തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ നടപടിയുമായി പൊലീസ്. 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.

തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ നടപടിയുമായി പൊലീസ്. 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.

🔳തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ നടപടിയുമായി പൊലീസ്. 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്.

🔳ഇന്ന് ക്രിസ്മസ്. ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറയുന്നു. സ്‌നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത് ‘ഭൂമിയില്‍ സമാധാനം’ എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ.

🔳കേരളത്തിലെ കൊവിഡ് കേസുകളില്‍ ആശങ്കയറിച്ച് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് കേസുകള്‍ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഇപ്പോഴുമുള്ളത്.

🔳സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 37 ആയി. അതേസമയം സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യു.കെയില്‍നിന്നു വന്ന എറണാകുളം സ്വദേശിയെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

🔳എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാന്‍ വധക്കേസിലെ കൊലയാളിസംഘം പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചംഗസംഘമാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ അഞ്ചുപേരും ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

🔳ആര്‍എസ്എസ് പ്രവര്‍ത്തന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലങ്കോട് സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ഷാജഹാനടക്കം അഞ്ചുപേരാണ് കേസില്‍ ഇത് വരെ പിടിയിലായത്. കേസില്‍ മറ്റ് നാല് പേര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശി ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീര്‍ എന്നിവര്‍ക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇവര്‍ നാല് പേരും എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

🔳അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് സഭയുടെ അനുമതി തേടുമെന്ന് ഭാര്യ ഉമ തോമസ്. ചിതാഭസ്മത്തിന്റെ ഒരു ഭാഗം തിരുനെല്ലിയിലും ഗംഗയിലും ഒഴുക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും ഉമ പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും എല്ലാവരും കൂടെ നിന്നു. ഒരു രാജാവിനെ പോലെ ആണ് പി.ടിയെ തിരിച്ചയച്ചതെന്ന് പറഞ്ഞ ഉമ തോമസ്, അവസാനം വരെ പിടിയോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു

🔳തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ അന്വേഷണം. കഴിഞ്ഞ ദിവസം പൂജപ്പുരയില്‍ നടന്ന പിഎന്‍ പണിക്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് ഗുരുതരമായ പിഴവുകളുണ്ടായത്. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയില്‍ വെള്ളം ലഭിക്കാഞ്ഞതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഔദ്യോഗിക വാഹന വ്യൂഹത്തിലെ ആശയക്കുഴപ്പവുമാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നത്.

🔳രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവതരമാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിലെ പ്രോട്ടോക്കോള്‍ ലംഘനം മനസിലാവാത്തത് മേയര്‍ക്ക് മാത്രമാണെന്ന് സുരേന്ദന്‍ പറഞ്ഞു. രാഷ്ട്രപതിയുടെ ശുചിമുറിയില്‍ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്നാണവശ്യത്തില്‍ കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് കോടതിയുടെ നിര്‍ദ്ദേശം. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവിട്ടു.

🔳ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കെന്നല്ല ഒരു കമ്പനിക്കും പ്രത്യേക പരിഗണനയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കലിന് ഒരു പ്രത്യേക പട്ടവും ചാര്‍ത്തി നല്‍കിയിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയത്തിന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഏതു കമ്പനിയ്ക്കെതിരെയും നടപടിയുണ്ടാകും. ഊാരാളുങ്കല്‍ ഏറ്റെടുത്ത ശംഖുമുഖം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകവേയാണ് മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.

🔳സാമൂഹികമാധ്യമങ്ങളിലൂടെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചാല്‍ അഡ്മിന്മാര്‍ക്കെതിരേയും കേസ് വരും. ഇത്തരത്തിലുള്ള സന്ദേശങ്ങളും വ്യാജവാര്‍ത്തകളും കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി.

🔳ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിന് സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി. എടപ്പാള്‍ പ്രദേശത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ചങ്ങരംകുളം പോലീസില്‍ ചൈല്‍ഡ് ലൈന്‍ മുഖേനപരാതി നല്‍കിയത്.

🔳വഡോദരയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് വയസ്സുകാരിയടക്കം നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മകര്‍പുര വട്‌സറിലെ കാന്റണ്‍ ലബോറട്ടറീസിലാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ അപകടമുണ്ടായത്.

🔳പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് അന്വേഷണ സംഘം. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പൊലീസ് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഗഗന്‍ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗഗന്‍ ദീപ് സിംഗിന്റെ ശരീരം സ്ഫോടനത്തില്‍ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകര്‍ന്ന ഫോണും സിം കാര്‍ഡുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഗഗന്‍ ദീപിനെ 2019 ല്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇയാള്‍ മയക്ക് മരുന്ന് കേസില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!