🔳ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. നാളെ രാവിലെ ഗവര്‍ണറെ കാണാന്‍ യുഡിഎഫ് സംഘം അനുമതി തേടിയിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കു കത്ത് നല്‍കിയിരുന്നു.
🔳ലോകായുക്ത ഭേദഗതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ പരിഗണനയില്‍ ഉണ്ടെന്ന് നിയമ മന്ത്രി പി. രാജീവ്. നിയമോപദേശവും കിട്ടിയിട്ടുണ്ട്. അഴിമതിയില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ കാബിനറ്റ് അധികാരത്തോടു ചേര്‍ന്ന് നില്ക്കുന്നതാകണം നിയമങ്ങള്‍. ലോകായുക്തക്ക് നിര്‍ദേശം നല്കാനെ അധികാരമുള്ളൂ. നിയമമന്ത്രി പറഞ്ഞു.
🔳ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാല്‍ ഒരു സര്‍ക്കാരിനെത്തന്നെ ഇല്ലാതാക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമ ഭേദഗതി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരമാണ്. ലോകായുക്തയില്‍ അപ്പീല്‍ അധികാരമില്ലാത്തത് ഭരണഘടനയുടെ 164 അനുഛേദത്തിനു വിരുദ്ധമാണെന്നാണു നിയമോപദേശം. അതിനാലാണ് നിയമ ഭേദഗതി വരുത്തുന്നതെന്നും കോടിയേരി വിശദീകരിച്ചു.
🔳അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ 128 പേര്‍ക്കു പദ്മ പുരസ്കാരങ്ങള്‍. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിന് തൃശൂര്‍ സ്വദേശി ഡോ ശോശാമ്മ ഐപ്പ് എന്നിവര്‍ പദ്മശ്രീ നേടി. വീല്‍ ചെയറിലിരുന്നു സാമൂഹ്യപ്രവര്‍ത്തനം നയിക്കുന്ന കെ.വി. റാബിയയും കായിക രംഗത്തെ സംഭാവനകള്‍ക്ക് ചുണ്ടയില്‍ ശങ്കരനാരായണന് മേനോനും പദ്മ പുരസ്കാരങ്ങള്‍ ലഭിച്ചു.
🔳ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാലു പേര്‍ക്ക് പദ്മവിഭൂഷണ്. മരണാനന്തര ബഹുമതിയായാണ് ബിപിന്‍ റാവത്തിനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങിനും പദ്മവിഭൂഷണ് ലഭിച്ചത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദും മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേര്‍ക്ക് പദ്മഭൂഷണ്‍ പുരസ്കാരങ്ങളുണ്ട്.
🔳പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പത്മ പുരസ്കാരം നിരസിച്ചു. പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനം. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററില്‍ പങ്കുവച്ചു. പുരസ്കാരം സ്വീകരിക്കുമെന്നു സുഖമില്ലാതിരുന്ന ബുദ്ധദേബ് ഭട്ടാചാര്യക്കുവേണ്ടി ഭാര്യ ഫോണില്‍ പറഞ്ഞിരുന്നെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
🔳എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹി അടക്കമുള്ള പ്രധാന നഗരങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍. രാവിലെ പത്തിന് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ പരേഡ് ആരംഭിക്കും. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും. ഇത്തവണ വിശിഷ്ടാതിഥി ഇല്ല.
🔳സന്നദ്ധ പ്രസ്ഥാനങ്ങള്‍ക്കു വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കാത്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടക്കാല വിധി ഇല്ലെന്നു സുപ്രീം കോടതി. വിദേശ സംഭാവന സ്വീകരിച്ചതും ചെലവഴിച്ചതും സംബന്ധിച്ച കണക്കു ഹാജരാകാത്തതിന്റെ പേരിലാണു ലൈസന്‍സ് പുതുക്കാത്തതെന്നു കേന്ദ്രം അറിയിച്ചു. ലൈസന്‍സ് ആവശ്യമുള്ള എന്‍ജിഒകള്‍ സര്‍ക്കാരിനെ സമീപിക്കട്ടെയെന്നാണു കോടതി നിലപാടെടുത്തത്. ആറായിരത്തോളം എന്‍ജിഒകളുടെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.
🔳ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് നായിബ് സുബേദര്‍ എം ശ്രീജിത്തിന് ശൗര്യചക്ര. ശ്രീജിത്ത് ഉള്‍പ്പടെ പന്ത്രണ്ട് സേന അംഗങ്ങള്‍ക്കാണ് ശൗര്യചക്ര നല്കി രാജ്യം ആദരിക്കുന്നത്. ഒളിമ്പിക്സിലെ നേട്ടത്തിന് സുബേദാര്‍ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡല്‍ സമ്മാനിക്കും.
🔳സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
🔳കൊവിഡ് വാക്സിന് വിതരണത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എണ്‍പത് ശതമാനം പേര്‍ക്ക് വാക്സിന് നല്കിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഈ മാതൃക ഉന്നത വിദ്യാഭ്യാസ രംഗത്തും വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
🔳കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നതിനെ ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലിന്റെ ഹര്‍ജി തള്ളിയ സിംഗിള്‍ ബഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
🔳സിപിഎം സംഘടിപ്പിച്ച കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമക്കേസ് ഒഴിവാക്കി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ വധശ്രമ കേസാണ് പൊലീസ് ഒഴിവാക്കിയത്. കൂട്ടം ചേര്‍ന്ന് കൈകൊണ്ട് മര്‍ദിച്ചെന്നു മാത്രമാണ് നിലവിലുള്ള കേസ്.
🔳വാഹനാപകട കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പൊലീസുകാര്‍ക്കു സസ്പെന്ഷന്. വാഹന ഉടമയുടെ പേരില്‍ കേസ് എടുക്കാതിരിക്കാന്‍ വാഹനം ഓടിച്ചയാളില്‍ നിന്ന് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
🔳അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ളവരുടെ മാറ്റിയ ഫോണുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ദിലീപിന്റെയും അനുപിന്റെയും രണ്ടു വീതം ഫോണുകളും സുരാജിന്റെ ഒരു ഫോണും മാറ്റിയെന്നാണു കണ്ടെത്തിയത്. ഫോണുകള്‍ ലഭിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടും. മൂന്നു ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തു ലഭിച്ച തെളിവുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.
🔳നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അഭിഭാഷകന്റെ മൊഴി. തിരുവനന്തപുരം സ്വദേശിയായ അഡ്വ. സജിത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായും അഭിഭാഷകന് മൊഴി നല്കി. വാട്ട്സ് ആപ് ചാറ്റുകളും കൈമാറി.
🔳സംസ്ഥാനത്ത് റേഷന്‍ കടകള്‍ നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ടു മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുമെന്നു ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
🔳കൊച്ചിയില്‍ നങ്കൂരമിട്ട എം.വി. ഓഷ്യന്‍ റേസ് എന്ന ചരക്കു കപ്പല്‍ വെള്ളം വാങ്ങിയതിനുള്ള രണ്ടര കോടി രൂപ രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി. പണം നല്കാനായില്ലെങ്കില് കപ്പല്‍ ലേലം ചെയ്യുമെന്നും കോടതി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ഹൈക്കോടതി കപ്പലിനെ തടഞ്ഞുവച്ചുകൊണ്ട് ഉത്തരവിട്ടത്.
🔳ആന്ധ്രാപ്രദേശില്‍നിന്നും വോള്‍വോ ബസ്മാര്‍ഗം ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂര്‍ സ്വദേശിയെ എക്സൈസ് അധികൃതര്‍ പിടികൂടി. അഴിയൂര്‍ സലീനം ഹൗസില്‍ ശരത് വത്സരാജ് (39) ആണ് പിടിയിലായത്. പഴയ ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവ് കൈമാറാനായി കാത്തുനില്‍ക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.
🔳ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തെ ഭൂരിപക്ഷ മതത്തില്‍ ചേര്‍ത്തുവക്കുന്നു. ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ ചോര്‍ത്തുന്നു. ഈ വിപത്തുകള്‍ക്കെതിരെ പോരാട്ടം നടത്തണം. നാടിന്റെ പുരോഗതിക്കായി കൈകോര്‍ക്കേണ്ട സമയമാണിത്. വികസനത്തിന്റെ ഗുണഫലം എല്ലാവരിലും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳ഇന്ത്യന്‍ ജനാധിപത്യത്തെ ലോകം ആദരവോടെ കാണുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കൊവിഡിനെ നേരിടുന്നതില്‍ രാജ്യം അസാധാരണ നിശ്ചയദാര്‍ഢ്യവും ധൈര്യവും പ്രകടമാക്കി. പ്രതിരോധ നടപടികള്‍ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. റിപബ്ലിക്ക് ദിനാഘോഷത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
🔳വോട്ടുകിട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും നോട്ടീസയച്ചു. പൊതുഖജനാവിലെ പണം ഉപയോഗിച്ച് വാഗ്ദാനങ്ങള്‍ നല്കി വോട്ടുനേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ബിജെപി നേതാവായ അശ്വനികുമാര്‍ ഉപാധ്യായ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
🔳യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ആര്.പി.എന്‍ സിങ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഉത്തപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ചുവടുമാറ്റം.
🔳കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പത്മ പുരസ്കാരം സ്വീകരിച്ചതില്‍ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശ്. പത്മപുരസ്കാരം നിരസിച്ചതിലൂടെ പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്ന് ജയറാം രമേശ് പറഞ്ഞു.
🔳ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒന്‍പതു ശതമാനമെന്ന് ഐഎംഎഫ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ച 9.5 ശതമാനമായിരുന്നു. 2022-23 ല്‍ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായിരുന്നു.
🔳സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷം വരെയുള്ള രണ്ടു കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപത്തിന് അഞ്ചു ശതമാനമായിരുന്നു പലിശ. ഇത് 5.1 ശതമാനമാക്കി. മുതിര്‍ന്ന പൗരന്മാര്ക്ക് 5.6 ശതമാനം ലഭിക്കും. നേരത്തെ 5.5 ശതമാനമായിരുന്നു.
🔳യൂണിലിവര്‍ 1,500 തൊഴിലാളികളെ പിരിച്ചുവിടുന്നു. ഒന്നര ലക്ഷം പേരാണ് കമ്പനിയില്‍ ലോകമാകെ ജോലി ചെയ്യുന്നത്. ഡവ് സോപ്പും മാഗ്നം ഐസ്ക്രീമുമടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്ന കമ്പനിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യൂണിലിവറിന്റെ ഓഹരി മൂല്യം 13 ശതമാനം ഇടിഞ്ഞിരുന്നു.
🔳മഹാരാഷ്ട്രയില്‍ കാറപകടത്തില്‍ ഏഴ് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. വാര്‍ധ ജില്ലയിലെ സെല്‍സുര ഗ്രാമത്തിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലത്തില്‍നിന്നു താഴേയ്ക്കു പതിക്കുകയായിരുന്നു.
🔳ഹോളിവുഡ് നടന് പൊതുവേദിയില്‍ ചുംബിച്ചതിന് നടി ശില്പ ഷെട്ടിക്കെതിരായ കേസ് മുംബൈ കോടതി തള്ളി. ശില്പയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയവര്‍ പ്രശസ്തിക്കു ശ്രമിച്ചതാണോയെന്നും കോടതി ചോദിച്ചു. 2007 ല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ എയിഡ്സ് ബോധവത്കരണത്തിനുള്ള പരിപാടിക്കിടെയാണ് അവതാരകയായ ശില്പാ ഷെട്ടിയെ അമേരിക്കന്‍ താരം റിച്ചാര്‍ഡ് ഗിരെ ചുംബിച്ചത്. കവിളില്‍ ചുംബിക്കുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നാണ് നടന് റിച്ചാര്‍ഡ് കോടതിയില്‍ നല്കിയ വിശദീകരണം.
🔳വിമാനവാഹിനിയില്‍ പറന്നിറങ്ങവേ അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ വീണു. ദക്ഷിണ ചൈന കടലില്‍ ഫിലിപ്പീന്‍സ് തീരത്തിനു സമീപമാണ് യുദ്ധവിമാനം കടലില്‍ വീണത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. ആളപായമില്ല.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.