കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എം.പിക്കുള്ള അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെ.സുധാകരന്‍

കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എം.പിക്കുള്ള അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെ.സുധാകരന്‍

🔳കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എം.പിക്കുള്ള അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. അദ്ദേഹത്തോട് ചോദിക്കാതെ പ്രതികരിക്കുന്നത് ശരിയല്ല. വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും. ശശി തരൂര്‍ തെറ്റാണെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

🔳കെ റെയിലിനെ പിന്തുണയ്ക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്ത തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ പിന്തുണച്ച് വ്യവസായമന്ത്രി പി.രാജീവ്. കേന്ദ്രമന്ത്രിമാര്‍ പോലും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയിലാണ് കാണുന്നതെന്നും ശശി തരൂരിന്റെ നിലപാട് നാടിന് ഗുണകരമാണെന്നും പി.രാജീവ് പറഞ്ഞു.

🔳ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്നും അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

🔳ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ – സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔳ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാന്‍ ആവില്ല. ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണാണെന്നും രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം വേണം. 19 ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🔳രാജ്യത്തെ സേവിക്കുന്ന സൈനികരെ അപമാനിക്കുന്ന നിലപാട് കേരളത്തിലുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിരമിച്ച സൈനികന്റെ മകനാണ് താനെന്നും, അങ്ങനെയുള്ളവര്‍ക്ക് ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല കേരളത്തിലുണ്ടാകുന്ന ഇത്തരം പ്രവണതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികരുടെ ത്യാഗത്തെ അപകീര്‍ത്തിപ്പെടുന്നതിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

🔳ഒന്നിലേറെ വിവാഹംകഴിച്ച മുസ്ലിം ഭര്‍ത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ഒന്നിലേറെ വിവാഹം കഴിച്ചാല്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

🔳ആശ്രിതനിയമനമെന്നത് നിക്ഷിപ്ത അവകാശമല്ലെന്ന് സുപ്രീംകോടതി. വരുമാനം നേടിയിരുന്നയാളുടെ മരണത്താലുണ്ടാകുന്ന പ്രതിസന്ധിയില്‍നിന്ന് കുടുംബത്തെ കരകയറ്റാനാണ് ആശ്രിതനിയമനം നല്‍കുന്നതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

🔳സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു എ ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

🔳കൊവിഡ് സഹായധന വിതരണത്തില്‍ കേരളത്തിലെ സ്ഥിതി പരിതാപകരമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. നാല്പതിനായിരത്തിലധികം പേര്‍ മരിച്ച സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്ക് പോലും സഹായധനം നല്‍കാനായില്ല. സഹായധന വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് കേരളത്തിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. 40855 പേര്‍ മരിച്ച കേരളത്തില്‍ ആകെ സഹായധനം നല്‍കിയത് 548 പേര്‍ക്ക് മാത്രമാണോ എന്ന ചോദ്യത്തോടെയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.

🔳24 പേര്‍ക്ക് നിയമനം നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ കായിക താരങ്ങള്‍ തീരുമാനിച്ചു. കായിക വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 24 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ബാക്കിയുള്ളവരുടെ നിയമനകാര്യത്തില്‍ എട്ടംഗ സമിതിയെയും നിയോഗിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.

🔳സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ഇ ശ്രീധരനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പൊന്നാനിയിലെ വീട്ടിലെത്തി ശ്രീധരനെ നേരില്‍ കണ്ടു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാത്രമേ മാറുന്നുള്ളൂവെന്നാണ് തന്നോട് ശ്രീധരന്‍ പറഞ്ഞതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ശിഷ്ടകാലം ബിജെപിക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

🔳മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്നും സെര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും ഗവര്‍ണര്‍ തിരിച്ചടിച്ചു. വിസി നിയമനത്തില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

🔳രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുയര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎമ്മും മുസ്ലിം ലീഗും വ്യക്തമാക്കി. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും പ്രതികരിച്ചു. ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ആലോചിച്ച് വേണമായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച പികെ ശ്രീമതി, തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും കുറ്റപ്പെടുത്തി.

🔳തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെയാണ് മരിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

🔳ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വസ്തുക്കള്‍ വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ദിവസ വരുമാനത്തില്‍ ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ലൈംഗിക തൊഴിലാളികളുടെയും ജീവിതം മോശമായ അവസ്ഥയില്‍ ആണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

🔳തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സ്‌കൂളിലെ ടോയിലറ്റ് കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്.

🔳നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ തിങ്കളാഴ്ച കര്‍ണാടക മന്ത്രിസഭ പരിഗണിക്കും. പട്ടിക ജാതി-പട്ടിക വര്‍ഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍ എന്നിവരെ അനുവാദമില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 വര്‍ഷം തടവുശിക്ഷ ലഭിക്കും. വിവാഹത്തിനായി നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. സൗജന്യ വിദ്യാഭ്യാസം, ജോലി വാഗ്ദാനം ചെയ്തുള്ള മതംമാറ്റം എന്നിവയും ശിക്ഷാര്‍ഹമായിരിക്കും. മതംമാറുന്നതിന് രണ്ട്മാസം മുമ്പ് സര്‍ക്കാര്‍ അനുമതി തേടണം.

🔳പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. ബി.ജെ.പിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിങ് ബി.ജെ.പിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്.

അറബ് ലോകത്തെ 42 കോടി ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും പട്ടിണി മൂലം ദുരിതത്തിലാണെന്ന് യുണൈറ്റഡ് നേഷന്‍സ്. യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!