പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ റദ്ദാക്കി

പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ റദ്ദാക്കി

🔳പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ റദ്ദാക്കി. പഞ്ചാബിലും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ഇന്നലെ നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പഞ്ചാബില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈ ഓവറില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയ്ക്കു പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി.

🔳”പഞ്ചാബ് മുഖ്യമന്ത്രിക്കു നന്ദി. ഞാന്‍ ജീവനോടെ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ എത്തി”- കര്‍ഷക പ്രതിഷേധം മൂലം യാത്ര മുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത് ഇങ്ങനെ. ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോടു നന്ദി അറിയിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു.

🔳പ്രധാനമന്ത്രിയുടെ സുരക്ഷാ പ്രോട്ടോക്കോളില്‍ വന്‍ വീഴ്ചയെന്ന് എസ്പിജി. പഞ്ചാബ് പൊലീസ് കൂടി സമ്മതിച്ച ശേഷമാണ് പ്രധാനമന്ത്രി റോഡ് മാര്‍ഗം പോകാന്‍ തീരുമാനിച്ചതെന്ന് എസ്പിജി പറയുന്നു. അടിയന്തിര ഘട്ടത്തില്‍ പ്രധാനമന്ത്രിയെ ഒഴിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തണം എന്ന സുരക്ഷാ നിര്‍ദ്ദേശവും നടപ്പായില്ലെന്ന് എസ്പിജി.

🔳സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി മടങ്ങിപ്പോയത് ഖേദകരമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. കാലാവസ്ഥ മോശമായതിനാല്‍ അവസാന നിമിഷമാണ് റോഡ് മാര്‍ഗം പോകാന്‍ തീരുമാനിച്ചത്. റോഡില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനാല്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. മറ്റൊരു വഴിയിലൂടെ പോകാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹം തിരിച്ചുപോയി. കൊവിഡ് പോസിറ്റീവായ ആളുമായി സമ്പര്‍ക്കമുള്ളതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳കോണ്‍ഗ്രസ് എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് നിര്‍മ്മിത സംഭവങ്ങളാണ് പഞ്ചാബിലുണ്ടായതെന്നും കോണ്‍ഗ്രസ് മാപ്പുപറയണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

🔳പഞ്ചാബ് സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാന്‍ മനഃപൂര്‍വം ശ്രമിച്ചെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ.

🔳കെ റയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് സംസ്ഥാനവ്യാപക സമരത്തിന്. പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭ വിളിച്ചുകൂട്ടണം. കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലായി സ്ഥിരം സമരവേദികള്‍ ആരംഭിക്കും. സമരത്തിന് സംസ്ഥാനതല നേതാക്കള്‍ നേതൃത്വം നല്‍കും. അതിരടയാളക്കല്ലുകള്‍ പിഴുതെറിയുമെന്നും യുഡിഎഫ് നേതാക്കള്‍ പ്രഖ്യാപിച്ചു.

🔳സര്‍വ്വേക്കല്ലുകള്‍ പിഴുതെറിഞ്ഞാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ഇടുക്കി ജില്ലാ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല. ബിജെപി മാറണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബിജെപി മാറി ജനദ്രോഹ നയം തുടരുന്ന മറ്റൊരു കൂട്ടര്‍ വന്നാല്‍ പോരാ. ജനവിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി.

🔳കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ നല്‍കിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. നിയമനത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.

🔳സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന മേഖലയിലേക്ക് സ്വകാര്യ സംരഭകരെ ക്ഷണിച്ച് കെഎസ്ഇബി. പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ 2400 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംരഭകരെ പരിചയപ്പെടുത്താനുള്ള നിക്ഷേപ സംഗമം തിരുവനന്തപുരത്ത് നടന്നു. 25 വര്‍ഷം സ്വന്തമായി നടത്തി മുടക്കുമുതല്‍ തിരിച്ചുപിടിച്ചശേഷം കൈമാറും. അതേസമയം പദ്ധതിക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സമരത്തിനിറങ്ങുകയാണ്.

🔳കേരളത്തിലെ മലയോര ഹൈവേയുടെ റൂട്ട് മലയോര മേഖലയിലൂടെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. മലയോര ഹൈവേ ദേശീയപാതയില്‍നിന്നു മലയോരങ്ങളിലേക്കു മാറ്റണമെന്നാണ് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്റെ ഹര്‍ജി ഹൈക്കോടതിയില്‍. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ല. പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ വിളിച്ചു വരുത്തണമെന്ന ആവശ്യവും കോടതി തള്ളി. കോടതിക്കെതിരായ ഹര്‍ജി ഇന്നു പരിഗണിക്കും.

🔳മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ആര്‍.എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രേമചന്ദ്രന്‍ പ്രസിഡന്റായ സംഘടന സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ആര്‍.എസ് ഉണ്ണിയുടെ ചെറുമകളുടെ പരാതി.

🔳കണ്ണൂര്‍ മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ പൊന്നന്‍ ഷമീറിനെതിരേ തത്കാലം പുതിയ കേസൊന്നും എടുത്തില്ല. ട്രെയിനില്‍ പൊലീസ് മര്‍ദ്ദിച്ചോയെന്ന് ഓര്‍മ്മയില്ലെന്നാണ് ഷമീര്‍ പറയുന്നത്. ടിക്കറ്റ് എടുത്തിരുന്നു. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ഷമീര്‍ പറഞ്ഞു.

🔳ഹൈടെക് സ്റ്റൈലില്‍ കോഴിക്കോട് കോടഞ്ചേരിയിലെ മൊബൈല്‍ ഷോപ്പില്‍നിന്ന് 15 ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. മുക്കം സ്വദേശികളായ മുഹ്സിന്‍ (20), അജാസ്( 20) എന്നിവരാണ് പിടിയിലായത്. സിസിടിവി ക്യാമറയിലേക്ക് സ്പ്രേ ചെയ്ത്, ഫ്ളിപ്പ്കാര്‍ട്ടില്‍നിന്ന് ഓണ്‍ലൈനായി വാങ്ങിയ ആംഗിള്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് താഴ് മുറിച്ചാണ് അകത്തു കടന്നത്.

🔳അന്തരിച്ച പി.ടി. തോമസിനെ നിശിതമായി വിമര്‍ശിച്ച് സിപിഎം നേതാവ് എം.എം. മണി. സിപിഎമ്മിനെ ഇത്രയേറെ ദ്രോഹിച്ച കോണ്‍ഗ്രസ് നേതാവ് ഇല്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച പി.ടി. തോമസ് പുണ്യാളനാണെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും മണി.

🔳ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ചെറുക്കാന്‍ ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചില്‍ മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

🔳നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി . കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ ആര്‍എസ്എസുകാരനാണ് തന്നെ ആക്രമിച്ചത്. പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കുകയാണു ചെയ്തതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നു തമിഴ്നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണര്‍ ആര്‍.എന്‍ രവി സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഈ നിലപാട് ആവര്‍ത്തിച്ചത്. ഏതാനും വര്‍ഷങ്ങളായി ജലനിരപ്പ് 142 അടിയാക്കി നിര്‍ത്തിയിരുന്നു.

🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഇന്നു മുതല്‍ രാത്രി ലോക്ഡൗണ്‍. വിദ്യാലയങ്ങള്‍ക്ക് അവധി. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പ് ശനിയാഴ്ചയിലേക്കു മാറ്റി.

🔳ഒമിക്രോണ്‍ പരിശോധനക്കു പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചതായി ഐസിഎംആര്‍. നാല് മണിക്കൂറിനുള്ളില്‍ ഫലം അറിയാം.

🔳കോവിഡ് വാക്സിനായ കോവാക്സിന്‍ സ്വീകരിച്ചതിനുശേഷം പാരാസെറ്റമോളോ വേദനസംഹാരികളോ കഴിക്കരുതെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. മറ്റു ചില വാക്സിനുകള്‍ എടുത്തശേഷം പാരസെറ്റമോള്‍ കഴിക്കാന്‍ ശിപാര്‍ശ ചെയ്യാറുണ്ടെങ്കിലും കോവാക്സിന് അതിന്റെ ആവശ്യമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!