🔳ഇടതുനിരയില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതല്‍ കൂട്ടാവുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും എന്നാല്‍ ആസൂത്രിതമായ വ്യാജപ്രചാരണത്തിലൂടെ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നാടിന്റെ പുരോഗതിയ്ക്ക് ഉതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേതെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഗുണം തിരിച്ചറിഞ്ഞ് ഒന്നിച്ചു മുന്നോട്ട് പോകാമെന്നുമുള്ള ആഹ്വാനവും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി നടത്തുന്നുണ്ട്.
🔳കെ-റെയിലിന്റെ വിശദപദ്ധതിരേഖ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതിലഭിച്ചതിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കാനാകൂ എന്ന് കെ-റെയില്‍ കോര്പ്പറേഷന്. ഭരണകക്ഷിയായ സി.പി.ഐ ഉള്‍പ്പെടെ ആവശ്യപ്പെട്ടെങ്കിലും സാങ്കേതികതടസ്സം ഉണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോര്പ്പറേഷന്. ഇനി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
🔳കെ-റെയിലിനെ സംബന്ധിച്ച് ശശിതരൂരും യുഡിഎഫും തമ്മിലുള്ള തര്‍ക്കം സമവായത്തിലേക്ക്. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് കാണിച്ച് തരൂര്‍ മറുപടി നല്‍കിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയിച്ചു. യുഡിഎഫിന്റെ നിലപാടിനൊപ്പമാണെന്ന് തരൂര്‍ തന്നെ പരസ്യമാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതേ സമയം തരൂരിനെ നിയന്ത്രിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആവര്‍ത്തിച്ചു.
🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപനം അതിതീവ്രം. ആഗോളതലത്തില്‍ ഇന്നലെ മാത്രം പന്ത്രണ്ട ലക്ഷത്തിനടുത്ത് ആളുകളാണ് കോവിഡ് രോഗികളായത്. കോവിഡിന്റെ ഉത്ഭവത്തിനു ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് വ്യാപന നിരക്കാണിത്.
🔳കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വാക്സിന് നല്കാന് ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറഞ്ഞു. ജനുവരി മൂന്നിനാണ് 15-നും 18-നും ഇടയില്‍ പ്രായമുള്ളവരുടെ കുത്തിവെപ്പ് തുടങ്ങുന്നത്. കോവാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുക.
🔳രണ്ടു കോവിഡ് വാക്സിനുകള്‍ക്കും ഒരു ആന്റി കോവിഡ് ഗുളികയ്ക്കുംകൂടി അടിയന്തര ഉപയോഗത്തിന് കേന്ദ്ര ഡ്രഗ് അതോറിറ്റി അനുമതി നല്കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കോവോവാക്സ്, ബയോളജിക്കല്‍ ഇ-യുടെ കോര്‍ബിവാക്സ്, കോവിഡിനെതിരേയുള്ള ഗുളിക മോള്‍നുപിരാവിര്‍ എന്നിവയ്ക്കാണ് ഇന്നലെ അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റിലൂടെ അറിയിച്ചു.
🔳ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി രാജ്യം മാറിയെന്നും ഈ നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഐ.ഐ.ടി.യുടെ 54-ാമത് ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🔳വിദ്വേഷശക്തികള്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനാഘോഷത്തില് എ.ഐ.സി.സി. ആസ്ഥാനത്തുനടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കയായിരുന്നു അവര്‍. വിഭജന പ്രത്യയശാസ്ത്രങ്ങള്‍ ഇപ്പോള്‍ നമ്മുടെ മതേതരഘടനയെ തകര്‍ത്തുകൊണ്ടിരിക്കയാണ്. അവര്‍ ചരിത്രം തിരുത്തുന്നു. വികാരങ്ങളെ ജ്വലിപ്പിച്ച് ഭയം ജനിപ്പിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങള്‍ ബോധപൂര്‍വം നശിപ്പിക്കുന്നു. കോണ്‍ഗ്രസ് ഇതിനെതിരേ സര്‍വശക്തിയുമെടുത്ത് പോരാടുമെന്നും സോണിയ പറഞ്ഞു.
🔳സംസ്ഥാനത്ത് ഇന്നലെ എട്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്തും പാലക്കാട്ടും ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് പാലക്കാട്ട് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ഡിഎംഒ കെ രമാദേവി അറിയിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം ക്വാട്ടേഴ്സില്‍ കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
🔳രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പുതുവത്സരദിനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം തത്കാലം സിനിമ പ്രദര്‍ശനം അനുവദിക്കില്ല. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളില്‍ രാത്രികാല ഷോകള്‍ വിലക്കിയത്. തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
🔳കേരളത്തിന് പുറത്തുള്ള ആസ്പത്രികളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സഹായധനമില്ല. കോവിഡ് മരണത്തിന്റെ അംഗീകൃതപട്ടികയില്‍ ഇടംകിട്ടാത്തതാണ് കാരണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന 50,000 രൂപയാണ് ലഭിക്കാത്തത്. കേരളത്തിലെ എല്‍.എസ്.ജി.ഡി. സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ മരണസര്‍ട്ടിഫിക്കറ്റിനുള്ള പോര്‍ട്ടലില്‍നിന്ന് ഇവര്‍ തള്ളപ്പെടുകയാണ്.
🔳സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാമാണ് പുതിയ സംവിധാനത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍. എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകള്‍ ഉണ്ടാവും. ഗുണ്ടകളെയും മയക്കുമരുന്ന് മാഫിയയേയും അമര്‍ച്ച ചെയ്യാന്‍ നാര്‍കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ക്വാഡുണ്ടാവും. സ്വര്‍ണക്കടത്ത് തടയാന്‍ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തില്‍ മറ്റൊരു സ്ക്വാഡും പ്രവര്‍ത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. തൊഴിലാളി ക്യാമ്പുകളില്‍ സ്ഥിരം നിരീക്ഷണം ഏര്‍പ്പെടുത്തും. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാന്‍ ബോധവത്ക്കരണവും സംഘടിപ്പിക്കും.
🔳കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികള്‍ ക്രിസ്തുമസ് ദിനത്തില്‍ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ പത്ത് പേര് കൂടി പിടിയില്‍. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തൊഴിലാളികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 174 ആയി.
🔳ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്കാരന് ചോര്‍ത്തി നല്കിയ പൊലീസുകാരന് സസ്പെന്ഷന്. കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
🔳ബിജെപി പ്രവര്ത്തകന് രണ്‍ജീത്തിനെ കൊലപ്പെടുത്തിയ കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
🔳സിപിഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാമെന്ന ധാരണ വേണ്ട എന്ന മുന്നറിയിപ്പുമായി പന്ന്യന്‍ രവീന്ദ്രന്. സിപിഐയിലേക്ക് ഇനിയും ആളുകള്‍ വരുമെന്നും മനുഷ്യ ജീവനെടുക്കുന്നത് ഏത് പാര്‍ട്ടിയാണെങ്കിലും അത് കൊലയാളി പാര്‍ട്ടിയാണെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. തളിപ്പറമ്പില്‍ സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ സിപിഐയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണമെന്നത് ഏറെ ശ്രദ്ധേയമാണ്.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ശശി തരൂര്‍ എന്ന വിശ്വമാനവന്‍ കൊതിക്കിറവും അസൂയയുമാണെന്ന് ബിജെപി നേതാവ് അഡ്വ. ബി.ഗോപാലകൃഷ്ണന്. അസൂയയ്ക്ക് വായില്‍ കൊള്ളാത്ത പുതിയ ഇംഗ്ലീഷ് പദം ഉണ്ടങ്കില്‍ അത് കൃത്യമായി ചേരുംപടി ചേര്‍ക്കാന്‍ തരൂരിന് മാത്രമെ കഴിയു. ആഗ്രഹം കുറെ ഉണ്ടങ്കിലും ഒന്നും നടക്കാത്തതിലുള്ള നിരാശയും അസൂയയും കൊതിയും എല്ലാം കൂടി ചേരുന്ന പുതിയ ഇംഗ്ലീഷ് പദം എന്ത് എന്ന് ചോദിച്ചാല്‍ ഇനി മലയാളത്തില്‍ ശശി തരൂര്‍ എന്ന് പറയേണ്ടിവരുമെന്നും ശശി ആയി എന്ന് പറയുന്ന പോലെ ശശി തരൂര്‍ എന്ന വാക്കും മാറുമെന്നും അദ്ദേഹം പരിഹസിച്ചു.
🔳മോന്സണ് മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ മോന്‍സനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.
🔳കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടയ്ക്കും. സിനിമാ തീയേറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം വ്യക്തമാക്കിയത്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.