തിരുവനന്തപുരത്തു സില്‍വര്‍ ലൈന്‍ പാതയ്ക്കു കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

തിരുവനന്തപുരത്തു സില്‍വര്‍ ലൈന്‍ പാതയ്ക്കു കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

🔳തിരുവനന്തപുരത്തു സില്‍വര്‍ ലൈന്‍ പാതയ്ക്കു കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് എത്തിയെങ്കിലും കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. സില്‍വര്‍ ലൈനിനു ജനപിന്തുണയ്ക്കായി പൗരപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കേയാണ് പ്രതിഷേധം ശക്തമാകുന്നത്.

🔳ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയെ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സസ്പെന്‍ഡ് ചെയ്തത്. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി.

🔳കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്ളവര്‍ ഓഫീസുകളില്‍ എത്തേണ്ടതില്ല. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. അണ്ടര്‍ സെക്രട്ടറിക്ക് താഴെയുള്ള 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം. ഗര്‍ഭിണികളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും ഓഫീസില്‍ പോകേണ്ടതില്ല. ഓഫിസുകളിലെ ബയോ മെട്രിക് സംവിധാനവും ഒഴിവാക്കിട്ടുണ്ട്.

🔳നടിയെ ആക്രമിച്ച കേസിന്റെ പോക്കില്‍ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി. തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്കു കത്തയച്ചു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ പറയുന്നു.

🔳നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ്. തന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിനു പിന്നില്‍ പ്രോസിക്യൂഷനാണെന്ന് ദിലീപ് ആരോപിച്ചു. കോടതിയിലെ കേസ് അട്ടിമറിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റേയും പ്രോസിക്യൂഷന്റേയും ശ്രമമെന്ന് ദിലീപ്.

🔳ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്എസുകാര്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്ത സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇയാള്‍ ചേര്‍ത്തല സ്വദേശിയാണ്.

🔳കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ തുറക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുമരാമത്ത് പണികളുടെ നിരീക്ഷണ ചുമതല സൂപ്രണ്ടിങ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരില്‍ ഒരാള്‍ക്കു നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

🔳പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരില്‍ ഒരാളായ ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

🔳തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്കു സമീപം ആക്രിക്കടയില്‍ ഉണ്ടായ തീപിടിത്തത്തിനു കാരണം ഇലക്ട്രിക് പോസ്റ്റില്‍നിന്ന് തീ വീണതാണെന്ന് ആക്രിക്കട ഉടമ നിഷാന്‍. രാവിലെ പത്തരയോടെ മൂന്നു തവണ തീ വീണു. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഥാപനത്തില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലെന്നും നിഷാന്‍.

🔳ഡെന്റല്‍, വെറ്ററിനറി കോഴ്സുകള്‍ക്കു സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

🔳പുന്നപ്രയില്‍ മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ഡിസംബര്‍ 31ന് രാത്രിയായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ അമല്‍ ബാബുവിനെ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്നും ആരോപണമുണ്ട്.

🔳കേരള പൊലീസ് ഗുണ്ടകളായി മാറിയെന്നും പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന് നാഥനില്ല. കുത്തഴിഞ്ഞ സ്ഥിതിയാണ്. മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ചെന്നിത്തല.

🔳മുഖ്യമന്ത്രി പിണറായി വിജയന് ഇനി കറുത്ത കാര്‍. കൂടുതല്‍ സൗകര്യമുള്ള കറുത്ത കാറിനാണ് സ്റ്റേറ്റ് കാറിന്റെ ഒന്നാം നമ്പര്‍ പദവി. വെളുത്ത കാറാണ് മുഖ്യമന്ത്രി നേരത്തെ ഉപയോഗിച്ചിരുന്നത്.

🔳കുഴിയില്ലാത്ത റോഡില്‍ ടാറിട്ടതിന് പൊതുമരാത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. കോഴിക്കോട് കുന്ദമംഗലം അസിസ്റ്റന്റ് എന്‍ജിനിയര്‍ സി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവര്‍ക്കെതിരേയാണു നടപടി. മായനാട് ഓഴുക്കര റോഡിലെ 17 മീറ്റര്‍ ടാര്‍ ചെയ്തതിനെതിരേ നാട്ടുകാര്‍ നല്‍കിയ നല്‍കിയ പരാതിയിലാണ് സസ്പെന്‍ഷന്‍.

🔳രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷനു തുടക്കമായി. ആദ്യ ദിവസം വാക്സീന്‍ സ്വീകരിച്ചത് മുപ്പതു ലക്ഷം കൗമാരക്കാര്‍. കേരളത്തില്‍ 38,417 കൗമാരക്കാര്‍ക്കു വാക്സിന്‍ നല്‍കി. കൊവിന്‍ പോര്‍ട്ടല്‍ വഴി 44 ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

🔳തെലങ്കാനയില്‍ ബിജെപി- ടിആര്‍എസ് പോര് തെരുവിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി സഞ്ജയ് കുമാറിനെ അറസ്റ്റു ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്.

🔳ഒരു ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ രണ്ടര ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം ജനുവരി 18 ന് ഭൂമിക്കു തൊട്ടരികിലൂടെ കടന്നുപോകും. നാസ ഇതിനെ അപകടസാധ്യതയുള്ള ഛിന്നഗ്രഹമായി തരംതിരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!