പുനലൂർ: പാസ്റ്റർ പി.എസ്.ഫിലിപ്പിന്റെ വേർപാടിൽ ഏ. ജി. സമൂഹം അതീവദുഖത്തിൽ. ആകസ്മികമായ അദ്ദേഹത്തിന്റെ വേർപാട് ഞെട്ടലോടെയാണ് സമൂഹം ഉൾക്കൊണ്ടത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 1.30 ന് (11.12.”21/ശനി) കൊട്ടാരക്കര സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ലോകമെമ്പാടുമുള്ള മലയാളി പെന്തക്കോസ്തു വിശ്വസികൾക്ക് ബഹുമാന്യനായ ഒരു ആത്മീയനേതാവായിരുന്നു പാസ്റ്റർ ഫിലിപ്പ്. മലയാളം ഡിസ്ട്രിക്ടിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്. അഞ്ചരപതിറ്റാണ്ടിലെ ആത്മീയ ശുശ്രൂഷയുടെ ഫലമായി നൂറു കണക്കിന് വേദവിധ്യാർത്ഥികളെ സുവിശേഷ വയലിലേയ്ക്ക് ഇറക്കുവാൻ അദ്ദേഹത്തിന് ഇടയായി. അസംബ്ലീസ് ഓഫ് ഗോഡിന് വിശാലമായ ഒരു കൺവൻഷൻ നഗർ എന്ന സ്വപ്നവും അടൂർ, പറന്തലിൽ സാക്ഷാത്ക്കരിച്ചാണ് അദ്ദേഹം മടങ്ങിയത്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, തോന്യാമലയിൽ പാലയ്ക്കാത്തറയിലെ വി.പി.ശമുവേലിന്റെയും റാഹേലിന്റെയും മകനായി 1947 സെപ്റ്റംബർ 18 ന് പി.എസ്. ഫിലിപ്പ് ജനിച്ചു. തോന്യാമല ഏ. ജി.സഭയുടെ ആദ്യകാല വിശ്വാസികളും സഭയുടെ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ച കുടുംബമാണ് പലയ്ക്കാത്തറ.
ഇന്ത്യയിലെ വിവിധ ബൈബിൾ കോളേജുകളിൽ നിന്നും വേദപഠനം നടത്തി 1968 ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അധ്യാപകവൃത്തി ആരംഭിച്ചു. അവസാനമായി വേദവിദ്യാർത്ഥികൾക്ക് സൂമിലൂടെ ക്ലസ് എടുക്കുമ്പോൾ വളരെ ക്ഷീണിതനായിരുന്നു. “എനിക്ക് വയ്യ ഇനി ഞാൻ പോകുന്നു, നോട്ട്സിൽ സംശയം ഉണ്ടങ്കിൽ വിളിച്ചാൽ മതി” ആ വാക്കുകളോട് കൂടിയാണ് ദീർഘവർഷത്തെ ഈ അധ്യാപക ശുശ്രൂഷ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. വലിയ ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നു ഫിലിപ്പ് സാർ.
1985 മുതൽ ബെഥേലിന്റെ അമരക്കാരനായിരുന്ന ഫിലിപ്പ് സാർ കോളേജിനെ ഉയർച്ചയുടെ പടവുകളിൽ എത്തിക്കുവാൻ ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. ദീർഘവർഷം ബെഥേൽ കോളേജിന്റെ പ്രിൻസിപ്പൾ സ്ഥാനം വഹിച്ചതും (1985 മുതൽ 2009 വരെ) അദ്ദേഹം തന്നെയാണ്. 2009 ൽ വെസ്റ്റ് മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി.
കഴിഞ്ഞ മൂന്നുപതിറ്റാണ്ട് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ നേതൃത്വനിരയിൽ വിവിധ ചുമതലകളിൽ നിറ സാന്നീധ്യം ആയിരുന്നു പാസ്റ്റർ പി.എസ്. ഫിലിപ്പ്. അസിസ്റ്റന്റ് സൂപ്രണ്ട് ആയി അനേക വർഷം സേവനം ചെയ്തിട്ടുണ്ട്. 1996 ൽ ആണ് ആദ്യമായി സൂപ്രണ്ട് സ്ഥാനത്ത് എത്തുന്നത്. 2003 മുതൽ 2011 വരെ എസ്.ഐ.ഏ. ജി.യുടെ അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനവും വഹിച്ചിരുന്നു. ഒരിക്കൽ പരിചയപ്പെട്ട ഏതൊരാളിനെയും പിന്നീട് ഏത് തിരക്കിൽ വെച്ചും പേരെടുത്തു വിളിച്ചു വിശേഷങ്ങൾ ചോദിക്കുന്ന ഓർമ്മശക്തി പി.എസ്സിന്റെ പ്രത്യേകതയായിരുന്നു.
അദ്ദേഹത്തിന്റെ അവസാന സന്ദേശത്തിൽ നിത്യതയിലേക്ക് എടുക്കപ്പെടുന്ന പ്രത്യശയുടെ വാക്കുകൾ നിഴലിച്ചു നിന്നിരുന്നു. കാഹളം മുഴങ്ങാറായി, പോകാറായി നാം, ഭൂമിയിലെ സമയം കഴിഞ്ഞു സ്വർഗ്ഗകൂടാരത്തിലേയ്ക്ക് ചേർക്കപ്പെടുവാനുള്ള സമയമായി എന്നുള്ള സന്ദേശത്തോടെ പി.എസ്.ഫിലിപ്പ് സാർ തന്റെ ഓട്ടം തികച്ച്, ആകാശഗോളങ്ങൾക്കപ്പുറം യേശുവിനെ എതിരേൽപ്പൻ പോയി, മൺകൂടാരം ഇവിടെ വിശ്രമിക്കുന്നു കർത്താവിന്റെ ഗംഭീരനാദം കേൾക്കുന്നതുവരെ.
ഈ വിയോഗത്തിലൂടെ പെന്തക്കോസ്തു സമൂഹത്തിന് നികത്തുവാൻ പറ്റാത്ത നഷ്ടം തന്നെയാണ് നേരിട്ടത് ഒപ്പം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനും.

ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.