🔳പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി നടത്തിയ അധിക്ഷേപ പരാമര്‍ശം തള്ളി കോണ്‍ഗ്രസ് യുവനേതാവ് കെ എസ് ശബരിനാഥന്. അബ്ദുറഹ്മാന് കല്ലായി നടത്തിയ പ്രസംഗത്തോട് പൂര്‍ണ്ണമായും വിയോജിക്കുകയാണെന്ന് ശബരിനാഥന് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിഷ്കൃതമാണെന്നും ശബരിനാഥ് കൂട്ടിച്ചേര്‍ത്തു.
🔳മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും തിരുത്തിയത് കൊണ്ട് അത് തെറ്റല്ലാതാകുന്നില്ലെന്നും നജ്മ പറഞ്ഞു.
🔳രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇനി ഓര്മ. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരച്ചടങ്ങുകള്‍ സമ്പൂര്‍ണസൈനിക ബഹുമതികളോടെ, ദില്ലി ബ്രാര്‍ സ്ക്വയറില്‍ നടന്നു. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍.
🔳ഊട്ടിയിലെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് സന്ദേശം ലഭിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സ്കൂളില്‍ പൊതുദര്‍ശനം നടത്തിയതിന് പിന്നാലെ വീട്ടുവളപ്പില്‍ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.
🔳ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം മുതല്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ രക്തസമ്മര്‍ദത്തില്‍ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.
🔳കൊവിഡ് വാക്സീന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്നതില് ഐസിഎംആര്‍ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പത് മാസത്തിന് ശേഷം അടുത്ത ഡോസ് നല്‍കണം എന്ന് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം.
🔳രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, നീതി ആയോഗ് അംഗം വി കെ പോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതുവരെ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ആണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ ഗുരുതര ലക്ഷണങ്ങള്‍ ഇല്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
🔳മഹാരാഷ്ട്രയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ധാരാവിയില്‍ നിന്നാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടാന്‍സാനിയയില്‍ നിന്ന് എത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഇത് വരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര് രോഗമുക്തരായി കഴിഞ്ഞു. രണ്ട് പേര് ആശുപത്രി വിടുകയും ചെയ്തു.
🔳പോരാട്ടത്തിന്റെ ഭൂമികയില്‍ നിന്ന് സ്വന്തം മണ്ണിലേക്ക് കര്‍ഷകര്‍ മടങ്ങുന്നു. ദില്ലി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.
🔳സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.
🔳അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.
🔳സര്‍ക്കാറിന്റെ മുന്നറിയിപ്പുകള്‍ തള്ളി സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ അത്യാഹിത സേവനങ്ങള്‍ ബഹിഷ്കരിച്ചുള്ള സമരം തുടങ്ങി. കാഷ്വാലിറ്റിയിലടക്കം സീനിയര്‍ ഡോക്ടര്‍മാരെ വെച്ച് കുറവ് നികത്താന്‍ മെഡിക്കല്‍ കോളേജുകള്‍ ശ്രമം തുടങ്ങി. പരമാവധി ഉറപ്പുകള്‍ അംഗീകരിച്ചെന്നും, രോഗികളെ വെല്ലുവിളിക്കരുതെന്നും സമരക്കാരോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാന്‍ ഉടന്‍ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
🔳അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകള്‍ക്കെതിരായ പരാമര്‍ശത്തില്‍ കേരള ഹൈക്കോടതി പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ പരാതിയുമായി വിമുക്ത ഭടന്മാര്. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പിനാണ് വിമുക്തമ ഭടന്മാര് കത്ത് നല്‍കിയത്. മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. എജി രശ്മിതയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാരുടെ കത്ത്.
🔳മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന് അലി അക്ബര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ലെന്ന് പറഞ്ഞ അലി അക്ബര്‍ മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേരും മാറ്റി. ‘രാമസിംഹന്’ എന്നാണ് അലി അക്ബറിന്റെ പുതിയ പേര്.
🔳കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുളള പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതൃത്വം. റാലിയില്‍ പ്രസംഗിച്ച ചിലര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ തളളിക്കളയുന്നതായും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
🔳നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്കെതിരായ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം വിവാദമാകുന്നു. കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട് എന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ അന്‍വര്‍ സാദത്ത് എം.എല്‍.എ. രംഗത്തെത്തി. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹവും ഈ രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ എം.എല്‍.എ തീവ്രവാദി ബന്ധം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് സര്‍ക്കാരിന്റെ അറിവോടുകൂടി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
🔳സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് . പോക്സോ കേസുകളുടെ അന്വഷണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന എസ്പി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അനില്‍ കാന്ത് ഈ നിര്‍ദ്ദേശം നല്‍കിയത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.