കാസര്‍കോട് റിപ്പബ്ളിക് ദിന പരിപാടിയില്‍ ദേശീയ പതാക തല തിരിച്ചുയര്‍ത്തി

കാസര്‍കോട് റിപ്പബ്ളിക് ദിന പരിപാടിയില്‍ ദേശീയ പതാക തല തിരിച്ചുയര്‍ത്തി

കാസര്‍കോട് റിപ്പബ്ളിക് ദിന പരിപാടിയില്‍ ദേശീയ പതാക തല തിരിച്ചുയര്‍ത്തി. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് പിഴവു തിരിച്ചറിഞ്ഞത്. ഇതോടെ പതാക താഴ്ത്തി ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

🔳കാസര്‍കോട് റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പൊലീസ് മേധാവി, എഡിഎം എന്നിവരില്‍നിന്നും വിശദീകരണം തേടിയിട്ടുണ്ട്. റിഹേഴ്സല്‍ നടത്തിയിരുന്നോയെന്ന കാര്യം പരിശോധിക്കും. മന്ത്രി എന്ന നിലയില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍.

🔳കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳കാസര്‍കോട് ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

🔳ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സായി ഗവര്‍ണര്‍ക്ക് അയക്കാതെ, ബില്ലായി നിയമസഭയില്‍ കൊണ്ടുവരേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

🔳ലോകായുക്ത തുടര്‍ന്നാല്‍ സര്‍ക്കാരിനു രാജിവയ്ക്കേണ്ടിവരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നല്ല ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച കോടിയേരി സര്‍ക്കാര്‍ വീഴുമെന്നു സമ്മതിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍. ബിന്ദുവിനും എതിരെയുള്ള ഹര്‍ജികളിലെ വിധി ഭയന്നാണ് നിയമ ഭേദഗതിയെന്നും ചെന്നിത്തല.

🔳നമ്മുടെ നാടിനേക്കാള്‍ ചൈനയോടു കൂറുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നതില്‍ അദ്ഭുതമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മ പുരസ്‌കാരം നിരസച്ചതിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കിലാണ് ഈ പ്രതികരണം.

🔳പദ്മ പുരസ്‌കാരം നിരസിച്ച പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ രാഷ്ട്രത്തെ അവഹേളിക്കരുതായിരുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കില്‍ ഉളുപ്പില്ലാതെ വാങ്ങിയേനെയെന്നും അദ്ദേഹം തുറന്നടിച്ചു.

🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്നു കേസെടുത്തതിനു പിറകേ, ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ മാറ്റിയെന്നും തെളിവു നശിപ്പിക്കാനാണെന്നും ക്രൈംബ്രാഞ്ച് പോലീസ്. പഴയ ഫോണുകള്‍ ഇന്നു ഹാജരാക്കണമെന്ന് ദിലീപ്, സഹോദരന്‍ അനൂപ്, അപ്പു എന്നിവര്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫോണ്‍ കണ്ടെടുക്കാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും.

🔳അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സര്‍ക്കാരും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഒരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നു മധുവിന്റെ സഹോദരി ആരോപിച്ചു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിലെ മുക്കാലിയില്‍ മധുവിനെ തല്ലിക്കൊന്നത്. നാലാം കൊല്ലമായിട്ടും വിചാരണ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

🔳അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ പ്രോസിക്യൂട്ടറെ ബന്ധുക്കള്‍ക്കു നിര്‍ദ്ദേശിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. മൂന്ന് അഭിഭാഷകരുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡിമിനിസ്ട്രേഷനായ ഗിരീഷ് പഞ്ചു മധുവിന്റെ കുടുംബാംഗങ്ങളെ സമീപിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍.

🔳അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് നിയമമന്ത്രി പി രാജീവ്. കേസിന്റെ തുടര്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകും. പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.

🔳രാജ്യം 73 ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. ജന്‍പഥില്‍ ആരംഭിച്ച റിപ്പബ്ലിക്ദിന പരേഡ് സൈനിക ശക്തി വിളിച്ചോതുന്നതായി. 25 ഫ്ളോട്ടുകള്‍ നിരന്നു. വ്യോമസേനയുടെ 75 വിമാനങ്ങളുടെ അഭ്യാസപ്രകടനവും ഉണ്ടായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു.

🔳പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജിയും പദ്മശ്രീ പുരസ്‌കാരം നിരസിച്ചു. മകള്‍ സൗമ്യസെന്‍ ഗുപ്തയാണ് പദ്മ പുരസ്‌കാരം നിരസിച്ചെന്ന വിവരം വെളിപ്പെടുത്തിയത്. 90 ാം വയസില്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്നും സൗമ്യ സെന്‍ ഗുപ്ത പറഞ്ഞു. ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പദ്മ പുരസ്‌കാരം നിരസിച്ചിരുന്നു.

🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിനും 2.10 ലക്ഷം രൂപ പിഴയടയ്ക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. 2013 ലാണു സംഭവം. ഇരയെ വിവാഹം ചെയ്തതിനാല്‍ കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ ഭാഗം കോടതി തള്ളി. വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി വിദേശത്തുപോയ പ്രതി 2020 ലാണു തിരിച്ചെത്തിയത്.

🔳തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന വിജിലന്‍സ് ശുപാര്‍ശ നടപ്പാക്കാതെ ബോര്‍ഡ്. ശംഖുമുഖം ദേവീക്ഷേത്രത്തിലെ തിരുവാഭരണത്തിനൊപ്പമുള്ള പതക്കം കാണാതായതിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ മുത്തുകള്‍ കാണാതായതിലുമാണ് ദുരൂഹത തുടരുന്നത്. വിജിലന്‍സ് പരിശോധന മണത്തറിഞ്ഞു ദേവസ്വം ജീവനക്കാര്‍ കാണാതായ പതക്കത്തിനു പകരം പുതിയൊരു പതക്കമുണ്ടാക്കി വച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

🔳സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വാശ്രയവത്കരണമന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം. 2016 മുതല്‍ പുതുതായി അനുമതി നല്‍കിയ കോളെജുകളില്‍ 69.38 ശതമാനവും സ്വാശ്രയരംഗത്താണെന്നു വിവരാവകാശ രേഖ. ആകെ കോളജുകളുടെ 24.43 ശതമാനം മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുള്ളത്. സാങ്കേതിക സര്‍വകലാശാലയിലെ 93.22 ശതമാനം കോളജുകള്‍ സ്വാശ്രയ മേഖലയിലാണ്.

🔳മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്. ആറുമാസം ഗര്‍ഭിണിയായ പതിനേഴുകാരിയെ ശിശു ക്ഷേമ സമിതി ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

🔳മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയില്‍നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന. ഷീറോ എന്ന സംഘടനയുടെ ഭരണസമിതിയിലുള്ള ഏഴു പേരില്‍ അഞ്ചും ഹരിത മുന്‍ ഭാരവാഹികളാണ്. ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ഷീറോയുടെ ചെയര്‍പേഴ്‌സണ്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

🔳ട്രെയിനുകള്‍ ഇടക്കിടെ റദ്ദാക്കുന്നത് കോവിഡ് നിയന്ത്രണം മൂലമല്ല, ട്രെയിന്‍ ഓടിക്കാന്‍ ലോക്കോപൈലറ്റുമാര്‍ ഇല്ലാത്തതിനാലാണെന്ന് ലോക്കോപൈലറ്റുമാരുടെ സംഘടന. സുഗമമായി സര്‍വ്വീസ് നടത്താന്‍ പാലക്കാട് ഡിവിഷനില്‍ മാത്രം 158 ലോക്കോ പൈലറ്റുമാര്‍ വേണം. 108 പേര്‍ മാത്രമാണു സര്‍വീസിലുള്ളത്. അവര്‍ ചൂണ്ടിക്കാട്ടി.

🔳തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവു കേസ് പ്രതി അര്‍ധരാത്രി വിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍നിന്ന് ഓടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശി കൃഷ്ണചന്ദ്ര സോയിനാണ് രക്ഷപ്പെട്ടത്. രാത്രി ഒരു മണിക്കു ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങ് അഴിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടെന്നാണു പോലീസ് പറയുന്നത്.

🔳മെഗാ തിരുവാതിര കളിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തിപൂജയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം അംഗീകരിച്ച പാട്ടല്ല അത്. തിരുവാതിരകളി സമ്മേളനത്തിലെ പരിപാടിയുമല്ല. കണ്ണൂരിലെ നേതാവ് പി. ജയരാജനെ പുകഴ്ത്തിയ പാട്ടുണ്ടായപ്പോള്‍ നടപടിയെടുത്തത് വേറെ വിഷയമാണെന്നും അതും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്നും കോടിയേരി.

🔳സില്‍വര്‍ ലൈനിനായുളള സാമൂഹിക ആഘാത പഠനം ബഹിഷ്‌കരിച്ച് കണ്ണൂര്‍ കാനയിലെ നാട്ടുകാര്‍. സര്‍വേ നടത്താന്‍ എത്തിയവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ നാട്ടുകാര്‍ തയാറായില്ല. സര്‍വേയില്‍ ഒപ്പിടാനും വിസമ്മതിച്ചു. സ്ഥലത്ത് എത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് സംരക്ഷണത്തോടെയാണ് സര്‍വേ നടക്കുന്നത്

🔳സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എല്ലാ ഓഫിസുകളിലെയും ഫയല്‍ നീക്കം ഓണ്‍ലൈനാക്കി. വകുപ്പിന്റെ കീഴിലുള്ള 220 ഓഫിസുകളിലും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം പൂര്‍ണ്ണമായും ഇ – ഓഫിസ് വഴിയാകും.

🔳സോളാര്‍ കേസ് സംബന്ധിച്ച അപകീര്‍ത്തിക്കേസില്‍ വിഎസ് അച്യുതാനന്ദനില്‍നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക ലഭിച്ചാല്‍ സമൂഹനന്മക്കായി ഉപയോഗിക്കുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ വളരെയധികം വേദനിപ്പിച്ചെന്നും സത്യം ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

🔳ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കെതിരെ എസ്എഫ്ഐ. അന്വേഷണത്തില്‍ എസ്പിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമാണോയെന്നു സംശയമുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ് ശരത്.

🔳വടക്കുകിഴക്കന്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത ജയിലില്‍ നൂറുകണക്കിനു കുട്ടികള്‍. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമിച്ച ഹസാക്കയിലെ ഘ്വയ്‌റാന്‍ ജയിലില്‍ 850 കുട്ടികളുണ്ടെന്നാണു വിവരം. ജയിലിലുള്ള തീവ്രവാദികളെ മോചിപ്പിക്കാന്‍ ഐഎസ് നടത്തിയ പോരാട്ടത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കുര്‍ദിഷ് അധികൃതരുടെ നിയന്ത്രണത്തിലുള്ള ജയിലില്‍ ആയിരക്കണക്കിന് ഐഎസ്സുകാരുണ്ടെന്നു കരുതുന്നു.

🔳സൈന്യത്തോടു സജ്ജമായിരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ പട്ടാളം യുദ്ധസന്നാഹവുമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സജ്ജരാകണമെന്ന് അമേരിക്ക സൈന്യത്തിനു നിര്‍ദേശം നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!