നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം.

നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം.

🔳നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറയണമെന്നും അഫ്‌സ്പ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. വിഷയത്തില്‍ അമിത് ഷാ നടത്തിയ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോണ്യാക് യൂണിയനാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞയാഴ്ച തെറ്റിദ്ധാരണമൂലം സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ജില്ലയിലെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വേഗം കൂട്ടിയതുകൊണ്ടാണ് ഗ്രാമവാസികളുമായി പോയ ട്രക്കിനു നേരെ സൈനികര്‍ വെടിയുതിര്‍ത്തത് എന്നായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും അമിത് ഷാ പറഞ്ഞിരുന്നത്.

🔳കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് ജന്മനാട് കണ്ണീരോടെ വിടനല്‍കി. സൈനിക ബഹുമതികളോടെ സംസ്‌ക്കാരം തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ നടന്നു. പ്രദീപിന്റെ മകന്‍ ദക്ഷിണ ദേവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള പൊലീസ് അന്തിമോപചാരം അര്‍പ്പിച്ചു. കേരള പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചു. സംസ്‌ക്കാരത്തിന് മുമ്പായി പ്രദീപിന്റെ യൂണിഫോം വ്യോമസേന കുടുംബത്തിന് കൈമാറി. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിലും വീട്ടിലും ആയിരങ്ങളാണ് അന്തിമോപചരാം അര്‍പ്പിക്കാനായി എത്തിയത്.

🔳രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം. സര്‍ക്കാര്‍ കണക്ക് പ്രകാരം 42,824 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെത്തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്നോ മരിച്ചത്. കോവിഡ് കണക്കുകളില്‍ ഉള്‍പ്പടാതിരുന്ന മരണങ്ങള്‍ അപ്പീല്‍ വഴി സ്ഥിരീകരിച്ചതോടെയാണ് മരണനിരക്ക് ഉയര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം ആരോഗ്യവകുപ്പ് പൂഴ്ത്തിവെക്കുകയോ മരണം കോവിഡ് കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ ഒഴിവാക്കിയെന്നുമുള്ള പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍.

🔳ചര്‍ച്ചയോ അനുനയ നീക്കങ്ങളോ ഇല്ലാതെ രണ്ടാംദിവസവും ശക്തമായി തുടര്‍ന്ന് സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം. ചെയ്യാനുള്ളതെല്ലാം ചെയ്തെന്നു സര്‍ക്കാരും, സര്‍ക്കാരിന് ഭീഷണിയുടെ സ്വരമെന്ന നിലപാടില്‍ സമരക്കാരും എത്തി നില്‍ക്കുകയാണ്. സമരം തുടര്‍ന്നാല്‍ മിക്ക മെഡിക്കല്‍ കോളേജുകളിലും വിദഗ്ദ്ധ ചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലാവുമെന്നതാണ് സ്ഥിതി.

🔳ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണി. ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ ബിജെപിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇനിയുള്ള വികസനം അവര്‍തന്നെ ചെയ്യട്ടെയെന്നും അദ്ദേഹം മൂന്നാറില്‍ നടന്ന സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

🔳കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ കേസെടുത്തു. സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗം മുജീബ് റഹ്‌മാന്‍ എപി നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

🔳വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാക്കള്‍ക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ‘ഇവര്‍ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങള്‍ക്കതൊരു പ്രശ്നമല്ല. ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വെല്ലുവിളിച്ചിരുന്നു. അതിനു മറുപടിയായാണ് ഫിറോസിന്റെ ഫേസ് ബുക്ക് കുറിപ്പ്.

🔳കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിലെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുത്തതിനെതിരെ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പൊലീസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മജീദ് പറഞ്ഞു. ഭാഷാ സമര പോരാട്ടത്തില്‍ ഇടനെഞ്ചിലേക്ക് വെടിയേറ്റിട്ട് പിന്തിരിഞ്ഞോടാത്തവരാണ് മുസ്ലീം ലീഗുകാരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

🔳വഖഫ് നിയമന കാര്യത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് തീരുമാനമെടുത്തതിന്റെ പേരില്‍ തന്നെ ചിലര്‍ യൂദാസെന്ന് വിളിക്കുന്നുണ്ടന്നും അത് കാര്യമാക്കുന്നില്ലെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. യുഎഇയില്‍ ഒരു പൊതു പരിപാടിയിലാണ് ലീഗിന്റെ പേരെടുത്ത് പറയാതെയുള്ള പ്രതികരണം. തീരുമാനം തനിച്ച് എടുത്തതാണെന്ന് പ്രചരിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതായും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കില്ലെന്നുള്ള തീരുമാനം തന്റേത് മാത്രമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

🔳സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെയെല്ലാം പാപികളായി കാണുന്ന നേതാക്കളാണ് മുസ്ലീം ലീഗിലുള്ളതെന്ന് വയനാട്ടിലെ മുന്‍ യൂത്ത് ലീഗ് നേതാവ് പി.പി. ഷൈജല്‍. ഇക്കാലത്തും സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാനിക്കാത്തതിന് ഉത്തമ ഉദാഹരണമാണ് ഹരിതയിലെ മുന്‍നേതാക്കളെ അപമാനിച്ചയാള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നതെന്നും ഷൈജല്‍ പറഞ്ഞു. ‘ജെന്‍ഡര്‍ ഇക്വാലിറ്റി’യെ കുറിച്ചൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അവരെയൊക്കെ പാപികളായി മുദ്ര കുത്തുകയാണ് ചെയ്യുക. തനിക്കെതിരെ നടന്നതും അത്തരം രീതികളായിരുന്നു. ഈ മന്ത്രിസഭയില്‍ ടൂറിസം-പൊതുമരാമത്ത് മന്ത്രി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് റിയാസെന്നും ഷൈജല്‍ പറഞ്ഞു.

🔳മൊഫിയ പര്‍വീണ്‍ കേസില്‍ സമരം ചെയ്തവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന പൊലീസ് പരാമര്‍ശത്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ . മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മത വെറി കോണ്‍ഗ്രസുകാരോട് വേണ്ടെന്ന് സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത് കേരളമാണെന്നും ഗുജറാത്തല്ലെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പൊലീസിന് ശമ്പളം നാഗ്പൂരിലെ കാര്യാലയത്തില്‍ നിന്നല്ലെന്നും നിങ്ങള്‍ തിരുത്തുമെന്നും ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും കെ പി സി സി പ്രസിഡന്റ് കുറിപ്പിലൂടെ പറഞ്ഞു.

🔳കര്‍ഷക സമരം വിജയിച്ചതിനെ തുടര്‍ന്ന് സമരകേന്ദ്രമായ ദില്ലിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കു പുഷ്പവൃഷ്ടി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ വെച്ചാണ് വിമാനത്തില്‍ നിന്ന് പുഷ്പ വൃഷ്ടി നടത്തിയത്. വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്. ഒരു വര്‍ഷം നീണ്ട സമരത്തിനൊടുവിലാണ് കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിയത്.

🔳കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സിഎസ്ആര്‍ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കുന്നിടത്ത് സമവായം ഉണ്ടാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന മേഖലകളിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍ ആരംഭിക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

🔳ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി തൃണമൂല്‍ കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കി സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കും. 1500 മുതല്‍ 2000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റിന്റെ ആറ് ശതമാനം മാത്രമേ ഈ തുക വരുകയുള്ളൂവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ബംഗാളിലും സമാനമായ പദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നു.

🔳അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്നുള്ള ബി.എസ്.എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചതിനെതിരെ പഞ്ചാബ് സുപ്രീം കോടതിയെ സമീപിച്ചു. 15 കിലോമീറ്ററായിരുന്ന ബി.എസ്.എഫിന്റെ അധികാര പരിധി, കേന്ദ്രസര്‍ക്കാര്‍ ഈയടുത്ത് 50 കിലോമീറ്ററായി വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബര്‍ 11-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ പഞ്ചാബ്, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് മാറ്റം കൊണ്ടുവന്നത്.

🔳ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ ഉയിഗൂര്‍ മുസ്ലിം വിഭാഗക്കാര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന ക്രൂരതകളെക്കുറിച്ച് യു എന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നു. കഴിഞ്ഞ ദിവസം, ബ്രിട്ടനിലെ ഉയിഗൂര്‍ ട്രിബ്യൂണല്‍ ഈ വിഷയത്തില്‍ തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിനെ നിശിതമായി വിമര്‍ശിച്ച് ചൈനയുടെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി തങ്ങളുടെ റിപ്പോര്‍ട്ടും ഉടന്‍ പുറത്തുവരുമെന്ന് അറിയിച്ചത്. ചൈനയ്ക്ക് തലവേദന ഉണ്ടാക്കുന്നതാണ് യു എന്‍ റിപ്പോര്‍ട്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!