‘ഇനി ഞാൻ പോകുന്നു, ബാക്കിയുള്ളത് നിങ്ങൾ ചെയ്യുക’.

‘ഇനി ഞാൻ പോകുന്നു, ബാക്കിയുള്ളത് നിങ്ങൾ ചെയ്യുക’.

അനുസ്മരണം:
ഷാജി ആലുവിള (മാധ്യമ പ്രവര്‍ത്തകന്‍)

പെട്ടന്നായിരുന്നു ആ വാർത്ത നമ്മൾ കേട്ടത്. ഏവരുടെയും നെഞ്ചകത്തിൽ ആഴ്ന്നിറങ്ങി അർദ്ധരാത്രിയിലെ ഞെട്ടിക്കുന്ന ആ വാർത്ത! കേട്ടത് സത്യം ആകരുതെ എന്ന് ചിന്തിച്ചു. മനസ്സിനെ ശാന്തമാക്കുവാൻ അൽപ്പ സമയം എല്ലാവർക്കും വേണ്ടി വന്നു.

ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ. റസ്സൽ ആണ് ഇക്കഴിഞ്ഞ 11-ാം തീയതി രാവിലെ 1.45 ന് എന്നെ വിളിച്ച് ‘ഫിലിപ്പ് സാർ പോയി’ എന്നറിയിച്ചത്. ആ നിമിഷം തന്നെ ലോകത്തിലേക്ക് ആ ദുഃഖ വാർത്ത എത്തിക്കുവാൻ ക്രൈസ്തവചിന്ത അത്യധ്വാനം ചെയ്തു. ഉറക്കച്ചടവില്‍ രാജീവും ഞങ്ങൾക്കൊപ്പം ഉണർന്നു വാർത്ത പ്രസിദ്ധീകരിക്കുവാൻ. അപ്പോഴേക്കും നമ്മുടെ സഭാ നേതാവ് പി.എസ്. ഫിലിപ്പ് സാറിന്റെ ആത്മാവ് നക്ഷത്ര ഗോളങ്ങൾക്കപ്പുറത്ത് എത്തിക്കഴിഞ്ഞിരുന്നു.

ആയിരക്കണക്കിന് ഇതളുകൾ വിരിയിപ്പിക്കാൻ വിത്തു പാകിയിട്ടാണ് ആ ദൈവഭക്തൻ വിശ്രമസ്ഥലത്തേയ്ക്ക് പോയത്. അത്രയ്ക്ക് വലിയ ശിഷ്യസമ്പത്തും സുഹൃത് വലയവും ആത്മീയ ബന്ധങ്ങളും സാറിന് ഉണ്ടായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡിന് മാത്രമല്ല മലയാളി പെന്തക്കോസ്ത് സമൂഹത്തിന് മുഴുവൻ എന്നും അഭിമാനിക്കാൻ കാതൽ ആയ വ്യക്തിപ്രഭ തന്നയാണ് പി.എസ്.ഫിലിപ്പ് സാർ. മലയാളം ഡിസ്ട്രിക്റ്റിന് അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകൾ മറന്നുകളയുവാൻ ഒരിക്കലും സാധ്യമല്ല. വിനയത്തിൽ ചാലിച്ച സൗമ്യതയും, ചുണ്ട് ചെറുകെ കോടിച്ചുകൊണ്ടുള്ള പുഞ്ചിരിയും, തോളിൽ തട്ടിയുള്ള കുശലാന്വേഷണവും ഏവരുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.

ശാന്തവും ലളിതവുമായ പ്രഭാഷണങ്ങളിലൂടെ ജനഹൃദയത്തെ കീഴടക്കിയ അനുഗ്രഹീത പ്രഭാഷകൻ ആയിരുന്നു പാസ്റ്റർ പി.എസ്. ഫിലിപ്പ്. പ്രകടന മേളങ്ങൾ ഒന്നുമില്ലാതെയാണ് വചനശുശ്രൂഷയിലൂടെ ജനങ്ങളെ താൻ സ്പർശിച്ചിട്ടുള്ളത്. പരിശോധനകളെ വിശ്വാസത്തിന്റെ പരീക്ഷണശാലകളാക്കി ഓട്ടം തികച്ച സുവിശേഷ പോർക്കളത്തിലെ ധീര യോദ്ധാവ് സകല ആത്മീയ ബഹുമതികളോടും ഇതാ വിടവാങ്ങുന്നു. അവസാന നാളുകൾ സാറിന്റെ ആരോഗ്യനില തൃപ്തികരമല്ലായിരുന്നു. എന്നാലും നമ്മോടുള്ള സന്ദേശത്തിലെ വാക്കുകളുടെ പ്രസരിപ്പ് ഒരു ജീവന്റെ തുടിപ്പ് തന്നെയായിരുന്നു. തിരുവനന്തപുരത്ത് അവസാന സന്ദേശത്തിൽ അന്ത്യസന്ദേശം പോലെ അത് പ്രഘോഷിക്കുകയും ചെയ്തു. അതിനു ശേഷമുള്ള തന്റെ അവസാന ബൈബിൾ ക്ലാസിൽ സാർ പറഞ്ഞു നിർത്തി, “ഇനി ഞാൻ പോകട്ടെ ബാക്കിയുള്ളത് നിങ്ങൾ ചെയ്യുക……!!!!”

രണ്ടായിരാമാണ്ടിൽ ആണ് ഞങ്ങൾ കുടുംബമായി വടക്കേന്ത്യയിൽ നിന്നും കേരളത്തിലേയ്ക്ക് ശുശ്രൂഷയ്ക്കായി ദൈവ നിയോഗത്താൽ വരുന്നത്. ആ ജനുവരിയിൽ ടി.ജെ. സാമുവൽ സാർ ഫാരിദബാദിൽ ശുശ്രൂഷയ്ക്ക് എത്തിയിരുന്നു. ഞങ്ങൾ വിവരങ്ങൾ ധരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇപ്പോൾ സൂപ്രണ്ട് പാസ്റ്റർ. പി.എസ്. ആണ്. അദ്ദേഹത്തെ ചെന്നു കണ്ട് അപേക്ഷ കൊടുത്ത്‌ വിവരങ്ങൾ പറഞ്ഞാൽ മതി. അദ്ദേഹം വേണ്ട ക്രമീകരണം ചെയ്യും. അപ്രകാരം തന്നെ ഫെബ്രുവരിയിൽ ഫിലിപ്പ് സാറിനെ വന്നു കണ്ടു വിവരങ്ങൾ ധരിപ്പിച്ചു അപേക്ഷയും കൊടുത്തു.

അങ്ങനെ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ഒരു ശുശ്രൂഷകനായി എന്നെ കൈപിടിച്ച് കയറ്റിയത് ഫിലിപ്പ് സാർ ആണ്. ശുപാർശ ചെയ്തത് ഓഫീസ് മാനേജർ ആയ പാസ്റ്റർ ടോംസ് എബ്രഹാമും. ഞങ്ങൾ ഒരുമിച്ച് ഡൽഹിയിൽ പ്രവർത്തിച്ചവർ ആയിരുന്നു. അങ്ങനെ എത്രയോ ദൈവദാസൻമാർക്ക് വഴികാട്ടിയായിരുന്നു പാസ്റ്റർ പി.എസ്. സ്നേഹത്തിന്റെ വൈശ്യതയാകുന്ന ചിരി ആർക്കും സമ്മാനിക്കുമായിരുന്നു അദ്ദേഹം. നേതൃത്വനിരയിൽ അസി. സൂപ്രണ്ടായാലും, സൂപ്രണ്ടായാലും ആ സ്ഥാനം സന്തോഷത്തോടെ വഹിച്ചിരുന്നു. ഇപ്പോൾ ഫിലിപ്പ് സാർ സംസാരിക്കുന്നില്ല. അദ്ദേഹത്തിനുവേണ്ടി അനേകർ സംസാരിക്കുന്നു. പാസ്റ്റർ പി.എസ്. ഫിലിപ്പിന്റെ ഭരണകാലനേട്ടങ്ങൾ മലയാളം ഡിസ്ട്രിക്കിൽ എക്കാലവും സ്മരിക്കപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!