ക്രിസ്ത്യാനികള്‍ക്കെതിരായ ആര്‍.എസ്.എസ്. അതിക്രമം: പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു.

ക്രിസ്ത്യാനികള്‍ക്കെതിരായ ആര്‍.എസ്.എസ്. അതിക്രമം: പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു.

രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വലതുപക്ഷ സംഘടനകള്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കര്‍ണാടകയും ഗുജറാത്തും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ആര്‍ എസ് എസ്സുമായി ചേര്‍ന്ന് നില്‍ക്കുന്ന വലതുപക്ഷ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ അസ്വസ്ഥത ഉളവാക്കുന്നതാണ്.

കര്‍ണാടകയില്‍ കഴിഞ്ഞ ആഴ്‌ച മാത്രം ക്രിസ്ത്യാനികള്‍ക്കെതിരായ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. 2021 ഡിസംബര്‍ 11ന് കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുകയും അവരുടെ മതഗ്രന്ഥങ്ങള്‍ കത്തിക്കുകയും ചെയ്തു. അതേ ദിവസം തന്നെ ബെലഗാവിയില്‍ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാള്‍ പിന്തുടരുന്ന സംഭവവും ഉണ്ടായി. എന്നാല്‍ ഈ സംഭവങ്ങളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്കെതിരായ സമീപകാലത്തു നടന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ കര്‍ണാടകയില്‍ മാത്രം ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ 39 അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

ക്രിസ്ത്യാനികള്‍ അവരുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുകയും അവരുടെ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടുന്നത് നിര്‍ത്തുകയും ചെയ്തു. വലതുപക്ഷ ഗ്രൂപ്പുകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ പ്രാര്‍ത്ഥന സ്വാതന്ത്രത്തിനെതിരെ നടത്തുന്ന ഈ ആക്രമണങ്ങള്‍ നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന മതം ആചരിക്കാനും, വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്.

ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പല കേസുകളിലും, യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം, പാസ്റ്റര്‍മാരെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്യുകയാണ്. പ്രാര്‍ത്ഥനായോഗങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പള്ളികള്‍ക്ക് പോലീസ് ഔപചാരിക നോട്ടീസ് നല്‍ക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്.

ഗുജറാത്തില്‍, മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന മതവികാരം വ്രണപ്പെടുത്തുകയും പെണ്‍കുട്ടികളെ ക്രിസ്ത്യാനിത്വത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു എന്ന കുറ്റമാരോപിച്ചുകൊണ്ടു ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്റ്റ്, 2003 പ്രകാരം കേസെടുത്തു. വഡോദര നഗരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച്‌ അന്താരാഷ്ട്ര ഫോറങ്ങള്‍ വരെ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2020-ല്‍, യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF) അവരുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങള്‍’ ആയി തരംതാഴ്ത്തിയിട്ടുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!