🔳സംസ്ഥാനത്ത് ഏതെങ്കിലും വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ചിലര്‍ വരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കുറ്റബോധം മൂലം ഉണ്ടായതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കമ്പ്യൂട്ടര്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും പാടത്ത് ട്രാക്ടര്‍ ഇറക്കിയപ്പോഴും തുടങ്ങി ‘ഗെയില്‍ പൈപ്പ് ലൈന്‍’ സ്ഥാപിക്കുമ്പോള്‍ വരെ അക്രമാസക്തമായ സമരത്തിലൂടെ അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.എം നേതൃത്വത്തിന് വൈകിവന്ന വിവേകമാണ് മുഖ്യമന്ത്രിയുടെ ഈ കുമ്പസാരത്തിന് കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. നന്ദിഗ്രാം, ബംഗാള്‍ അനുഭവങ്ങള്‍ മറക്കരുത് എന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഒന്ന്. പരിസ്ഥിതി വിഷയങ്ങളില്‍ മുതലാളിത്ത സമീപനമാണ് പാര്‍ട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു.
🔳രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസ് വ്യാപനം വര്‍ധിക്കുന്നു. തിങ്കളാഴ്ചമാത്രം 156 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോണ്‍ ബാധിതര്‍ 578-ലെത്തി. 151 പേര് രോഗമുക്തിനേടി. ഡല്‍ഹി (142), മഹാരാഷ്ട്ര (141), കേരളം (57), ഗുജറാത്ത് (49), രാജസ്ഥാന് (43), തെലങ്കാന (41) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍.
🔳കൗമാരക്കാര്‍ക്ക് കൂടി വാക്സീന് നല്‍കാമെന്ന് വ്യക്തമാക്കി വാക്സീനേഷന് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാര്‍ക്ക് കൊവാക്സീന് മാത്രമായിരിക്കും നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദ്ദശത്തില്‍ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സീന് എടുക്കാന്‍ പുതിയ നയം അനുസരിച്ച് അര്‍ഹരാണ്.
🔳ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചും കേരളത്തെ പുകഴ്ത്തിയും കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂര്‍. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. യോഗി ആദിത്യനാഥ് സദ്ഭരണവും രാഷ്ട്രീയ പ്രവര്‍ത്തനവും കേരളത്തെ കണ്ടുപഠിക്കണമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകള്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്.
🔳ചാന്‍സിലര്‍ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ തന്നെ ചാന്‍സിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്. ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു. എന്നാലിനിയും തെറ്റ് തുടരാന്‍ വയ്യ. വിവാദങ്ങള്‍ തുടങ്ങിയ സമയത്തെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് ആവര്‍ത്തിക്കുന്നു.
🔳കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു. സംഭവത്തിന്റെ പേരില്‍ കിറ്റെക്സിനേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാന്‍ മുന്നണികള്‍ മത്സരിക്കുകയാണെന്നാരോപിച്ച് കിറ്റെക്സ് എം ഡി തന്നെ രംഗത്തെത്തി. എന്നാല്‍ അതിഥിത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി കിറ്റെക്സും ട്വന്റി ട്വന്റിയും വിലപേശുകയാണെന്നാണ് പ്രത്യാരോപണം.
🔳കിറ്റക്സ് വിഷയത്തില്‍ വീഴ്ച സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സര്‍ക്കാരിനില്ല. ബംഗ്ലാദേശികളും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ഇവരുടെ ഇടയിലുണ്ടെന്ന് കെ സുരേന്ദ്രന് കണ്ണൂരില്‍ പറഞ്ഞു.
🔳കിഴക്കമ്പലം അക്രമ സംഭവവുമായി ബന്ധപ്പെട്ട് സാബു ജേക്കബിനെതിരെയും കേസെടുക്കണമെന്ന് ബെന്നി ബെഹനാന്. കിറ്റെക്സ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ലഹരി മരുന്ന് എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സ്ഥാപനത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു. 2012ല്‍ കിറ്റെക്സിനൈതിരായ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സാബു ജേക്കബ് ഉപയോഗിച്ചത് ഈ തൊഴിലാളികളെയാണെന്നും 20-20 യുടെ മുഖ്യ പ്രചാരകരും പ്രവര്‍ത്തകരും ഈ തൊഴിലാളികളാണെന്നും ബെന്നി ബെഹനാന് ആരോപിച്ചു.
🔳ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകന് അറസ്റ്റില്‍. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാള്‍. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കന്മാര്ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
🔳വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് പ്രതിചേര്‍ത്തവര്‍ തന്നയാണ് സിബിഐ കേസിലും പ്രതികള്‍. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും പറയുന്നത്. എന്നാല്‍ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരണം.
🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന് വീണ്ടും ഹൈക്കോടതിയില്‍ . ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷന് ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
🔳കേരള സംഗീത നാടക അക്കാദമി ചെയര്മാന് ആയി ഗായകന് എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടത് അനുഭാവികളടക്കം ശ്രീകുമാറിനെ സംഗീത നാടക അക്കാദമി തലപ്പത്തേക്ക് കൊണ്ടുവരുന്നതിനെതിരെ രംഗത്തെത്തി. ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്നും ബിജെപിക്ക് വേണ്ടി വോട്ടു ചോദിച്ച് പ്രചാരണത്തിനിറങ്ങിയ ആളാണെന്നുമാണ് ഇടത് അനുഭാവികളുടെ വിമര്‍ശനം. വിവാദം കനത്തതോടെ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന വിശദീകരണമാണ് മന്ത്രി സജി ചെറിയാന് നല്‍കിയത്.
🔳വയനാട് കുറുക്കന്മൂലയില് ജനവാസ മേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്. കുറുക്കന്മൂലയില് സ്ഥാപിച്ച 5 കൂടുകള്‍ അടിയന്തരമായി മാറ്റാന്‍ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളില്‍ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.
🔳എംഎല്‍എ മനസ് വച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം നനയ്ക്കാനാവുമെന്ന പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ പരാമര്‍ശം വിവാദമാകുന്നു. പാര്‍ട്ടിയിലെ രണ്ട് അംഗങ്ങളെ പുകഴ്ത്തിക്കൊണ്ടുള്ള പഞ്ചാബ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശമാണ് പുതിയ വിവാദമായത്. പൊലീസുകാര്‍ക്കെതിരായ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുള്ളവരാണ് രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
🔳ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി പകല്‍ റാലികളില്‍ ലക്ഷക്കണക്കിന് ആളുകളെ വിളിച്ചു വരുത്തിയിട്ട് എന്ത് കൊവിഡ് നിയന്ത്രണമാണ് നടത്തുന്നതെന്നാണ് വരുണ്‍ ഗാന്ധിയുടെ ചോദ്യം. ഒമിക്രോണിനെ തടയലാണോ അതോ പ്രചാരണ ശേഷി തെളിയിക്കുന്നതിനാണോ സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വരുണ്‍ ഗാന്ധി ചോദിക്കുന്നു.
🔳വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്സ്ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്റെ പേരില്‍ എടുത്ത കേസിന്റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വാട്ട്സ്ആപ്പ് അഡ്മിനെ ഒഴിവാക്കിയ ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഇത്തരം ഒരു നിരീക്ഷണം നടത്തിയത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.