സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം!

സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം!

🔳സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ക്ലിഫ് ഹൗസ് സുരക്ഷ അവലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചു. വിവിഐപികളുടെയും വിഐപികളുടെയും സുരക്ഷ ഏകോപനത്തിനായി ഒരു എസ്പിയുടെ പ്രത്യേക തസ്തികയും ഉണ്ടാക്കും.

🔳രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍. മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം 10 പേരാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയില്‍ നിന്നെത്തിയ 37 കാരനുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി.

🔳രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ,പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും കുട്ടികള്‍ക്കുള്ള വാക്സീനേഷന്‍ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു.

🔳ഇന്ത്യയും റഷ്യയും കൊവിഡിനെ ഒന്നിച്ച് നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൊവിഡ് ബാധിച്ചില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്നും നരേന്ദ്രമോദി ദില്ലിയില്‍ പറഞ്ഞു.

🔳കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം വൈകുന്നതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെയാണ് കോടതി വിമര്‍ശിച്ചത്. 37,000 പേര്‍ അപേക്ഷിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ ഒരാള്‍ക്ക് പോലും സഹായ ധനം നല്‍കിയിട്ടില്ലെന്നത് നിരാശാജനകമാണ് എന്നും കോടതി പറഞ്ഞു. അപേക്ഷകളുടെ എണ്ണം കുറവാണ് എന്ന് നിരീക്ഷിച്ച കോടതി, സഹായധനം ലഭിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രചാരണം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

🔳വിവാദങ്ങള്‍ക്കിടയിലും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതിക്ക് റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിനായി റെയില്‍വേയും കെ റെയിലും സംയുക്തപരിശോധന നടത്തും. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത്. അതിരടയാളകല്ലുകള്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധം തുടരുമ്പോഴാണ് റെയില്‍വേഭൂമിയില്‍ അതിരടയാളകല്ലുകളിടാന്‍ തീരുമാനിച്ചത്.

🔳ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു.

🔳മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നല്‍കും. ഇക്കാര്യത്തില്‍ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും ജല വിഭവ മന്ത്രി വ്യക്തമാക്കി.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ എംഎം മണി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത ആളാണെന്നും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നുമാണ് എംഎം മണിയുടെ വിമര്‍ശനം. ”കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോള്‍ സമരമിരിക്കുന്ന എംപിയും വി ഡി സതീശനും വീട്ടില്‍ പോയിരുന്നു സമരം ചെയ്താല്‍ മതിയെന്നും എംഎം മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയില്‍ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും തമിഴ്നാട് സര്‍ക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്നും എംഎം മണി പറഞ്ഞു.

🔳പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി പിന്തുണ പ്രഖ്യാപിച്ച് സിപിഎം. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. അറസ്റ്റ് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

🔳വഖഫ് ബോര്‍ഡ് നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചര്‍ച്ചയ്ക്ക് എത്തുക. 11 മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. വഖഫ് നിയമനം പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നതാണ് സമസ്തയുടെ ആവശ്യം.

🔳ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ പേരില്‍ എയര്‍പോര്‍ട്ടുകളില്‍ പകല്‍കൊള്ള നടത്തുകയാണെന്ന് ടി എന്‍ പ്രതാപന്‍ എം പി. സാധാരണ ആര്‍ ടി പി ആര്‍ ടെസ്റ്റ് ചെയ്യാന്‍ വേണ്ടതിന്റെ നാലും അഞ്ചും ഇരട്ടിയാണ് എയര്‍പോര്‍ട്ടുകളില്‍ ഈടാക്കുന്നതെന്നും ടി.എന്‍.പ്രതാപന്‍ ആരോപിച്ചു.

🔳പിങ്ക് പൊലീസ് കേസില്‍ അതി രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. അതിനിടെ കേസില്‍ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി.

🔳പിങ്ക് പൊലീസ് കേസില്‍ പൊലീസുകാരിയുടെ മാപ്പ് സ്വീകരിക്കില്ലെന്ന് അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അഭിപ്രായമെന്നും ജയചന്ദ്രന്‍ പ്രതികരിച്ചു.

🔳കേരളത്തിലെ മഹിള കോണ്‍ഗ്രസ് അധ്യക്ഷയായി ജെബി മേത്തറെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്റിന് വേണ്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ച ലതികാ സുഭാഷ് ഒഴിച്ചിട്ട സ്ഥാനമാണ് മാസങ്ങള്‍ക്കു ശേഷം ജെബിക്കു ലഭിക്കുന്നത്.

🔳വന്യ മൃഗങ്ങളുടെ അക്രമണം ബാധിക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം വന്യ മൃഗങ്ങളുടെ അക്രമണത്താല്‍ ജീവന്‍ നഷ്ടമാവുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, വനാതിര്‍ത്തിക്ക് പുറത്ത് പാമ്പ് കടിയേറ്റ് മരണമടയുന്നവരുടെ കുടുംബത്തിന് 2 ലക്ഷവും, അക്രമണങ്ങളില്‍ പരിക്ക് പറ്റുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും, വിളകളുടെ നാശനഷ്ടങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നല്‍കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

🔳നാഗാലാന്‍ഡ് വെടിവയ്പ്പില്‍ പ്രതിഷേധം കനക്കുന്നതിനിടെ കോണ്‍ഗ്രസ് സംഘം സംസ്ഥാനത്തേക്ക്. നാലംഗ സംഘം നാഗാലാന്‍ഡ് സന്ദര്‍ശിക്കും. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാന്‍ഡിന്റെ ചുമതലയുള്ള അജോയ് കുമാര്‍ ഗൗരവ് ഗൊഗോയി എന്നിവരോടൊപ്പം ആന്റോ ആന്റണി എംപിയും സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സമിതി സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.

🔳ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു. ഗാസിയബാദിലെ ദസ്‌നദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി യതി നരസിംഹാനന്ദാണ് മതം മാറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പേരിലാകും ഇനി റിസ്വി അറിയപ്പെടുകയെന്ന് നരസിംഹാനന്ദ് പറഞ്ഞു.

🔳അമേരിക്കയ്ക്ക് എതിരെ അതിരൂക്ഷവിമര്‍ശനവുമായി റഷ്യ. ഇന്ത്യ – റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാന്‍ ശ്രമിച്ചെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്‌റോവ് പറഞ്ഞു. അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് മേലെ സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ ആരില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങണം എന്ന കാര്യത്തില്‍ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!