കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനു കഴിയില്ലെന്ന് ബിനോയ് വിശ്വം.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനു കഴിയില്ലെന്ന് ബിനോയ് വിശ്വം.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനു കഴിയില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പി ടി തോമസ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിശാനിയമവും നിയന്ത്രണങ്ങളും അവസാനിച്ചു. പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത അവലോകന യോഗം തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

🔳കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ ഇന്നു മുതല്‍. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കാണു വാക്സിന്‍ നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ളിടങ്ങളില്‍ ഇതിനായി പിങ്ക് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി അഞ്ചു ലക്ഷം വാക്സിന്‍ ഉടനേ എത്തിക്കും. പത്താം തീയതി വരെയാണ് വാക്സിനേഷന്‍.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം വിശദാംശങ്ങള്‍ തേടുന്നു. പരാതിയുണ്ടെങ്കില്‍ ജനുവരി ഏഴിനു മുമ്പു ഫയല്‍ ചെയ്യണമെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായുള്ള മൂന്നംഗ സമിതി ആവശ്യപ്പെട്ടു. പരിശോധനകള്‍ക്കായി ഫോണ്‍ കമ്മീഷനു കൈമാറേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു.

🔳കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് ഒപി ആരംഭിക്കും. അക്കാദമി ബ്ലോക്കില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോളജി വിഭാഗം ഒപികളാണ് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പ്രവര്‍ത്തിക്കുക. അത്യാവശ്യ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. കിടത്തി ചികിത്സ, സ്‌കാനിംഗ്, ശസ്ത്രക്രിയ തുടങ്ങിയവ ഇപ്പോഴില്ല.

🔳കേരളത്തില്‍ ഒരു വികസനവും പാടില്ലെന്നാണ് പ്രതിപക്ഷ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാന്‍ നീക്കം നടത്തുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നേത് കാലത്താണ് വികസനം വരികെയെന്നും അദ്ദേഹം ചോദിച്ചു.

🔳കേരളത്തില്‍ 45 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 152 ആയി. ഇന്നലെ എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

🔳മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വിഡി സതീശനു പേടിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും കൊടുത്ത് വളര്‍ത്തുന്ന വക്കീലായി പ്രതിപക്ഷ നേതാവ് മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഈ പരാമര്‍ശം. ഡി-ലിറ്റ് ശുപാശ ചെയ്യാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

🔳പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയി കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി. പൊന്നാനി അഴീക്കല്‍ സ്വദേശികളായ ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് ബേപ്പൂരിനടുത്തെ കടലില്‍ കണ്ടെത്തിയത്.

🔳കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മിക്കുന്ന വിക്രാന്ത് വിമാനവാഹിനി കപ്പല്‍ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു സന്ദര്‍ശിച്ചു. 19,341 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന വിമാനവാഹിനിയുടെ 76 ശതമാനവും തദ്ദേശീയ ഉത്പന്നങ്ങളാണ്. രണ്ടായിരത്തോളം ഷിപ്പിയാര്‍ഡ് ജീവനക്കാരും 13,000 പുറം ജീവനക്കാരും വിമാനവാഹിനിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നുണ്ട്.

🔳കൊച്ചിയില്‍ നടന്ന കേരള ബാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഒരു വിഭാഗം അഭിഭാഷകര്‍ ഇറങ്ങിപ്പോയി. ഏഴര കോടി രൂപയുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍പോകരുതെന്ന ആവശ്യം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

🔳ഭാര്യ കേയ്ക്ക് മുഖത്തേക്ക് എറിഞ്ഞതിനു ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച മരുമകന്‍ അറസ്റ്റിലായി. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ് അറസ്റ്റിലായത്. ആക്രമണത്തില്‍ പരിക്കേറ്റ മഹിജ (48) യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിണങ്ങിപ്പോയ ഭാര്യക്കു നല്‍കിയ കേയ്ക്ക് ലിജിന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞതിന്റെ പ്രതികാരമായാണ് ഭാര്യാമാതാവിന്റൈ തലയ്ക്കടിച്ചത്.

🔳കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് മൊബൈല്‍ ഫോണില്‍ സ്ഥിരം വരുന്ന ഫോണ്‍ കോളുകളെക്കുറിച്ചുള്ള തര്‍ക്കം മൂലമാണെന്ന് പൊലീസ്. കോട്ടപ്പുറം മേടയില്‍ ലതാമന്ദിരത്തില്‍ ഇരുപത്തേഴു വയസുളള ജിന്‍സിയെയാണ് ഭര്‍ത്താവ് ദീപു വെട്ടി കൊലപ്പെടുത്തിയത്.

🔳കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐ ഷാജി പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുഖേന മുഖ്യമന്ത്രിക്കു പരാതി നല്‍കി. ബീച്ചിലേക്കു മദ്യം കൊണ്ടുപോകരുതെന്ന വിലക്ക് നടപ്പാക്കുകയാണു ചെയ്തതെന്നും വിദേശിയോടു മോശമായി സംസാരിച്ചിട്ടില്ലെന്നും നടപടികള്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ പറയുന്നു.

🔳പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കും. നാലു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മണിപ്പൂരില്‍ അയ്യായിരം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കും. 1,850 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ത്രിപുരയില്‍ വിമാനത്താവളം ടെര്‍മിനലിന്റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.

🔳പ്രധാനമന്ത്രി നരേന്ദ്രമോദി ജിമ്മിലെത്തി വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങിനുശേഷം ജിംനേഷ്യം സന്ദര്‍ശിക്കവേയാണ് മോദി വ്യായാമം ചെയ്തത്.

🔳ഒമിക്രോണ്‍ വ്യാപന ഭീതിമൂലം സുപ്രീംകോടതി നടപടികള്‍ വീണ്ടും വെര്‍ച്വല്‍ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ കോടതികളുടെയും പ്രവര്‍ത്തനം വെര്‍ച്വലാക്കി.

🔳കൊവിഡിനൊപ്പം ഒമിക്രോണ്‍ വ്യാപനവും രൂക്ഷമായതിനാല്‍ പശ്ചിമ ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരേ ജോലിക്കു ഹാജരാകാവൂ. സര്‍ക്കാര്‍ യോഗങ്ങള്‍ വെര്‍ച്വലാക്കും. പാര്‍ക്കുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടും.

🔳ആഢംബര കപ്പല്‍ കോര്‍ഡീലിയ ഗോവ തുറമുഖത്ത് തടഞ്ഞിട്ടു. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണു കാരണം. രണ്ടായിരത്തോളം യാത്രക്കാരെയും ജിവനക്കാരേയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കുകയാണ്.

🔳കര്‍ണാടകയിലെ കോലാര്‍ ഗംഗനഹള്ളി ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ. 19 കുട്ടികളടക്കം 50 പേരെ ആശുപത്രിയിലാക്കി. പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജയുടെ ഭാഗമായിട്ടായിരുന്നു പ്രസാദവിതരണം.

🔳കഴിഞ്ഞ വര്‍ഷം കുവൈറ്റ് നാടുകടത്തിയത് 18,221 പേരെ. ഇവരില്‍ 7,044 പേര്‍ സ്ത്രീകളാണ്. നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവര്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യക്കാരുടെ കണക്ക് അഭ്യന്തര മന്ത്രാലയമാണു പുറത്തുവിട്ടത്.

🔳രണ്ടായിരം ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്നതായി കരുതുന്ന ദിനോസര്‍ കുടുംബത്തിലെ ജീവിയുടെ കാല്‍പ്പാടുകള്‍ സൗത്ത് വെയില്‍സില്‍ കണ്ടെത്തി. സോറാപോഡമോര്‍ഫമ എന്ന വിഭാഗത്തില്‍ പെടുന്ന ദിനോസറിന്റെ കാല്‍പാടാണു കണ്ടെത്തിയതെന്നാണ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം പാലിയന്റോളജിസ്റ്റുകള്‍ വിശ്വസിക്കുന്നത്.

🔳ദുബൈ ഗ്ലോബല്‍ വില്ലേജ് താല്‍ക്കാലികമായി അടച്ചു. പ്രതികൂല കാലാവസ്ഥയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും പരിഗണിച്ചാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!