

🔳പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 12 കിലോ കഞ്ചാവുമായി തൃശൂര്‍ ചാവക്കാട് സ്വദേശി പിടിയില്‍. വിശാഖപട്ടണത്തുനിന്ന് ട്രെയിന്‍മാര്‍ഗം കടത്തിയ കഞ്ചാവുമായി ഖലീലുല്‍ റഹ് മാന്‍ എന്ന നാല്‍പത്തിരണ്ടുകാരനാണു പിടിയിലായത്.

🔳മൂന്നാറില്‍ കാര്‍ നൂറ്റമ്പതോളം അടി താഴ്ചയിലേക്കു മറിഞ്ഞ് ഗുരുവായൂര്‍ സ്വദേശി മരിച്ചു. പേരകം തെക്കേപുരയ്ക്കല്‍ കേശവന്റെ മകന്‍ വിനോദ് ഖന്ന എന്ന നാല്‍പത്തേഴുകാരനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു പരിക്കേറ്റു.

🔳ആലപ്പുഴ കലവൂരില്‍ സിപിഎം നേതാവിനു വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം സന്തോഷിനാണു വെട്ടേറ്റത്. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

🔳ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷകരായ ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ. ജാട്ട് സമുദായത്തിലെ പ്രമുഖ നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയ അമിത്ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചു.

🔳ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പഹാദ്പൂര്‍ ഗ്രാമത്തില്‍ മദ്യദുരന്തം. വ്യാജമദ്യം കുടിച്ച് ഒമ്പതു പേര്‍ മരിച്ചു. മുപ്പതു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

🔳മധ്യപ്രദേശിലെ ജബല്‍പൂരില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഡ്രോണ്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ക്കു പരിക്ക്. പരേഡിന്റെ ടാബ്ളോയില്‍ ആദിവാസി നൃത്തം അവതരിപ്പിക്കാന്‍ എത്തിയവര്‍ക്കിടയിലേക്കാണു ഡ്രോണ്‍ തകര്‍ന്നുവീണത്.

🔳റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് തീ വച്ചു. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴിലെ ഗയറെയില്‍വേ ജംഗ്ഷനിലാണ് ഉദ്യോഗാര്‍ത്ഥികള്‍ കല്ലേറും തീവയ്പും നടത്തിയത്.

🔳ആക്രി വസ്തുക്കള്‍കൊണ്ടു ചെറിയ ജീപ്പുണ്ടാക്കിയ യുവാവിന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ബൊലേറോ സമ്മാനിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറിനാണ് ഈ ഭാഗ്യമുണ്ടായത്. ആക്രിജീപ്പുമായി ദത്താത്രേയ നില്‍ക്കുന്ന ഫോട്ടോ നേരത്തെ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!