സി.പി.എം സമ്മേളനത്തിലെ തിരുവാതിരകളി :  സംഘാടക സമിതി കൺവീനർ ക്ഷമ പറഞ്ഞു

സി.പി.എം സമ്മേളനത്തിലെ തിരുവാതിരകളി : സംഘാടക സമിതി കൺവീനർ ക്ഷമ പറഞ്ഞു

തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തിനു മുന്നോടിയായി നടത്തിയ തിരുവാതിരക്കളിയില്‍ ക്ഷമചോദിച്ച് സമ്മേളനത്തിന്റെ സംഘാടക സമിതി കണ്‍വീനര്‍ എസ്. അജയന്‍. ധീരജ് കൊല്ലപ്പെട്ട ദിവസം തിരുവാതിര നടത്തിയതും പാട്ടിലെ വരികളും സഖാക്കള്‍ക്കു വേദനയുണ്ടാക്കിയതായി മനസിലാക്കുന്നുവെന്ന് സമ്മേളനത്തില്‍ നന്ദി പറയവേ അജയന്‍ പറഞ്ഞു.

🔳തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും തെക്കുംകരയില്‍ നൃത്തം അവതരിപ്പിച്ചവര്‍ ന്യൂട്രോണ്‍ ബോംബുണ്ടാക്കിയിട്ടില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

🔳സംസ്ഥാനത്തു കോവിഡ് വ്യാപനം അതിതീവ്രമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതു ശതമാനം കവിഞ്ഞു. ഇന്നലെ 18,123 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 59,314 സാമ്പിളുകളാണു പരിശോധിച്ചത്. എല്ലാ ജില്ലകളിലും ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധന. ആശുപത്രികളില്‍ ആവശ്യമായ ചികില്‍സാ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. 1,03,864 പേരാണു കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.

🔳ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു വാക്സിന്‍ നല്‍കും. 15 വയസും അതിനുമുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണു വാക്സിന്‍ നല്‍കുക.

🔳കൈക്കൂലി കേസില്‍ ഗെയില്‍ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥനെ സിബിഐ അറസ്റ്റു ചെയ്തു. രംഗനാഥന്‍ അടക്കം ആറു പേരാണ് അറസ്റ്റിലായത്. ഗെയിലിന്റെ പെട്രോ- കെമിക്കല്‍ ഉത്പന്നങ്ങള്‍ വില കുറച്ചുനല്‍കാന്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അറസ്റ്റിലായ നാലാം പ്രതിയും മലയാളിയുമായ രാമകൃഷ്ണന്‍ നായരാണ് ഇടനിലക്കാരില്‍നിന്ന് പണം വാങ്ങിയത്. രംഗനാഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത പണവും സ്വര്‍ണവും പിടിച്ചെടുത്തു.

🔳കെ റെയില്‍ പദ്ധതിയുടെ പേരില്‍ ഒരാളെയും കണ്ണീര്‍ കുടിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗ്രാമങ്ങളില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കും. എതിര്‍ക്കുന്നവര്‍ക്കു പിന്നില്‍ കോര്‍പ്പറേറ്റുകളാണെന്നും അദ്ദേഹം ആരോപിച്ചു.

🔳അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നല്‍കിയതിനാലാണ് കെ റെയിലിന്റെ വിശദ പദ്ധതിരേഖയായ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഡിപിആറിലെ അപകടങ്ങള്‍ പുറത്തറിഞ്ഞാല്‍ ജനരോഷമുണ്ടാകുമെന്നു ഭയന്നാണ് ഇത്രയുംകാലം ഡിപിആര്‍ രഹസ്യമാക്കി സൂക്ഷിച്ചത്. സുധാകരന്‍ പറഞ്ഞു.

🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസാണ് പിടിയിലായത്. നാലാം പ്രതിയാണ് നിതിന്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അഞ്ചാം പ്രതിയെകൂടി പിടികൂടാനുണ്ട്.

🔳ധീരജിന്റെ കൊലപാതകത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്റെ അറിവോടെ നടന്ന കൊലപാതകമാണെന്ന് സുധാകരന്‍ തന്നെയാണ് പറയുന്നത്. ഇരന്നു വാങ്ങിയ കൊലപാതകമെന്ന് സുധാകരന്‍ പറഞ്ഞെന്നും കോടിയേരി.

🔳സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിനും പൊതുസമ്മേളനം ഉണ്ടാകില്ല. എന്നാല്‍ വെര്‍ച്വല്‍ സമ്മേളനം ഉണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണവും കുറച്ചു. 21 മുതല്‍ 23 വരെയാണ് തൃശൂര്‍ ജില്ലാ സമ്മേളനം.

🔳പത്തനംതിട്ട അങ്ങാടിക്കലില്‍ സിപിഎം – സിപിഐ സംഘര്‍ഷം. നിയന്ത്രിക്കാന്‍ എത്തിയ കൊടുമണ്‍ പോലീസ് എസ്ഐ മഹേഷ്‌കുമാറിനു പരിക്ക്. ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.

🔳ഇന്നലെ രാവിലെ ടിക്കറ്റെടുത്ത പെയിന്റിംഗ് തൊഴിലാളിക്ക് 12 കോടി രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപര്‍. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഭാഗ്യശാലി. സ്ഥിരമായി ലോട്ടറി എടുക്കാറില്ല. ശെല്‍വല്‍ എന്ന ലോട്ടറി വില്‍പനക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ‘ഒരുപാട് കടമുണ്ട് അതെല്ലാം തീര്‍ക്കണം. മക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.’ സദന്‍ പറഞ്ഞു.

🔳കമ്മീഷന്‍ അടിച്ചു മാറ്റാന്‍ സിപിഎം ഉണ്ടാക്കിയ ഉടായിപ്പു പദ്ധതിയാണ് കെ റെയിലെന്നും ഇങ്ങനെയൊരു ഉടായിപ്പു പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കാനിടയില്ലെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. സുരക്ഷാ കാരണങ്ങള്‍ കൊണ്ടല്ല കെ റെയിലിന്റെ ഡിപിആര്‍ രഹസ്യമാക്കി വച്ചത്. ഇപ്പോള്‍ പുറത്തുവിട്ടത് ജനങ്ങളെ ഭയന്നാണ്. അദ്ദേഹം പറഞ്ഞു.

🔳താരസംഘടനയായ അമ്മ അതിജീവിതയ്ക്കൊപ്പമാണെന്നു പറയുന്നതു വെറുതേയാണെന്ന് നടി പത്മപ്രിയ. നടിയെ ആക്രമിച്ച സംഭവത്തിനു പിറകേ പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണം. പുതിയ അപേക്ഷ നല്‍കണമെന്ന അമ്മയുടെ നിലപാട് ശരിയല്ലെന്നും പത്മപ്രിയ. കോഴിക്കോട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പത്മപ്രിയ.

🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്നു വിധി പറയും. എട്ടു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

🔳കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ ബിജെപി പരിപാടികള്‍ക്കെതിരെ പൊലീസ് കേസ്. പെരുമ്പാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കും എതിരെയാണ് കേസ്. കോഴിക്കോട്ട് കണ്ടാലറിയുന്ന ആയിരത്തിയഞ്ഞൂറ് പേര്‍ക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.

🔳രാജ്യത്തെ മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇലക്ട്രോണിക് വോട്ടു യന്ത്രത്തിനെതിരേ ആദ്യം പ്രചാരണം നടത്തിയത് മതതീവ്രവാദികളാണ്. പിറകേ രാഷ്ട്രീയപാര്‍ട്ടികള്‍ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു തുടക്കം. ജെഎന്‍യുവിലെ ഇടത് -ജിഹാദി മുന്നണി പൊളിച്ചപ്പോള്‍ അവര്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളെ താവളമാക്കിയെന്നും സുരേന്ദ്രന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!