കെ റെയിലിന് ഹൈക്കോടതിയുടെ ചെങ്കൊടി. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. പദ്ധതിക്കുവേണ്ടി രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. ഈ തൂണുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കല്ലുകള്‍ നീക്കം ചെയ്യാന്‍ എന്തു നടപടി സ്വീകരിക്കുമെന്നും കോടതി ചോദിച്ചു.
🔳സില്‍വര്‍ ലൈന്‍ സ്ഥലം ഏറ്റെടുക്കുന്നതു ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ കൂടുതല്‍ ഹര്‍ജികളെത്തി. ഇവ പരിഗണിക്കവേയാണ് ഹൈക്കോടതി സുപ്രധാന ഉത്തരവു പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാതെ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികളാണ് ഹര്‍ജിക്കാര്‍.
🔳സംസ്ഥാനത്ത് റേഷന്‍ വിതരണം ഏഴു ജില്ലകളില്‍ രാവിലേയും മറ്റ് ഏഴു ജില്ലകളില്‍ ഉച്ചയ്ക്കു ശേഷവുമാക്കി മാറ്റുന്നു. സെര്‍വര്‍ തകരാര്‍മൂലം ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഒരാഴ്ചയായി റേഷന്‍ വിതരണം മുടങ്ങിയതിനാലാണ് ഈ ക്രമീകരണം. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ 12 വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.
🔳പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിനുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായുള്ള സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് സമിതിയെ നിയോഗിച്ചത്. വഴിതടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരവും പോലീസ് നടപടികളും പരിശോധിക്കും.
🔳പെരിയ ഇരട്ടക്കൊലക്കേസിലെ 24 പ്രതികളുടെയും റിമാന്‍ഡ് രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ജയില്‍ മാറ്റം വേണമെന്ന അപേക്ഷ ഈ മാസം 25 നു പരിഗണിക്കും. എറണാകുളം സിജെഎം കോടതിയാണു കേസ് പരിഗണിച്ചത്. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കാക്കനാട് ജയിലിലുമാണുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഒന്നാം പ്രതി ഉള്‍പ്പടെ 11 പേരെ കാക്കനാട് ജയിലിലേക്കു മാറ്റണമെന്ന് സിബിഐ അന്വേഷണ സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് കാക്കനാട് ജയിലിലുള്ള പ്രതികളും നല്കിയ അപേക്ഷകളാണ് കോടതി പരിഗണിക്കുക.
🔳ശബരിമല തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.29 ന് മകരസംക്രമപൂജയും സംക്രാഭിഷേകവും നടക്കും. മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലയറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടാനോ പാചകത്തിനോ അനുമതിയില്ല. സന്നിധാനത്ത് 24 മണിക്കൂര്‍ തങ്ങാം. അന്നദാനം ഉണ്ടാകും. മകരവിളക്കു കഴിഞ്ഞ് സന്നിധാനത്തു തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവുമുണ്ടാകും.
🔳പാലക്കാട് ഉമ്മിനിയിലെ വീട്ടില്‍ കുഞ്ഞുങ്ങളെ പ്രസവിച്ച തള്ളപ്പുലിയെ പിടിക്കാനുളള വനംവകുപ്പ് അധികൃതരുടെ നാലാം ദിവസത്തെ ശ്രമവും പരാജയപ്പെട്ടു. ഇന്നലെ രാത്രി തള്ളപ്പുലി എത്തിയില്ല. കെണിയായി ഒരുക്കിയ കൂട്ടില്‍ വച്ചിരുന്ന പുലിക്കുഞ്ഞിനെ വനംവകുപ്പ് അധികാരികള്‍ പരിചരണ കേന്ദ്രത്തിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാത്രി ഒരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു.
🔳പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സുരക്ഷ ഒരുക്കിയിട്ടുണ്ട്.
🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ ആള്‍ക്കൂട്ട നിയന്ത്രണം നിലനില്‍ക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേര് പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കമുള്ള നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
🔳സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ട് ബീച്ച് റോഡില്‍ പൊതുസമ്മേളനം നടത്തുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണു സമ്മേളനം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സിപിഎം പൊതുസമ്മേളനം തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കേയാണ് വിശദീകരണം.
🔳ഇത്തവണത്തെ റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഉണ്ടാകില്ല. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പരേഡ്. ശ്രീനാരായണഗുരു പ്രതിമയും ജഡായുപാറയും ഉള്‍പെടുന്ന നിശ്ചലദൃശ്യമാണു കേരളം സമര്‍പ്പിച്ചത്. പകരം ആദിശങ്കരന്റെ നിശ്ചലദൃശ്യം തയാറാക്കാന്‍ പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളം അതു നിരസിച്ചതോടെ പരേഡില്‍ കേരളത്തിന്റെ ദൃശ്യം ഉണ്ടാകില്ലെന്ന് ഉറപ്പായി.
🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജിനെ കുത്തിക്കൊന്ന കേസില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതികളായ നിഖില്‍ പൈലിയേയും ജെറിന് ജോജോയേയും കോടതിയില്‍ ഹാജരാക്കി തെളിവെടുപ്പിനു കസ്റ്റഡിയില്‍ വാങ്ങും.
🔳രക്തസാക്ഷിയെ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരുവാതിര കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ധീരജിന്റെ വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള മെഗാ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയായിരുന്നെന്ന് സുധാകരന് ആരോപിച്ചു.
🔳യൂത്ത് കോണ്‍ഗ്രസ് ഇളംചോര കൊതിക്കുന്ന ഡ്രാക്കുളയായെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികള്‍. കൊലയാളിയെപ്പോലും ലജ്ജിപ്പിക്കുന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേത്. കേരളത്തില്‍ കലാപത്തിനുള്ള ആഹ്വാനമാണ് സുധാകരന് നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.
🔳വിവാഹയാത്ര കിടിലനാക്കാന്‍ വധൂവരന്മാരെ ആംബുലന്‍സില്‍ കയറ്റി സൈറണ്‍ മുഴക്കി പാഞ്ഞു. ഒടുവില്‍ ആംബുലന്‍സിനു പണികിട്ടി. വധുവരന്മാരുമായി സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് പൊലീസിനു കൈമാറി. കായംകുളം കറ്റാനത്തുള്ള ആംബുലന്‍സാണ് പിടിയിലായത്. കറ്റാനം ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു വിവാഹം.
🔳മാഹിയില്‍നിന്ന് പിക്കപ്പ് വാനില്‍ കടത്തികൊണ്ടുവന്ന 200 ലിറ്ററോളം മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തിയ കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍ (30), പാറക്കോട്ടില്‍ നിതിന്‍ (31) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു ശരത് ലാല്‍.
🔳കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ പി.വി ശ്രീനിജന് എംഎല്‍എ അവകാശലംഘനത്തിന് സ്പീക്കര്‍ക്കു നോട്ടീസ് നല്കി. തന്നെയും എംഎല്‍എ പദവിയേയും അവഹേളിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. ചാനല്‍ ചര്‍ച്ചയില്‍ എംഎല്‍എ എന്ന ഭരണഘടനാ പദവിയെ മോശമായി പരാമര്‍ശിക്കുകയും തെരുവില്‍ കിടക്കുന്നവന്റെ സംസ്ക്കാരമുള്ളവനുമായി സംസാരിക്കാനില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്ന് എംഎല്‍എ വിശദീകരിക്കുന്നു.
🔳സില്‍വര്‍ലൈന്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രാനുമതിയുണ്ടെന്ന് മുഖ്യമന്ത്രി. റെയില്‍വെ ബോര്‍ഡ് തത്വത്തില്‍ പദ്ധതിക്ക് അംഗീകാരം തന്നിട്ടുണ്ട്. വികസനത്തിനു വായ്പയെടുക്കാത്ത ഒരു സര്‍ക്കാരും ഇല്ലെന്നും ‘ചിന്ത’ വാരികയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ മുഖ്യമന്ത്രി ലേഖനമെഴുതിയാല്‍ പോരാ, കേന്ദ്രാനുമതി എത്തരത്തിലുള്ളതാണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു.
🔳കെ റെയിലിന് അനുകൂലമായ പ്രചാരണത്തിന് സര്‍ക്കാര്‍ കൈ പുസ്തകം പുറത്തിറക്കുന്നു. 50 ലക്ഷം കൈപ്പുസ്തകമാണ് തയാറാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.