പശു അമ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ തന്റെ മണ്ഡലമായ വാരണാസിയില്‍ ക്ഷീരോല്പ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശു അഭിമാനമാണെന്ന് പറഞ്ഞ അദ്ദേഹം പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്നും കുറ്റപ്പെടുത്തി. മുന്‍കാല സര്‍ക്കാരുകള്‍ ക്ഷീരമേഖലയേയും പശു സംരക്ഷണത്തേയും തഴഞ്ഞിരുന്നുവെന്നും മോദി വിമര്‍ശിച്ചു. ജാതി അടിസ്ഥാനത്തില്‍ മാത്രം ജനങ്ങളെ കാണുന്ന അവര്‍ക്ക് ഉത്തര്‍പ്രദേശിന്റെ വികസനം ഒട്ടും താത്പര്യമില്ലാത്ത വിഷയമാണെന്നും അവര്‍ മാഫിയകളെ സഹായിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്നുവെന്നും കുടുംബാധിപത്യം മാത്രമാണ് അവരുടെ നിഘണ്ടുവിലുള്ളതെന്നും അനധികൃതമായി സ്വത്തുവകകള്‍ സമ്പാദിക്കുന്നതിലാണ് അവര്‍ക്ക് താത്പര്യമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ സൂചിപ്പിച്ച് മോദി വിമര്‍ശിച്ചു.
🔳നികുതി അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ വ്യാപാര, വാണിജ്യസ്ഥാപനങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാന്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരം. ജനുവരി ഒന്നുമുതല്‍ ഇത് നടപ്പാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി.
🔳ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കൊവിഡ്, വാക്സീനേഷന് കൂട്ടണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്കി. ഓരോ സംസ്ഥാനവും സ്ഥിരീകരിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ സൂക്ഷ്മമായി നീരിക്ഷിക്കണം. വ്യാപനം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
🔳ആയിരങ്ങളുടെ കണ്ണീരും ആവേശവും നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസ് അഗ്നിയില്‍ ലയിച്ചു. പി.ടിക്ക് ഏറെ ഇഷ്ടപ്പെട്ട ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം മുഴങ്ങിനിന്ന രവിപുരം ശ്മശാനത്തില്‍ മക്കളായ വിവേകും വിഷ്ണുവും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. കൊച്ചി രവിപുരം ശ്മശാനത്തില്‍ തിങ്ങിക്കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും മധ്യത്തില്‍ സംസ്ഥാന പൊലീസ് സേനയുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയാണ് തൃക്കാക്കര എംഎല്‍എ അഗ്നിയിലടങ്ങിയത്. പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമുള്‍പ്പെടെ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
🔳മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. മുഖ്യമന്ത്രിയുടെ വാര്‍ണിങ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസിന്റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു പോകുമ്പോള്‍ ആണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അപകടം സംഭവിച്ചത്.
🔳സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 10 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണെന്നും മന്ത്രി വ്യക്തമാക്കി.
🔳കേരളത്തില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസും എസ് ഡി പി ഐയും ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണ്. വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കൊലപാതകം നടന്നാല്‍ എസ്ഡിപിഐക്ക് ആഹ്ളാദമാണെന്നും കോടിയേരി പറഞ്ഞു.
🔳കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് വധ ഭീഷണി കത്ത്. ശിരസ്സ് വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. മാവോയിസ്റ്റുകളുടെ പേരിലാണ് കണ്ണൂര്‍ വിസിക്ക് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാല്‍ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്റെ പേരിലുള്ള കത്തില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.
🔳ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീറാണ് അറസ്റ്റിലായത്. കൃത്യം നടത്താന്‍ പ്രതികള്‍ക്ക് വാഹനം എത്തിച്ചു നല്‍കിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി വാഹനം എത്തിച്ചു നല്‍കിയതിന് പുറമേ ഗൂഡാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
🔳കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പറേഷന് അധ്യക്ഷയായി എന്‍.സി.പി. നേതാവ് ലതിക സുഭാഷിനെ നിയമിച്ചു. തിങ്കളാഴ്ച ചുമതലയേറെറടുക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. ഇപ്പോള്‍ എന്‍.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റാണ്.
🔳പാണത്തൂരില്‍ തടി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം. പാണത്തൂര്‍ പരിയാരത്ത് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളായ കെ ബാബു, എംകെ മോഹനന് (40), വെങ്കപ്പു എന്ന സുന്ദരന്‍ (47), നാരായണന് (53) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം മരം കയറ്റാന്‍ വന്ന തൊഴിലാളികളാണ്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അതീവ ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകട സമയത്ത് ഒന്‍പത് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
🔳പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും കര്‍ണാടക മതപരിവര്‍ത്തന നിരോധനബില്ല് പാസാക്കി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നല്‍കിയത്. ബില്ല് പാസാക്കല്‍ നടപടികളിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
🔳ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ്. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാഷ്ട്രയിലെ സ്കൂളുകള്‍ ഈ മാസം ആദ്യമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ സ്കൂളുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
🔳ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബില്‍ അതീവജാഗ്രത നിര്‍ദ്ദേശം.ഇന്നലെ എന്‍എസ് ജി സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. സ്ഫോടകവസ്തുക്കള്‍ സംബന്ധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിട്ടേക്കും. സംഭവത്തില്‍ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭീകരാക്രണമാണ് നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന് പിന്നില്‍ ഖലിസ്ഥാന്‍ സംഘടനയാണെന്ന് റിപ്പോര്‍ട്ടുകള്‍.
🔳പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തില്‍ സുരക്ഷാ പരിശോധന കൂട്ടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികള്‍ പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി പ്രതികരിച്ചു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.