ഇന്നലെ അമേരിക്കയിൽ അഞ്ചേകാൽ ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; യൂറോപ്യൻ രാജ്യങ്ങളിലും വൻ വർദ്ധന

ഇന്നലെ അമേരിക്കയിൽ അഞ്ചേകാൽ ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; യൂറോപ്യൻ രാജ്യങ്ങളിലും വൻ വർദ്ധന

🔳ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും കോവിഡ് ആഞ്ഞു വീശുന്നു. പ്രതിദിന കോവിഡ് രോഗികളില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ആഗോളതലത്തില്‍ ഇന്നലെ പതിനെട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. അമേരിക്കയില്‍ 5,25,611 പേര്‍ക്കും ഫ്രാന്‍സില്‍ 2,06,243 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,89,213 പേര്‍ക്കും സ്പെയിനില്‍ 1,61,688 പേര്‍ക്കും ഇറ്റലിയില്‍ 1,26,888 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

🔳ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപിരി- ചിഞ്ച്വാഡിലാണ് ആണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ഈ മാസം 28 നാണ് മരിച്ചത്. ലോകത്തിലെ തന്നെ നാലാമത്തെ ഒമിക്രോണ്‍ മരണമെന്നാണ് ഇത് കരുതപ്പെടുന്നത്. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളിലെ കുതിപ്പ് ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ദില്ലിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

🔳കൊവിഡ് വാക്സീനുകള്‍ക്ക് അണുബാധയെ പൂര്‍ണ്ണമായി ചെറുക്കാനാവില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. എന്നാല്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും. രോഗ ബാധ തീവ്രമാകാതിരിക്കാനും മരണനിരക്ക് കുറക്കാനുമായാണ് കരുതല്‍ ഡോസ് നല്‍കുന്നതെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

🔳ചാന്‍സിലര്‍ സ്ഥാനം ഒഴിയാമെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സര്‍ക്കാരാണ്. തെറ്റ് ആവര്‍ത്തിക്കാന്‍ താന്‍ ഇനി ഇല്ല. ഓര്‍ഡിനന്‍സ് കൊണ്ടു വന്നാല്‍ താന്‍ ഒപ്പിട്ട് നല്‍കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

🔳സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച് പ്രതിപക്ഷം. കണ്ണൂര്‍ വിസി നിയമന കേസിലെ ഹൈക്കോടതി നോട്ടീസ് സര്‍ക്കാരിലേക്ക് കൈമാറി ഗവര്‍ണര്‍ പുതിയ പ്രതിസന്ധി ഉണ്ടാക്കുമ്പോള്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ നിലപാട് ശക്തമാക്കുകയാണ്. ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണറുടെ നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമവിരുദ്ധമായി ഗവര്‍ണര്‍ അതില്‍ കയ്യൊപ്പ് ചാര്‍ത്തി. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ചാന്‍സലര്‍ പദവിയിലിരുന്ന് ഗവര്‍ണര്‍ നിയമപരമായി പ്രവര്‍ത്തിക്കണമെന്നും സതീശന്‍ പറഞ്ഞു.

🔳ഒമിക്രോണ്‍ ഭീഷണിയില്‍ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങി. രാത്രി 10 മണിമുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യു ആരംഭിച്ചു. ജനുവരി രണ്ട് വരെയാണ് നിലവില്‍ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കുന്നതല്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

🔳കേരളത്തിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പാതിരാ പ്രാര്‍ത്ഥന പിണറായി സര്‍ക്കാരിന്റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഒരു വിഭാഗത്തോടു കാട്ടുന്ന ഈ വിവേചനം വിവേകരഹിതമാണ്. രാത്രി കാലത്തു നടത്തുന്ന ചില തീര്‍ത്ഥാടനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവു നല്‍കിയിട്ടുണ്ട്. അതേ ആനുകൂല്യമാണ് ക്രൈസ്തവര്‍ക്കും നല്‍കേണ്ടത് എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഒരു പന്തിയില്‍ രണ്ടു വിളമ്പിനു പകരം സര്‍ക്കാര്‍ എല്ലാവരെയും സമഭാവനയോടെയാണു കാണേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

🔳കൊലപാതകങ്ങളിലൂടെ ആലപ്പുഴയില്‍ വര്‍ഗീയ കലാപമാണ് എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസ് ഇടപെടല്‍ കൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മതനിരപേക്ഷതയെ തകര്‍ക്കാന്‍ അധികാരം കൈയിലുള്ള ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🔳ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വെള്ളക്കിണര്‍ സ്വദേശി സിനുവിനെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ആലപ്പുഴ ഏരിയ സെക്രട്ടറിയാണ് സിനു. പ്രതി ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു.

🔳സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് എതിരായ വധ ഭീഷണിയില്‍ കുറ്റവാളികളെ സര്‍ക്കാര്‍ പിടികൂടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഭീഷണിക്ക് പിന്നില്‍ ലീഗുകാര്‍ ആണെങ്കില്‍ അവര്‍ സംഘടനയില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ പൊലീസിനെക്കൊണ്ട് അന്വേഷിച്ച് നടപടി എടുപ്പിക്കണം. കള്ളന്‍ കപ്പലില്‍ തന്നെ ആണെന്ന് അന്വേഷണം നടത്തുമ്പോള്‍ ബോധ്യമാകും എന്നും പിഎംഎ സലാം പറഞ്ഞു.

🔳കെ റെയില്‍ സില്‍വര്‍ ലൈന്‍ ഇടതുപക്ഷത്തിന്റെ പദ്ധതിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷ പ്രതിഷേധം വിശദമായ വിവരങ്ങള്‍ അറിയാതെയാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കൂ. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐക്കുള്ളില്‍ രണ്ട് അഭിപ്രായമില്ല. പദ്ധതിക്ക് എതിരഭിപ്രായം ഉണ്ടാകാമെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍, സര്‍ക്കാര്‍ സമന്വയത്തിലൂടെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പദ്ധതിക്ക് വിശദമായ ഡിപിആര്‍ വേണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എസ് രാജേന്ദ്രന്റെ സി പി ഐ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികളില്‍ നാല് പേരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്. ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് സംഘര്‍ഷത്തിന് പിന്നിലെ കാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത് എങ്ങനെയാണെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

🔳തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയുള്ള കെ മുരളീധരന്‍ എംപിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയോട് കെ മുരളീധരന്‍ എംപി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നതെന്ന് ശ്രീമതി ചോദിച്ചു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുടര്‍ന്ന് വാക്കുകള്‍ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് മുരളീധരനോട് പറയാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും അത് പറഞ്ഞുകൊടുക്കണമെന്നും ശ്രീമതി പറഞ്ഞു.

🔳ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ പുറത്താക്കാന്‍ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ രാജേന്ദ്രനെ പരിഹസിച്ച് എംഎം മണി എംഎല്‍എ. രാജേന്ദ്രന്‍ പറഞ്ഞുനടക്കുന്നതിന് മറുപടി പറയലല്ല പാര്‍ട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും എംഎം മണി പറഞ്ഞു. അയാളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു സിപിഎമ്മിനെതിരെ രാജേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് എംഎം മണിയുടെ പ്രതികരണം. രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും മണി പരിഹസിച്ചു.

🔳ഡി.സി.സി.കള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അഞ്ചുവര്‍ഷം ഭാരവാഹികളായിരുന്നവരെ ഒഴിവാക്കാനുള്ള കെ.പി.സി.സി. ഉപസമിതിയുടെ നിര്‍ദേശം തള്ളി. എന്നാല്‍ പകുതി ഭാരവാഹികള്‍ പുതുമുഖങ്ങളാകണമെന്ന നിബന്ധന തുടരും. ഭാരവാഹിത്വം വഹിച്ച കാലയളവ് മാനദണ്ഡമാക്കാതെ പകുതിപ്പേരെ ഉള്‍പ്പെടുത്തും.

🔳നാളികേര വിലയിടിയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ കര്‍ഷകരില്‍നിന്ന് കിലോഗ്രാമിന് 32 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് വിളിച്ച ഉന്നതതലയോഗം തീരുമാനിച്ചു. നാഫെഡ് മുഖേനയുള്ള സംഭരണം ദ്രുതഗതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

🔳2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. ആത്മകഥയായ ഹൃദയരാഗങ്ങള്‍ക്കാണ് മലയാളത്തിലെ മികച്ച കൃതിക്കുള്ള പുരസ്‌ക്കാരം. ഓണക്കൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ തന്റെ ജീവിതയാത്ര രണ്ടു ഭാഗങ്ങളിലായി ജോര്‍ജ് ഓണക്കൂര്‍ കുറിച്ചിടുന്ന കൃതിയാണ് ഹൃദയരാഗങ്ങള്‍. ബാലസാഹിത്യ പുരസ്‌ക്കാരം രഘുനാഥ് പലേരിയുടെ ‘അവര്‍ മൂവരും മഴവില്ലും’ എന്ന നോവലിനാണ്. മൊബിന്‍ മോഹന്റെ ജക്കരന്ത എന്ന നോവലാണ് ഈ വര്‍ഷത്തെ യുവ പുരസ്‌ക്കാരത്തിന് അര്‍ഹമായത്.

🔳വടക്കന്‍ പറവൂരില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ജിത്തു പിടിയിലായി. എറണാകുളം കാക്കനാട് നിന്നാണ് ജിത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പോലീസിനോട് സമ്മതിച്ചു.

🔳മദ്യം കഴിക്കുന്ന മലയാളി കഴിഞ്ഞ അഞ്ചുവര്‍ഷം നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയത് 46,546.13 കോടി രൂപയാണെന്ന് കണക്കുകള്‍. 2016 ഏപ്രില്‍മുതല്‍ 2021 മാര്‍ച്ച് 31 വരെയാണിത്. മദ്യപര്‍ പ്രതിമാസം സര്‍ക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നല്‍കുന്നത്. അതായത് ഒരുദിവസം ഏകദേശം 25.53 കോടി രൂപ.

🔳തമിഴ്‌നാട്ടില്‍ കനത്ത മഴ. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു. മഴ തുടരുന്നതിനിടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്ന് പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

🔳ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി.

🔳ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് ചൈന. സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍ ചൈനയുടെ ടിയാങ്‌ഗോങ് നിലയത്തിന് അപകട ഭീഷണിയാണെന്ന് ചൈന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!