ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനില്‍ മാത്രമായിക്കും

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനില്‍ മാത്രമായിക്കും

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും. വിദ്യാലയങ്ങളില്‍ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണു പ്രവര്‍ത്തിക്കുക. രണ്ടാഴ്ചത്തേക്കാണ് ഈ ക്രമീകരണം. ഏതെങ്കിലും ക്ലാസിലോ സ്‌കൂളിലോ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തീരുമാനമെടുക്കാം. ഓണ്‍ലൈന്‍ പഠനത്തിനുള്ള ഡിജിറ്റല്‍ സൗകര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം. പഠനപുരോഗതി വിലയിരുത്തണം. രക്ഷിതാക്കളുമായും അധ്യാപകര്‍ ആശയവിനിമയം നടത്തണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

🔳കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി. ധനസഹായം കുട്ടികളുടെ പേരില്‍ നല്കണം. ബന്ധുക്കളുടെ പേരിലാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

🔳കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും. കോളേജുകളും അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും സജീവ പരിഗണനയിലുണ്ട്. വൈകുന്നേരം അഞ്ചിനു ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

🔳കുട്ടികള്‍ക്കും ആരോഗ്യ പ്രശ്നമില്ലാത്ത മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. അപകടസാധ്യത കൂടുതലുള്ളവര്‍ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.

🔳തിരുവനന്തപുരം ആര്യന്‍കോട് പോലീസ് സ്റ്റേഷനുനേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. പതിനെട്ടു വയസുകാരായ അനന്തു, നിധിന്‍ എന്നിവരാണു പിടിയിലായത്.

🔳വിവാദമായ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു. ഭൂമി പതിവു ചട്ടങ്ങള്‍ ലംഘിച്ച് 1999 ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഇടുക്കി കളക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

🔳കുതിരാനിലെ രണ്ടാം തുരങ്കം വൈകാതെത്തന്നെ തുറക്കാന്‍ സാധ്യത. പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നും ദേശീയപാതാ അതോറിറ്റി തൃശ്ശൂര്‍ ജില്ലാ കളക്ടറെ അറിയിച്ചു. തുരങ്കം തുറക്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകും. തുരങ്കം തുറക്കുന്നതോടെ ടോള്‍ പിരിവും ആരംഭിക്കും.

🔳തലയോലപ്പറമ്പില്‍ നവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ അരുണിമയും ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ അഞ്ചു മാസം മുന്‍പാണ് വിവാഹിതരായത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദയാത്രയ്ക്കു പോകാന്‍ വിട്ടുകൊടുക്കാതിരുന്ന അമ്മാവന്റെ കാര്‍ തല്ലിത്തകര്‍ത്തതിന് ശ്യാമിനെതിരേ ഇക്കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

🔳സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് നാളെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു രാവിലെ ചേരുന്നുണ്ട്. രാവിലെ 11 ന് ചേരുന്ന യോഗത്തില്‍ സമ്മേളന പരിപാടികള്‍ ഇനിയും വെട്ടിക്കുറക്കേണ്ടതുണ്ടോയെന്ന് ചര്‍ച്ച ചെയ്യും. സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.

🔳തിരക്കേറിയ റോഡില്‍ പെണ്‍കുട്ടിയെ പിറകിലിരുത്തി ബൈക്ക് റേസിംഗ് നടത്തിയ വിദ്യാര്‍ഥിയെ നാട്ടുകാര്‍ മര്‍ദിച്ചു. തൃശൂര്‍ ചേതന കോളജിലെ വിദ്യാര്‍ഥി അമലിനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തിപ്പിടിച്ച് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി മറിഞ്ഞുവീണു. ഇതോടെയാണ് നാട്ടുകാര്‍ അമലിനെ വളഞ്ഞത്. ഒല്ലൂര്‍ പോലീസ് കേസെടുത്തു.

🔳നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സിപിഎം സമ്മേളനങ്ങളാണ് രോഗവ്യാപനത്തിനു കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സിപിഎം എഎല്‍എമാരും നേതാക്കളും കോവിഡ് ബാധിതരായി. പാര്‍ട്ടി സമ്മേളനങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ ഉറവിടങ്ങളായി. സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ക്രിസ്മസ്, നവവല്‍സരാഘോഷങ്ങളോടെയാണ് രോഗവ്യാപനം വര്‍ധിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

🔳കോവിഡ് വ്യാപന കാര്യത്തില്‍ ജനങ്ങളെ വിധിക്കു വിട്ടുകൊടുത്തിരിക്കുകയാണു സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ കാമറകള്‍ക്കു മുന്നിലിരുന്നു കസര്‍ത്തു നടത്തുന്ന മുഖ്യമന്ത്രിയേയും കാണാനില്ലെന്നും ചെന്നിത്തല.

🔳കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ, രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യ നീട്ടി. ഈ മാസം അവസാനംവരെയായിരുന്ന വിലക്ക് ഒരു മാസത്തേക്കുകൂടി നീട്ടി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലാണ് ഉത്തരവു പുറത്തിറക്കിയത്.

🔳ബംഗളൂരുവില്‍ ഒരേസമയം പറന്നുയര്‍ന്ന രണ്ടു വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് കൂട്ടിയിടിക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ജനുവരി ഏഴിനു നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔳പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിലെ ഇഡി റെയിഡുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പോര്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും തെരഞ്ഞടുപ്പിനു മുന്നേ തന്നെ അപമാനിക്കാനാണ് ശ്രമമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. ഇതിനിടെ മന്ത്രി ഗുര്‍ജിത് സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു.

🔳അന്തരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെ സഹോദരന്‍ കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍മാത്രം ശേഷിച്ചിരിക്കേയാണ് ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!