മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക്. ഈ മാസം 15 നു അമേരിക്കയിലേക്ക് പോകുന്ന അദ്ദേഹം രണ്ടാഴ്ച അവിടെ തുടരും. മയോ ക്ലിനിക്കിലെ തുടര്‍ ചികിത്സ, പരിശോധന എന്നിവ നടത്തും. ഭാര്യ കമലയും ഒരു പിഎയും അനുഗമിക്കും.

🔳സര്‍വ്വീസില്‍ തിരിച്ചെത്തിയെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം നല്‍കി.

🔳പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നംഗ സമിതിയെ രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി സുധീര്‍കുമാര്‍ സക്‌സേന അന്വേഷണത്തിനു നേതൃത്വം നല്‍കും. സുരക്ഷാ വീഴ്ച സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.

🔳സര്‍വേ നടത്താതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന് എങ്ങനെ മനസിലാക്കിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു സ്ഥലമുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ ചോദ്യം. കേന്ദ്ര അനുമതിയില്ലാതെ റെയില്‍വെ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

🔳സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന മുഖ്യമന്തി പൗരപ്രമുഖരുമായുള്ള ചര്‍ച്ചയ്ക്കു സമയം കണ്ടെത്തി. നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.

🔳ഇന്ത്യയില്‍ ഒരു ലക്ഷത്തിനു മുകളില്‍ പ്രതിദിന രോഗികളുമായി കൊവിഡിന്റെ ഉഗ്ര വ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി സംസാരിക്കും. പരിശോധനകളും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

🔳നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കി. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ രണ്ടു ഹര്‍ജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കും.

🔳നടന്‍ ദിലീപിനെതിരായ കേസില്‍ തുടരന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് നേതൃത്വം നല്‍കും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ എസ്എച്ച്ഒയും സംഘത്തിലുണ്ട്.

🔳കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കളമശേരി സ്വദേശി നീതു (23), നീതുവിനെ സഹായിച്ച കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവര്‍ പിടിയിലായി. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തിരുവല്ല കുറ്റൂര്‍ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു. കൂടെയുണ്ടായിരുന്ന ബാലന്‍ മകനാണ്.

🔳വയോധികനില്‍നിന്ന് അമ്പതിനായിരം രൂപ കോഴവാങ്ങിയതിന് പാലക്കാട് കോങ്ങാട് വില്ലേജ് ഓഫീസിലെ രണ്ട് ഫീല്‍ഡ് അസിസ്റ്റന്റുമാരെ വിജിലന്‍സ് പിടികൂടി. മനോജ്, പ്രസന്നന്‍ എന്നിവരാണ് പിടിയിലായത്. ചല്ലിക്കല്‍ സ്വദേശി കുമാരന്റെ പരാതിയിലായിരുന്നു വിജിലന്‍സ് നടപടി. ക്യാന്‍സര്‍ രോഗിയായ മകളുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ 16 സെന്റ് ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു. ഭൂമിക്കു പട്ടയം ശരിയാക്കാന്‍ ലക്ഷം രൂപയാണു കോഴ ആവശ്യപ്പെട്ടത്.

🔳വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ 67,000 രൂപയുടെ കെക്കൂലി കണ്ടെത്തിയ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്‍ഡ് ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍, ഓഫീസ് അസിസ്റ്റന്‍ഡ് സുനില്‍ മണി നാഥ് എന്നിവരെയാണ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്.

🔳ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ മുഖ്യപ്രതികളില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇതുവരെ 16 പേരാണ് പിടിയിലായത്.

🔳കേരളത്തില്‍ 18 വയസിനു മുകളിലുള്ള 98.6 ശതമാനം പേര്‍ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിന് മുകളിലുള്ള 81 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും നല്‍കി. 2.63 കോടി പേരാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. 2.14 കോടി പേര്‍ രണ്ടാം ഡോസുമെടുത്തു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ നടത്തി.

🔳പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിന്റെ പേരില്‍ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ നീട്ടാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം.

🔳കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ പാലത്തിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മടവൂര്‍ സ്വദേശികളായ ദമ്പതികളായ കൃഷ്ണന്‍ കുട്ടിയും(54) സുധ(42)യുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അരുണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

🔳സംസ്ഥാന വാട്ടര്‍ അതോറിറ്റിക്കു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 594 കോടി രൂപ! 1000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ 13.41 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്. 2194 കോടി രൂപ വാട്ടര്‍ അതോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുണ്ട്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രം നല്‍കാനുള്ളത് 422 കോടിയാണ്. കുടിവെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിച്ചോ, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചോ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

🔳സംവിധായകന്‍ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു. കമലിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്നു വര്‍ഷത്തേക്കാണു നിയമനം. ഇതേസമയം, കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനമായില്ല.

🔳കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 140 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

🔳കോന്നിയിലെ ഉള്‍വനത്തില്‍ നിന്ന് തലയോട്ടിയും അസ്ഥികഷ്ണവും കണ്ടെത്തി. ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മഞ്ഞാറയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുന്തിരിക്കം ശേഖരിക്കാന്‍ മൂന്നു മാസംമുമ്പ് ഉള്‍വനത്തില്‍ പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസും വനം വകുപ്പും കാട്ടില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയത്.

🔳ഷാലിമാര്‍ – തിരുവനന്തപുരം എക്സ്പ്രസ്സില്‍ കടത്താന്‍ ശ്രമിച്ച 27 കിലോ കഞ്ചാവ് ആര്‍പിഎഫ് പിടികൂടി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയടക്കം മൂന്ന് ഒഡീഷ സ്വദേശികള്‍ അറസ്റ്റിലായി.

🔳കേരളം അടക്കം പതിനേഴു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി 9,871 കോടി രൂപ അനുവദിച്ചു. പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ പത്താമത് പ്രതിമാസ ഗഡുവാണിത്. ഈ ഗഡു കൈമാറിയതോടെ ഈ സാമ്പത്തിക വര്‍ഷം ആകെ 98,710 കോടി രൂപ ഗ്രാന്റ് ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു. കേരളത്തിന് 1657.58 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്.

🔳പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവര്‍ വഴിയാണു വരുന്നതെന്ന് അറിഞ്ഞില്ലെന്നും പോലീസ് പറഞ്ഞതു കള്ളമാണെന്നു ധരിച്ചെന്നും പ്രതിഷേധ സമരത്തിനു നേതൃത്വം നല്‍കിയ കര്‍ഷകരുടെ നേതാവ്. പ്രധാനമന്ത്രിയെ തടയാന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രതിഷേധം അറിയിക്കാന്‍ മാത്രമായിരുന്നു പരിപാടിയെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുര്‍ജീത്ത് സിങ് ഫൂല്‍.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസ്സിനായി മഹാമൃത്യുഞ്ജയ ഹോമം നടത്താന്‍ ബിജെപി. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനുട്ടോളം കുടുങ്ങിയതിനു പിറകേയാണ് നീക്കം. ഡല്‍ഹിയില്‍ വിവിധ ക്ഷേത്രങ്ങളിലായി പൂജകള്‍ നടക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭോപാലിലെ ഗുഹാക്ഷേത്രത്തിലായിരിക്കും മൃത്യുഞ്ജയ ജപം നടത്തുക.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപരി രാം നാഥ് കൊവിന്ദിന് കത്തെഴുതി. റോഡ് തടഞ്ഞത് സുരക്ഷാ പ്രശ്‌നം മാത്രമല്ലെന്നും രാജ്യത്തിന് നാണക്കേടാണെന്നും കത്തില്‍ ആരോപിച്ചു.

🔳കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഈ മാസം അവസാനംവരെ നീട്ടിയേക്കും. ബംഗളൂരു നഗരത്തിലെ സ്‌കൂളുകളും കോളജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

🔳നീറ്റ് പിജി കൗണ്‍സിലിംഗ് കേസില്‍ ഇന്നു സുപ്രീംകോടതി ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി വാദം കേട്ടു.

🔳മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മിയെ ‘മറാത്തി റാബ്രി ദേവി’യെന്നു പരിഹസിച്ചു ട്വിറ്ററില്‍ പോസ്റ്റിട്ട ബിജെപി നേതാവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ജിതന്‍ ഗജാരിയയെ ആണ് പിടിയിലായത്.

🔳ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിംഗ് റാണയ്ക്കാണ് ക്യാബിനറ്റ് പദവി നല്‍കുന്നത്.

🔳എയര്‍ ഇന്ത്യയെ ടാറ്റക്കു കൈമാറുന്നതിനെതിരായ ബിജെപി നേതാവ് ഡോ. സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്‌മണ്യം സ്വാമി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ് ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ചു. അടുത്ത മാസംമുതല്‍ പ്രാബല്യത്തിലാകും. ബാങ്ക് ശാഖകള്‍ വഴി നടത്തുന്ന ആയിരം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് നിലവിലെ ജിഎസ്ടിക്കൊപ്പം സേവന നിരക്കും ഈടാക്കും. രണ്ടു മുതല്‍ അഞ്ചുവരെ ലക്ഷം രൂപയുടെ ഇടപാടുകള്‍ക്കായി പുതിയ സര്‍വീസ് ചാര്‍ജായി 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ചു ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.

🔳നേപ്പാള്‍ അതിര്‍ത്തിയിലെ മഹാകാളി നദിക്കു കുറുകെ ധാര്‍ചുലയില്‍ പാലം നിര്‍മ്മിക്കുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

🔳കസാഖിസ്ഥാനില്‍ കലാപം നിയന്ത്രിക്കാന്‍ റഷ്യന്‍ സൈന്യം വരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുപ്പതിലേറെ പേര്‍ മരിച്ചു. മരിച്ചവരില്‍ പന്ത്രണ്ടിലേറെപേര്‍ പോലീസുകാരാണ്. മുന്നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

🔳വടക്കന്‍ നൈജറിലെ മരുഭൂമിയില്‍നിന്ന് വാഹനത്തില്‍ 200 കിലോഗ്രാം കൊക്കെയ്നുമായി ഒരു മേയറെയും ഡ്രൈവറെയും അറസ്റ്റുചെയ്തു. മാലിയില്‍ നിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതിന് ശേഷം ലിബിയയിലേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മേയറിന്റെ പേരു വെളിപ്പെടുത്തിയില്ല.

🔳പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍നിന്ന് എല്‍എല്‍എം ബിരുദംനേടിയ ജസ്റ്റിസ് ആയിഷ മാലിക് 2012 ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!