കാശ്മീരിലെ ചരിത്രപ്രസിദ്ധമായ  ക്രിസ്ത്യന്‍ പള്ളിയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രാര്‍ത്ഥന മുഴങ്ങുന്നു.

കാശ്മീരിലെ ചരിത്രപ്രസിദ്ധമായ ക്രിസ്ത്യന്‍ പള്ളിയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രാര്‍ത്ഥന മുഴങ്ങുന്നു.

ശ്രീനഗറിലെ പുരാതന ക്രിസ്ത്യന്‍ ആരാധനാലയമായ സെന്റ് ലൂക്ക്സ് പള്ളിയില്‍ ഏകദേശം 30 വര്‍ഷത്തിന് ശേഷം ആദ്യമായി ഇക്കഴിഞ്ഞ ബുധനാഴ്ച പ്രാര്‍ത്ഥനകള്‍ നടത്തപ്പെട്ടു. അങ്ങനെ കാശ്മീരിലെ 125 വര്‍ഷം പഴക്കമുള്ള ഈ പള്ളിയില്‍ പരമ്പരാഗത മണിനാദങ്ങളും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും അലയടിച്ചുയര്‍ന്നു.

ക്രിസ്തുമസിന് മുന്നോടിയായി, പള്ളി ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിന് ഒരു ദിവസം മുമ്പ്‌ പ്രധാന നഗരമായ ശ്രീനഗറിലെ സെന്റ് ലൂക്ക്സ് പള്ളിയില്‍ ബുധനാഴ്ച ഏകദേശം ഒരു ഡസനോളം ക്രിസ്തുമത വിശ്വസികള്‍ ഒത്തുകൂടി.

പ്രദേശത്തെ ചെറിയ ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം ശ്രീനഗറിലെ ഡാല്‍ഗേറ്റ് ഏരിയയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് അഭിമുഖമായി കുന്നിന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പള്ളി വീണ്ടും തുറക്കുന്നത് ഒരു സ്വപ്നസാക്ഷാത്ക്കാരമാണ്.

“കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും അത് തുറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഇപ്പോള്‍ സഫലമായതില്‍ ചാരിതാര്‍ഥ്യമുണ്ട്” പള്ളിയുടെ ചുമതലയുള്ള പുരോഹിതന്‍ റവറന്റ് എറിക് പറഞ്ഞു. കാശ്മീരില്‍ സായുധകലാപം ആരംഭിച്ച 1990 കളുടെ തുടക്കത്തിലാണ് പള്ളി അടച്ചുപൂട്ടിയത്.

“ഇത്രയും വര്‍ഷങ്ങളായി ഇത് വിജനമായിരുന്നു. എന്നാലിപ്പോള്‍ ഇവിടം വീണ്ടും പ്രാര്‍ത്ഥനകള്‍ക്ക് സാക്ഷ്യം വഹിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് സമൂഹങ്ങള്‍ക്കിടയിലുള്ള മതപരമായ ബന്ധം ശക്തിപ്പെടുത്തും, “കശ്മീര്‍ നിവാസി ഫാറൂഖ് അഹമ്മദ് ഗില്‍ക്കര്‍ (66) പറഞ്ഞു. “ഒരു പ്രേതബാധയുള്ള സ്ഥലം പോലെ ഈ സ്ഥലം കുറ്റിക്കാടുകളാലും വള്ളിച്ചെടികളാലും ചുറ്റപ്പെട്ടിരുന്നു. അത് വീണ്ടും സജീവമാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. “

മിഷനറി സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് നിര്‍മ്മിച്ച ഈ ചരിത്രപള്ളിയില്‍ ഗോഥിക് ശൈലിയിലുള്ള കൊളോണിയല്‍ കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ സമന്വയം ദൃശ്യമാണ്.

ശ്രീശങ്കരാചാര്യ ക്ഷേത്രത്തിന് സമീപമാണ് ഈ പള്ളി നിലകൊള്ളുന്നത്. ഹിമാലയന്‍ പ്രദേശത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെ വിളിച്ചോതുന്ന മുസ്ലീം സൂഫി സന്യാസിയായ സയ്യിദ് യാക്കൂബിന്റെ ദേവാലയത്തില്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെയുമാണ് ഇത്.

ഒരു ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ശ്രീനഗറിലെ ചരിത്രപരമായ കെട്ടിടങ്ങളും ആരാധനാ ലയങ്ങളും പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഫെഡറല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കീഴില്‍ ഇത് നവീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചു.

പള്ളിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. കാശ്മീര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇക്കൊല്ലത്തെ ക്രിസ്തുമസ്സ് ആഘോഷവും പ്രാര്‍ത്ഥനകളും ഈ പള്ളിയിലായിരിക്കും നടത്തപ്പെടുക. വര്‍ഷങ്ങളായുള്ള അവരുടെ ആഗ്രഹമാണ് അതുവഴി സഫലമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!